ADVERTISEMENT

തൊടുപുഴ ∙  അപ്രതീക്ഷിത വില്ലനായി ജീവിതത്തിലേക്കു കടന്നുവന്ന അർബുദം നിതിന്റെ ഇടം കൈ കവർന്നെടുത്തു... എങ്കിലും മനസ്സു പതറാതെ, അതിജീവനത്തിനായുള്ള പോരാട്ടത്തിലാണു നിതിൻ. സുമനസ്സുകളുടെ കൈത്താങ്ങ് കൂടിയുണ്ടെങ്കിൽ നിതിനു ജീവിതത്തിലേക്കു തിരികെയെത്താം. തുടർ ചികിത്സയ്ക്കും കൃത്രിമ കൈ വയ്ക്കുന്നതിനും സഹായം തേടുകയാണു കുമാരമംഗലം പെരുമ്പിള്ളിച്ചിറ കടുവാക്കുഴിയിൽ നിതിൻ.കെ. തങ്കപ്പൻ (24) എന്ന നിർധന യുവാവ്. 

 

3 മാസം മുൻപു ഇടതു കയ്യിൽ മുട്ടിനു താഴെയായി ചെറിയ കല്ലിപ്പ് പോലെ വന്നതായിരുന്നു തുടക്കം. ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും നിസ്സാര പ്രശ്‌നമാണെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. പക്ഷേ, പിന്നീട് വേദന അസഹനീയമായി മാറി. ഇതോടെ, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കാൻസർ ആണെന്നു തിരിച്ചറിഞ്ഞത്. തുടർന്നു മലബാർ കാൻസർ സെന്ററിൽ ചികിത്സ ആരംഭിച്ചു. ഒരാഴ്ച മുൻപ് ചികിത്സയുടെ ഭാഗമായി ഇടതു കൈ മുറിച്ചു മാറ്റി. തുടർ ചികിത്സയ്ക്കും കൃത്രിമ  കൈ വയ്ക്കുന്നതിനും ലക്ഷങ്ങൾ വേണ്ടിവരും. 

 

ശാരീരിക അവശതകൾ മൂലം നിതിന്റെ അച്ഛനും അമ്മയ്ക്കും ജോലിക്കൊന്നും പോകാൻ കഴിയാത്ത സ്ഥിതിയാണ്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയുമൊക്കെ സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ തടസ്സമില്ലാതെ നടത്താനായത്. തുടർ ചികിത്സയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നത് ഈ നിർധന കുടുംബത്തിനു മുന്നിൽ ചോദ്യ ചിഹ്നമാകുകയാണ്. സുമനസ്സുകളുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. നിതിൻ.കെ. തങ്കപ്പന്റെ പേരിൽ യൂണിയൻ ബാങ്ക് കുമാരമംഗലം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 

 

അക്കൗണ്ട് നമ്പർ : 445402010012260, ഐഎഫ്എസ്‌സി കോഡ് : യുബിഐഎൻ 0544540.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com