ഇനി മനസിനു പോരാടാനാകില്ല, വിജയൻ വിധിക്കു കീഴടങ്ങുകയാണ്

വിജയൻ ആശുപത്രിയിൽ
SHARE

പാലാ∙ രോഗം വരുന്നവരെ കാണാൻ ചെല്ലുമ്പോൾ നമ്മൾ പറയാറുണ്ട്. മനസിന് കരുത്തു ചോരരുത്. എല്ലാ അസുഖങ്ങളും മാറും. യഥാർഥ മരുന്ന് മനസിന്റെ ശക്തിയാണ്. എന്നൊക്കെ. പക്ഷേ രോഗം ഒന്നൊന്നായി വിടാതെ കൂടിയാലോ എത്രകാലം ഒരു മനസിന്റെ ശക്തി ചോർന്നുപോകാതെ നിൽക്കും.  പാലാ പുലിയന്നൂർ സ്വദേശി കെ.എസ്. വിജയൻ 10 വർഷമായി മനസിന്റെ മാത്രം കരുത്തിൽ രോഗങ്ങളോട് പടവെട്ടുന്നു. മനസിന് കരുത്തു ചോരാതെ നിർത്തുന്നത് മറ്റൊന്നുമല്ല, പറക്കമുറ്റാത്ത തന്റെ മകളും മകനും താൻ ഇല്ലാതൊയാൽ എങ്ങനെ ജീവിക്കും എന്ന ചിന്തയാണ് ഒരു പോരാളിയുടെ മനസ് വിജയന് നൽകിയത്. 

പെയിന്റിങ് തൊഴിലാളിയായിരുന്നു വിജയൻ. നിറം മങ്ങിയ ചുമരുകൾക്കു നിറം നൽകുന്നയാൾ. ഇപ്പോൾ വിജയന്റെ ജീവിതത്തിനു നിറം മങ്ങിയെന്നു മാത്രമല്ല, എങ്ങും കട്ട പിടിച്ച ഇരുട്ടു മാത്രം.  ജോലി ചെയ്തുക്കൊണ്ടിരിക്കുമ്പോഴാണു രക്തസമ്മർദം കൂടി തളർന്നു വീണത്. എംആർഐ സ്കാനിങ് റിപ്പോർട്ട് വന്നപ്പോൾ വിജയൻ വീണ്ടും തളർന്നു. ഇനി ഒരിക്കലും ജോലി ചെയ്യാനാകാത്ത വിധം സുഷുമ്നാ നാഡിക്കു തകരാർ സംഭവിച്ചിരിക്കുന്നു. കൈകൾ ചലിപ്പിക്കാൻ സാധിക്കുന്നില്ല. കഴുത്തിന്റെ ഡിസ്കുകൾ അകലുന്നു. പെയിന്റിങ് ജോലി കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ശ്രമിച്ച അയാളുടെ മുന്നിൽ ഉപജീവനം ഒരു ചോദ്യചിഹ്നമായി മാറുകയായിരുന്നു. തുച്ഛമായ വേതനം മാത്രമുള്ള ഭാര്യ, രണ്ടാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ടു മക്കൾ. അവരുടെ വിശപ്പിന്റെ നിലവിളികൾ, പഠിക്കാനുള്ള ആഗ്രഹം. 75 വയസ്സു കഴിഞ്ഞ അമ്മ. അന്നന്നത്തെ ആഹാരം മാത്രം കണ്ടെത്തിയിരുന്ന സമ്പാദ്യങ്ങളൊന്നുമില്ലാത്ത ഒരു കുടുംബത്തിന്റെ നട്ടെല്ലൊടിഞ്ഞു. 

ദുരന്തങ്ങളുടെ ഘോഷയാത്ര

ഒരാഴ്ചയ്ക്കുള്ളിൽ വിജയനു കടുത്ത തലവേദന പിടിപ്പെട്ടു. വലതു വശത്തിനു മരവിപ്പും. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയന്റെ സിടി സ്കാൻ റിപ്പോർട്ട് ആ കുടുംബത്തിനു താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു. തലയിലേക്കുള്ള പ്രധാന ഞരമ്പുകളിൽ രക്തം കട്ട പിടിക്കുന്ന അസുഖവും വിജയനെ ബാധിച്ചു തുടങ്ങിയിരുന്നു. പിന്നീട് മെഡിക്കൽ കോളജിൽ ആഴ്ചകൾ നീണ്ട ചികിത്സ. ആശുപത്രിയിൽ നിന്നു തിരിച്ചെത്തി ആഴ്ചകൾക്കകം വിജയൻ വീണ്ടും അബോധാവസ്ഥയിൽ. പാലാ ഗവൺമെന്റ് ആശുപത്രിയിൽ വിജയനെ പ്രവേശിപ്പിച്ചു. ഹൃദയസ്തംഭനമായിരുന്നു. പാലാ ഗവൺമെന്റ് പാലാ ഗവൺമെന്റ് ആശുപത്രിയിൽ നിന്നു വീണ്ടും മെഡിക്കൽ കോളജിലേക്ക്. ആൻജിയോഗ്രാം പരിശോധനയിൽ വിജയന്റെ ഹൃദയത്തിൽ മൂന്നു ബ്ലോക്കുകൾ കണ്ടെത്തി. അതിൽ ഒരു ബ്ലോക്ക് 95 ശതമാനത്തിലും കൂടിയതായിരുന്നതിനാൽ നാട്ടുകാരുടെ സഹായത്തോടെ മരിയൻ മെഡിക്കൽ സെന്ററിൽ വെച്ച് ആൻജിയോപ്ലാസ്റ്റി ചെയ്തു. ഓപ്പറേഷന്റെയും മരുന്നുകളുടെയും ചിലവ് നാട്ടുകാർ വഹിച്ചു. ഭക്ഷണം വാങ്ങാൻ നിവൃത്തിയില്ലാതിരുന്ന വിജയനും കുടുംബത്തിനും ഒരു ഓപ്പറേഷനെക്കുറിച്ച് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല. 

ഓപ്പറേഷൻ കഴിഞ്ഞെങ്കിലും എണീറ്റു നടക്കാനോ ജോലി ചെയ്യാനോ വിജയനു കഴിയുന്നില്ല. വീട്ടു ചെലവിനു പോലും ഭാര്യയുടെ ചെറിയ വരുമാനം തികയാതെ വരുമ്പോൾ തുടർ ചികിത്സയെയും മരുന്നുകളെയും കുറിച്ച് ചിന്തിക്കാനുമാകുന്നില്ല ഈ കുടുംബനാഥന്. മൂന്നു സെന്റ് സ്ഥലവും ഒരു കൊച്ചു വീടും മാത്രമാണ് വിജയന്റെ ആകെയുള്ള സമ്പാദ്യം. 2 വർഷമായി എഴുന്നേറ്റ് നടക്കാൻ പറ്റുമെന്നായിരുന്നു. വീടിനുള്ളിൽ തന്നെ മെല്ലെ നടക്കും. കഴിഞ്ഞമാസം അതിനും അവസാനം കുറിച്ചു. വീടിനുള്ളിൽ വീണ് നട്ടെല്ലിനും ഇടുപ്പിനും ക്ഷതമുണ്ടായി കാല് ഒടിയുകയും ചെയ്തു. 

സുമസ്സുകൾ ഒരു കൈ നീട്ടിയാൽ രണ്ടു ബ്ലോക്കുകൾ കൂടി നീക്കം ചെയ്യാനും ഇപ്പോഴുള്ള ചികിൽസയ്ക്കു പണം കണ്ടെത്താനുമാകും.  സമയത്തു മരുന്നു കഴിച്ചാൽ വിജയന് ജീവിതത്തിലേക്ക് തിരിച്ചുവരാനാകും.  പല ദിവസങ്ങളിലും വിശന്നു തളർന്നുറങ്ങുന്ന കുഞ്ഞുങ്ങളുടെ വയറു നിറയുന്നതു കാണാനാകും. വിജയനെ സഹായിക്കാൻ താൽപര്യമുള്ളവർക്കായി  അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ– 67803437236

ഐഎഫ്എസ്‌സി– എസ്ബിഐഎൻ0071186

ഫോൺ– 8086535943

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം ജയസൂര്യ നോ പറഞ്ഞു, പകരം മറ്റൊരു നടനെത്തി: പക്ഷേ ഒടുവിൽ ? Renjith Shankar Interview

MORE VIDEOS
FROM ONMANORAMA