പത്തിരിപ്പാല (പാലക്കാട്) ∙ നാലു വർഷം മുൻപ് വൃക്കരോഗം ബാധിച്ച അമ്മയുടെ ചികിത്സ വഴിമുട്ടി നിൽക്കുമ്പോൾ 9 വയസ്സുകാരനായ മകനും രോഗഭീതിയിൽ. മങ്കര കണ്ണമ്പരിയാരം കോട്ട ലക്ഷംവീടു കോളനിയിൽ ആര്യനിലയത്തിൽ അനിത (36), മകൻ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ആര്യൻ എന്നിവരാണു ചികിത്സയ്ക്കു സുമനസ്സുകളുടെ സഹായം തേടുന്നത്. ഓട്ടോ ഡ്രൈവറായ ഭർത്താവ് മുരളി ചികിത്സയ്ക്കു തുക കണ്ടെത്താൻ കഴിയാതെ നെട്ടോട്ടമോടുകയാണ്.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അനിത ഡയാലിസിസ് അടക്കമുള്ള ചികിത്സ നടത്തിയിരുന്നത്. മാസങ്ങളായി മരുന്നു മുടങ്ങിയിരിക്കുകയാണ്. ന്യൂമോണിയ ബാധിച്ചിരുന്ന മകന് ഇപ്പോൾ ശ്വാസകോശത്തിൽ തകരാറാണ്. ആസ്മയും ഉണ്ട്. ജില്ലാ ആശുപത്രിയിലാണു ചികിത്സ തുടരുന്നത്. സ്വന്തമായി സ്ഥലവും വീടുമില്ലാത്ത ഇവർ അനിതയുടെ അച്ഛന്റെ മൂന്നു സെന്റ് സ്ഥലത്തെ ഒറ്റമുറി കൂരയിലാണു താമസിക്കുന്നത്.
സിമന്റ് കട്ടകൾ കൊണ്ടു 15 വർഷം മുൻപ് നിർമിച്ച വീടിനു ജനൽപാളിയോ വാതിലോ ഇല്ല. ശുചിമുറി, കിണർ എന്നിവയും ഇല്ല. മങ്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസിലാണു മൂത്ത മകൾ ആര്യ പഠിക്കുന്നത്. ടിവിയും കേബിളും ഇല്ലാത്തതിനാൽ ഓൺലൈൻ പഠനവും മുടങ്ങി. എസ്ബിഐ മങ്കര ബ്രാഞ്ചിൽ അനിതയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്:
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
- എസ്ബിഐ, മങ്കര ബ്രാഞ്ച്
- അക്കൗണ്ട് നമ്പർ: 32980596870
- IFSC Code: SBIN0002237
- ഫോൺ: 9961510806