നെടുങ്കണ്ടം∙ നാലു മക്കളും രണ്ടു കൊച്ചുമക്കളും ഉൾപ്പെടെ 6 കുട്ടികളുമായി ജീവിതം വഴിമുട്ടി ഒരമ്മ. ഇടുക്കി പാറത്തോട്ടിലെ കൊച്ചു കൂരയിൽ താമസിക്കുന്ന റീനയെയും കുടുംബത്തെയുമാണ് ഒന്നിനു പിന്നാലെ ഒന്നായി ദുരിതങ്ങൾ വേട്ടയാടുന്നത്. റീനയ്ക്കു നാലു മക്കളാണ്. കൗമാരപ്രായക്കാരായ ആൺകുട്ടിയും പെൺകുട്ടിയും മാനസികവെല്ലുവിളി നേരിടുന്നവരാണ്. വേറെ 2 പെൺകുട്ടികളും. റോഡിൽനിന്ന് 4 കിലോമീറ്റർ ഉള്ളിലാണ് ഇവരുടെ താമസം. ദിവസവും 4 കിലോമീറ്റർ നടന്നു സ്കൂളിൽ പോകാനുള്ള വിഷമം അറിഞ്ഞു സഹായിക്കാൻ വന്ന കുടുംബത്തിലെ മകന് മൂത്തമകളെ വിവാഹം കഴിപ്പിച്ചുകൊടുത്തു. എന്നാൽ അതോടെ അവളുടെ പഠനം മുടങ്ങി. രണ്ട് മക്കൾ ജനിച്ചതോടെ ഭർത്താവ് അവളെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം പോയി. മകളെയും കൊച്ചുമക്കളെയും സംരക്ഷിക്കേണ്ട ചുമതലകൂടി ഇതോടെ കുടുംബത്തിനായി.
കാഴ്ചയില്ലാതെ കൊച്ചുമകൾ
ഇതിനിടെയാണ് 3 വയസ്സുള്ള കൊച്ചുമകൾക്കു കണ്ണിനു കാഴ്ചയില്ല എന്ന സത്യം തിരിച്ചറിയുന്നത്. രണ്ടു കണ്ണിനും ശസ്ത്രക്രിയ വേണമെന്നു എറണാകുളം ഗിരിധർ ആശുപത്രിയിൽ നിന്നറിയിച്ചു. സുമനസ്സുകളുടെ സഹായവും കടം വാങ്ങിയ തുകയും ഉപയോഗിച്ച് ഒരു കണ്ണിന്റെ ശസ്ത്രക്രിയ നടത്തി. ആരോഗ്യം തീരെ മോശമായ കുട്ടിക്കു പ്രത്യേക പരിചരണം നൽകണമെന്നാണു ഡോക്ടർമാർ പറഞ്ഞത്. പക്ഷേ അതിനുള്ള സൗകര്യങ്ങളോ സാമ്പത്തികമോ ഇവർക്കില്ല. അടുത്ത കണ്ണിന്റെ ഓപ്പറേഷനുള്ള സമയം ആയെങ്കിലും അതു ചെയ്യാൻ യാതൊരു നിവൃത്തിയുമില്ല.
രോഗങ്ങൾ, ഒന്നിനു പിന്നാലെ ഒന്നായി
മാനസിക വെല്ലുവിളി നേരിടുന്ന 2 കുട്ടികളാണ് റീനയുടെ മറ്റൊരു വേദന. ഇതിൽ പെൺകുട്ടിയെ പൊന്നുപോലെ കാത്തില്ലെങ്കിൽ ആരെങ്കിലും ഉപദ്രവിക്കുമോ എന്നാണു ഭയം. കാട്ടുവഴിയിലൂടെ ഒറ്റയ്ക്കു നടന്നു പോകുമ്പോൾ അത്തരമൊരു ആക്രമണം ഉണ്ടാവുകയും ചെയ്തു. ഇളയ പെൺകുട്ടി നെടുങ്കണ്ടത്ത് ഹൈസ്കൂളിലാണു പഠിക്കുന്നത്.
റീനയുടെ ഭർത്താവ് കൂലിപ്പണിക്കു പോയാണ് കുടുംബം പുലർത്തിയിരുന്നത്. അടുത്തിടെ നെഞ്ചു വേദന ഉണ്ടായതോടെ ഡോക്ടർമാർ വിശ്രമം വിധിച്ചു. ഇനി ആൻജിയോപ്ലാസ്റ്റി ചെയ്യണം. അതിനുള്ള വരുമാനം ഇല്ലെന്നു മാത്രമല്ല ജോലിക്കു പോകുന്നതു മുടങ്ങിയതോടെ കുടുംബത്തിന്റെ ഏക വരുമാനവും നിലച്ചു. കുടലിലെ വ്രണങ്ങൾക്കു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് റീന. അർശസ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ വേറെ. ഓപ്പറേഷൻ പറഞ്ഞെങ്കിലും സാമ്പത്തിക വിഷമം മൂലം മാറ്റിവച്ചിരിക്കുകയാണ്.
എന്നാലും മരുന്നിനായി മാസം തോറും നല്ലൊരു തുക ചെലവാക്കേണ്ടി വരുന്നു. സ്വന്തം രോഗങ്ങളെക്കാൾ മക്കളുടെ സംരക്ഷണമാണ് റീനയെ ഏറ്റവുമധികം അലട്ടുന്നത്. കുട്ടികളുടെ പഠനം സുമനസ്സുകൾ ആരെങ്കിലും ഏറ്റെടുക്കണേ എന്നാണു പ്രാർഥന. ഉൾക്കാട്ടിൽനിന്നു പുറത്തു കടന്ന്, പഠനസൗകര്യത്തിനായി ഏതെങ്കിലുമൊരു നാട്ടിൽ അടച്ചുറപ്പുള്ളൊരു വീടെന്ന സ്വപ്നവും ബാക്കി.
റീനയുടെ ഫോൺ നമ്പർ– 6238637514
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ റീന അനീഷ്
∙ ഫെഡറൽ ബാങ്ക്, നെടുങ്കണ്ടം ശാഖ
∙ A/C No: 10180100205184
∙ IFSC- FDRL0001018