ADVERTISEMENT

കൊച്ചി∙ ആറു വര്‍ഷം മുമ്പുണ്ടായ ഒരു വാഹനാപകടത്തില്‍ കുടുംബ നാഥന്‍ കിടപ്പിലായതോടെ ദുരിതത്തിലായി രണ്ടു മക്കളും അമ്മയുമടങ്ങുന്ന കുടുംബം. ഏലൂര്‍ എഫ്എസിടി വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ചേരാനല്ലൂര്‍ സ്വദേശി ബാബുവിന്റെ കുടുംബമാണ് ഒരു നേരത്തെ ഭക്ഷണത്തിനു പോലും പ്രയാസപ്പെടുന്ന സാഹചര്യമുള്ളത്. വാടക നല്‍കുന്നതിനും മക്കളുടെ പഠനത്തിനുമെല്ലാം ദുരിതത്തിലായ ഇവര്‍ക്ക് സമീപ വാസികളും കുട്ടികളുടെ അധ്യാപകരുമെല്ലാമാണ് സ്‌നേഹ ഹസ്തം നീട്ടുന്നത്. എന്നാല്‍ ഇത് എത്രനാള്‍ തുടരുമെന്നറിയാതെ സങ്കടപ്പെടുകയാണ് ശ്രീകല ബാബു. 

 

കുടുംബത്തിന്റെ അത്താണിയായിരുന്ന ബാബുവിന് കണ്ടെയ്‌നര്‍ റോഡില്‍ സൈക്കിളില്‍ പോകുമ്പോള്‍ ഉണ്ടായ അപകടമാണ് എല്ലാത്തിന്റെയും താളം തെറ്റിച്ചത്. ടൈല്‍ പണിക്കാരനായിരുന്ന ഇദ്ദേഹം. ഇടിച്ചിട്ട വാഹനം ഏതാണെന്നറിയാതെ വഴിയില്‍ കണ്ട ആരോ ഒരാള്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തലച്ചോറിനേറ്റ ക്ഷതം ഓര്‍മയെ ബാധിക്കുകയും കിടപ്പിലായി പോകുകയുമായുമായിരുന്നു. ഇതിനകം നിരവധി ശസ്ത്രക്രിയകള്‍ക്കു വിധേയനായി. ചികിത്സ പൂര്‍ത്തിയായി എഴുന്നേറ്റു നടന്നു തുടങ്ങുമ്പോള്‍ ആറു മാസത്തിനകം തന്നെ തലയോട്ടി തിരികെ സ്ഥാപിക്കാന്‍ എടുത്ത് ആശുപത്രിയിലെ ഫ്രീസറില്‍ വച്ചിരിക്കുകയാണെന്ന് ശ്രീകല പറയുന്നു. 

 

ഇടയ്ക്ക് ചെറുതായി എഴുന്നേറ്റു നടന്നു തുടങ്ങിയെങ്കിലും കണ്ണിനു കാഴ്ച നഷ്ടമായി. ആളുകളെ ഉപദ്രവിക്കാനും തുടങ്ങി. ഓര്‍മ വരുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കും. ഓര്‍മയില്ലാത്തപ്പോള്‍ അടുത്തു ചെല്ലുന്നവരെ കടിക്കുകയും മറ്റും ചെയ്യും. ഡോക്ടര്‍മാരെ പോലും ആക്രമിക്കുന്ന സാഹചര്യമാണുള്ളത്. ഭര്‍ത്താവിനെയും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയും നോക്കേണ്ടിയിരുന്നതിനാല്‍ ജോലിക്കു പോകാനും സാധിച്ചിട്ടില്ല. അപകടം സംബന്ധിച്ച വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് കിട്ടിയ ചില സാമ്പത്തിക സഹായങ്ങള്‍ കൊണ്ടാണ് ഇതുവരെയും കഴിഞ്ഞത്. വാടക കൊടുക്കാനും മറ്റും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ചെറിയ സഹായങ്ങളുണ്ടായി. 

 

ഭര്‍ത്താവിന്റെയും സഹോദരന്റെയും പേരില്‍ രണ്ടര സെന്റ് ഭൂമിയുണ്ടായിരുന്നെങ്കിലും കണ്ടെയ്‌നര്‍ റോഡിനു സ്ഥലമെടുത്തപ്പോള്‍ അതു നഷ്ടമായി. അതിനു പകരം തന്ന ഭൂമി ഇപ്പോള്‍ സഹോദരന്റെ കൈയ്യിലാണ്. വീടു വയ്ക്കാന്‍ ആ ഭൂമി വിട്ടു നല്‍കില്ല. ഇതിനിടെ കളമശേരി എംഎല്‍എ ആയിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് വീടുവയ്ക്കാന്‍ സഹായിക്കാമെന്നു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അദ്ദേഹം കേസില്‍പെട്ടതോടെ മറ്റും ചെയ്തതോടെ അതു മറന്നു. കഴിഞ്ഞ വര്‍ഷം വരെ റേഷന്‍ കാര്‍ഡു പോലുമില്ലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ അതു കിട്ടിയത് ഏറെ ആശ്വാസമായിട്ടുണ്ട്. 

 

ദുരിതമറിഞ്ഞ് പലരും എത്തി സഹായം വാഗ്ദാനം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. മാസം അയ്യായിരം രൂപ വീതം അക്കൗണ്ടിലേയ്ക്കു തരാമെന്നു പറഞ്ഞവരും വാക്കും പാലിച്ചില്ല. ആരെങ്കിലും സഹായിച്ച് ഒരു വീടു കിട്ടിയാല്‍ വാടക കൊടുക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്നു ശ്രീകല പറയുന്നു. മക്കളെ പഠിപ്പിക്കുന്നതിനും ഏറെ കഷ്ടപ്പെടുന്നുണ്ട് ശ്രീകല ബാബു. 

 

ഫോണ്‍: 9946268801

ശ്രീകലയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍: 36895392569

IFSC code: SBIN0070158

MICR: 682002926

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com