ADVERTISEMENT

നാലംഗ കുടുംബത്തിലെ 3 പേരും അസുഖ ബാധിതരായിട്ടും ചക്രക്കസേരയിൽ ഇരുന്ന് കാൽനൂറ്റാണ്ടായി ജീവിത പ്രാരാബ്ദങ്ങളോടു പടവെട്ടുന്ന കട്ടപ്പന വാഴവര വടശേരിൽ സണ്ണി അഗസ്റ്റിന്(57) പണമാണ് ഇപ്പോൾ വെല്ലുവിളി. വാഹനാപകടത്തിൽ പരുക്കേറ്റ സണ്ണിയുടെയും ഓട്ടിസം ബാധിച്ച മകന്റെയും പ്രമേഹവും കാഴ്ചക്കുറവുമുള്ള ഭാര്യയുടെയും മരുന്നിന് മാത്രം മാസം 10,000 രൂപ വേണം. 

 

അതിനിടെയാണ് സണ്ണിയുടെ ശരീരത്തിൽ അണുബാധ ഉണ്ടായത്. യൂറിനറി ബ്ലാഡർ നീക്കം ചെയ്‌തെങ്കിൽ മാത്രമേ അണുബാധയ്ക്ക് പരിഹാരം കാണാൻ പറ്റുകയുള്ളെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അതിനായി 3 ലക്ഷം രൂപയോളം കണ്ടെത്തണം. 2 വർഷം മുൻപ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് 5 ലക്ഷം രൂപ കണ്ടെത്തി ചികിത്സിച്ചാണ് ജീവിതത്തിലേക്ക് മടങ്ങി വന്നത്. ഇനിയുള്ള ചികിത്സയ്ക്ക് എവിടെ നിന്ന് പണം കണ്ടെത്തുമെന്ന് അറിയാതെ ബുദ്ധിമുട്ടുകയാണ് ഇദ്ദേഹം.

 

വർഷങ്ങൾക്കു മുൻപ് ഉപ്പുതറയിലെ കണ്ണംപടിയിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. 1997 ജൂലൈ 1ന് വീട്ടിലേക്കു യാത്ര ചെയ്യുന്നതിനിടെ മഴയത്ത് ജീപ്പ് തെന്നിമാറി കൊക്കയിലേക്ക് പതിച്ചാണ് സണ്ണിയുടെ അരയ്ക്കു കീഴ്‌പ്പോട്ടുള്ള ചലനശേഷി നഷ്ടപ്പെട്ടത്. അപകടം സംഭവിച്ചതിനു ലഭിച്ച നഷ്ട പരിഹാര തുക ഉൾപെടെ ചിലവഴിച്ച് ചികിത്സ നടത്തി. 

 

ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യാർഥമാണ് 2 മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തോടൊപ്പം കട്ടപ്പനയിലേക്ക് താമസം മാറിയത്. ഇതിനിടെ ഭാര്യയെ പ്രമേഹം ഉൾപെടെയുള്ള രോഗങ്ങൾ അലട്ടാൻ തുടങ്ങി. കാഴ്ചക്കുറവും അനുഭവപ്പെടുന്നതിനൊപ്പം ഇടയ്ക്കിടെ ബോധക്ഷയവും സംഭവിക്കുന്നു. ഓട്ടിസം ബാധിച്ച മകന്റെ എല്ലാ കാര്യങ്ങൾക്കും ഒരാൾ ഒപ്പം വേണം. കോട്ടയത്തെ സ്‌പെഷ്യൽ സ്‌കൂളിന്റെ സംരക്ഷണയിലായിരുന്ന മകനെ കൊറോണ വ്യാപനത്തെ തുടർന്ന് ഒന്നര വർഷം മുൻപ് വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു. പെൻഷൻ തുക മാത്രമാണ് ഇവരുടെ ഏക വരുമാന മാർഗം. മകൾ ഉപരി പഠനം നടത്തി വരുകയാണ്.

 

ചികിത്സക്ക് പണം കണ്ടെത്താൻ സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സണ്ണിയും കുടുംബവും. സണ്ണിയുടെ പേരിൽ കട്ടപ്പന എസ്ബിഐ ശാഖയിൽ 5705 0644 239 എന്ന നമ്പരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐഎഫ്എസ് സി കോഡ് എസ്ബിഐഎൻ0070698. ഫോൺ: 9605719192.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com