ADVERTISEMENT

ഷൊർണൂർ∙ സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) എന്ന അപൂർവ ജനിതക രോഗത്തിൽ നിന്ന് ഒന്നര വയസ്സുകാരി ഗൗരി ലക്ഷ്മിയെ രക്ഷിക്കാൻ തീവ്രശ്രമത്തിലാണു മാതാപിതാക്കളും നാട്ടുകാരും. പാലക്കാട് ഷൊർണൂർ സ്വദേശി കള്ളിപ്പാടം കുന്നത്ത് വീട്ടിൽ ലിജുവിന്റെയും നിതയുടെയും മകൾ ഗൗരി ലക്ഷ്മിക്ക് ഇരിക്കാനോ നടക്കാനോ കഴിയാതെ വന്നതോടെ ബെംഗളൂരുവിൽ നടത്തിയ  വിദഗ്ധ പരിശോധനയിലാണു രോഗം തിരിച്ചറിഞ്ഞത്. 

പേശികളുടെ ശക്തി തിരിച്ചുകിട്ടാത്ത വിധം ക്രമേണ കുറഞ്ഞു വരുന്നതാണ് സ്പൈനൽ മസ്കുലാർ അട്രോഫി എന്ന രോഗം. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നാണ് രോഗം മാറാനുള്ള ഏക പോംവഴി. രണ്ട് വയസ്സ് തികയുന്നതിനു മുൻപു വിദേശത്തു നിന്നു മരുന്നെത്തിച്ചു ചികിത്സ നൽകണം. 16 കോടി രൂപയാണ് ഇതിനു വരുന്ന ചെലവ്. ഈ നിർധന കുടുംബത്തിന് സ്വപ്നം കാണാൻ പോലും സാധിക്കാത്തതാണ് ഈ തുക. ഭിന്നശേഷിക്കാരനായ ലിജുവിനു സ്വകാര്യ ആശുപത്രിയിലെ ജോലിയിൽ നിന്നുള്ള വരുമാനമാണു കുടുംബത്തിന്റെ ഏക ആശ്രയം. 

ഗൗരിയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താൻ കുടുംബവും നാട്ടുകാരും ജനപ്രതിനിധികളുമടക്കം നെട്ടോട്ടം തുടങ്ങിയിട്ട് ഏറെ നാളായി. സമൂഹമാധ്യമങ്ങൾ വഴിയും റസിഡന്റ്സ് അസോസിയേഷനുകൾ വഴിയുമൊക്കെ സഹായം കണ്ടെത്താനും ശ്രമിക്കുന്നുണ്ട്. നാലു കോടിയോളം രൂപ ഇതിനകം സമാഹരിച്ചു. ഉടൻ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്നാണു ഡോക്ടർമാർ പറയുന്നത്. ഗൗരിയുടെ കളിചിരി തിരിച്ചുകിട്ടാൻ കനിവുള്ള മനുഷ്യരിൽ വിശ്വാസമർപ്പിച്ച് കാത്തിരിക്കുകയാണു ഗൗരിയും മാതാപിതാക്കളും ഒപ്പം നാട്ടുകാരും. 

ചികിത്സയ്ക്കുള്ള മുഴുവൻ തുകയും കണ്ടെത്താൻ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളിയുടെ നേതൃത്വത്തിൽ ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. പി.മമ്മിക്കുട്ടി എംഎൽഎ, ഷൊർണുർ നഗരസഭാധ്യക്ഷൻ എം.കെ.ജയപ്രകാശ്, വി.കെ.ശ്രീകണ്ഠൻ എംപി തുടങ്ങിയവരും പിന്തുണയുമായി ഒപ്പമുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഷൊർണൂർ ശാഖ
∙ അക്കൗണ്ട് നമ്പർ: 40887974408
∙ IFSC: SBIN0070787
∙ Google pay: 9847200415

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com