ADVERTISEMENT

തൃശൂർ ∙ കരഞ്ഞു കാത്തിരിക്കാൻ താരയ്ക്കു സമയമില്ല. അർബുദത്തിനും ജീവിതത്തിനുമിടയിലെ നൂൽപാലത്തിൽ നിൽക്കുന്ന മകൻ അഭയ് ഷിബിന്റെ ജീവൻ കാക്കാൻ ഒരു നിമിഷം പോലും വിശ്രമിക്കാതെ ഓടുകയാണ് ഈ അമ്മ. തന്നെ വേട്ടയാടിയ രോഗം തന്റെ മകന്റെ ജീവിതത്തെയും അപകടത്തില‍ാക്കുന്നതു തടയാൻ താരയ്ക്കു വേണ്ടത് 70 ലക്ഷം രൂപയാണ്.

11 വയസ്സുകാരൻ അഭയിന് മ‍ജ്ജമാറ്റിവയ്ക്കൽ അടക്കം 2 ശസ്ത്രക്രിയകൾക്കു വേണ്ട തുകയാണിത്. കേക്കുകൾ നിർമിച്ചു വിറ്റും സുമനസ്സുകളുടെ സഹായം തേടിയലഞ്ഞും പണം കണ്ടെത്താൻ ശ്രമിക്കുകയാണ് താര. തിയറ്റർ ജീവനക്കാരനായ അച്ഛൻ ഷിബിൻ കരൾരോഗത്തിന്റെ അസ്വസ്ഥകൾക്കിടയിലും പ്രതീക്ഷ വിടാതെ അധ്വാനം തുടരുന്നു. 

കൊല്ലം കിളികൊല്ലൂർ അജ്മൽ മൻസിലിൽ വാടകയ്ക്കു താമസിക്കുന്ന താരയുടെയും ഷിബിന്റെയും ജീവിതം നാളുകളായി രോഗദുരിതത്തിലാണ്. മധ്യപ്രദേശിൽ നഴ്സായി ജോലി ചെയ്തിരുന്ന താരയ്ക്ക് നട്ടെല്ലിലൊരു മുഴയുണ്ടായതിൽ നിന്നാണു ദുരനുഭവങ്ങളുടെ പരമ്പരയ്ക്കു തുടക്കം. ശസ്ത്രക്രിയയിലൂടെ മുഴ നീക്കിയെങ്കിലും ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതി വന്നു. ഏറെ വൈകാതെ അർബുദവും ബാധിച്ചു. നാളുകൾ നീണ്ട ചികിത്സയ്ക്കൊടുവിൽ രോഗം ഭേദമായെങ്കിലും സാമ്പത്തിക സ്ഥിതി നന്നേ ഞെരുക്കത്തിലായി.

cake
അഭയിന്റെ അമ്മ താര വിൽപനയ്ക്കായി ഉണ്ടാക്കിയ കേക്കുകൾ.

വീട്ടുകാരുടെ പിന്തുണ ഇല്ലാതായതോടെ വാടകവീട്ടിലേക്കു താരയും ഷിബിനും അഭയും താമസംമാറി. ഇതിനിടെ ഷിബിന് കരൾ ചുരുങ്ങുന്ന രോഗം പിടിപെട്ടു. രോഗാവസ്ഥയുടെ ബുദ്ധിമുട്ടുകൾ വകവയ്ക്കാതെ തിയറ്ററിലെ ജോലി തുടരുകയാണു ഷിബിൻ. 2 വർഷം മുൻപാണു മകൻ അഭയിന് അർബുദം സ്ഥിരീകരിച്ചത്. ചികിത്സയ്ക്കായി വെല്ലൂരിൽ എത്തിച്ചപ്പോൾ മജ്ജയിലേക്കു രോഗംബാധിച്ചതായി കണ്ടെത്തി.

മജ്ജമാറ്റിവയ്ക്കൽ അടക്കം 2 ശസ്ത്രക്രിയയ്ക്കു പണം കണ്ടെത്താൻ ഓടിനടക്കുന്നതിനിടെ കഴിഞ്ഞ നവംബറിലുണ്ടായ വാഹനാപകടത്തിൽ താരയ്ക്കും ഷിബിനും ഗുരുതര പരുക്കേറ്റു. അന്നു കരളിനേറ്റ ക്ഷതത്തിൽ നിന്ന് ഇന്നും താര മുക്തയായിട്ടില്ല. മകനെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ സുമനസ്സുകൾ കൈകോർക്കുമെന്ന പ്രതീക്ഷയിലാണിവർ. താര ഷിബിന്റെ അക്കൗണ്ട് നമ്പർ: 12730100252723. ഐഎഫ്എസ്‌സി കോഡ്: FDRL0001273. ഉമയനല്ലൂർ ബ്രാഞ്ച്. മൊബൈൽ: 8137965672 (ഈ നമ്പറിൽ ഗൂഗിൾപേ സൗകര്യം ലഭ്യമാണ്). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com