ADVERTISEMENT

കൊല്ലം ∙ സ്നേഹിച്ചു തീരും മുൻപേ അമ്മയെ മരണം കൊണ്ടു പോയപ്പോഴും ചെറുപ്രായത്തിൽ അച്ഛൻ ഉപേക്ഷിച്ചിട്ടു പോയപ്പോഴും തളരാത്ത സുബീഷ് ഇപ്പോൾ കിതയ്ക്കുന്ന കടുത്ത രോഗങ്ങൾക്കു മുന്നിലാണ്. കണ്ണനല്ലൂർ, ചെരുവിള പുത്തൻവീട്ടിൽ വി.ആർ.സുബീഷ് (34) എന്ന ഈ യുവാവ് ഇപ്പോൾ പെടാപാടു പെടുന്നതു സ്വന്തം ജീവൻ നിലനിർത്താനാണ്. ചെറുപ്പകാലം മുതലുള്ള ശാരീരിക പ്രശ്നങ്ങളെത്തുടർന്നു വൃക്ക രോഗം മൂർച്ഛിച്ചതോടെ കഴിഞ്ഞ നാലു വർഷത്തോളമായി ഡയാലിസിസ് ചെയ്താണ് ഈ യുവാവ് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്. നാലാം വയസിൽ പ്രമേഹം ബാധിച്ചതോടെയാണു ജീവിതം കീഴ്മേൽ മറിഞ്ഞത്.

 

 രോഗം പാൻക്രിയാസിനെയും പിന്നീട് കണ്ണുകളെയും ബാധിച്ചു. അമ്മയുടെ സഹോദരിയാണിപ്പോൾ സുബീഷിനെ പരിചരിക്കുന്നത്. 2008ലാണു രോഗം വൃക്കകളെ ബാധിച്ചതറിയുന്നത്. ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് വേണം. വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് ഇനി പരിഹാരം. വൃക്ക ലഭിക്കാൻ വഴികൾ തുറന്നെങ്കിലും ഭീമമായ ചികിൽസാ ചെലവ് ഈ കുടുംബത്തിനു താങ്ങാനാവില്ല. സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത ഇവർ വാടക വീട്ടിലാണു താമസം. ശസ്ത്രക്രിയയ്ക്കും തുടർ ചികിൽസകൾക്കുമായി 20 ലക്ഷത്തോളം രൂപ വേണമെന്നാണു ഡോക്ടർമാർ അറിയിച്ചത്. 

 

പ്രമേഹം മൂർച്ഛിതിനാൽ കാലു മുറിച്ചു മാറ്റേണ്ട അവസ്ഥയും. വീടിന്റെ വാടകയും ദൈനംദിന ചെലവുകളും മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഇത്ര വലിയ തുക സ്വപ്നം കാണാൻ പോലും കഴിയുന്നില്ല. സഹോദരൻ ഓട്ടോ ഓടിച്ചും മറ്റും ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണു കുടുംബാംഗങ്ങൾ പട്ടിണി കൂടാതെ കഴിയുന്നത്. ഇനി കരുണയുള്ളവരുടെ കൈത്താങ്ങിലാണ് ഈ യുവാവിന്റെ പ്രതീക്ഷ. 

 

ചികിൽസാ ധനശേഖരണത്തിനായി എസ്ബിഐ ബിഷപ് ജെറോം നഗർ ശാഖയിൽ വി.ആർ.സുബീഷ് എന്ന പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ – 673004 80261. ഐഎഫ്എസ്‌സി – SBIN0070054. ഫോൺ: 96337 24833

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com