ADVERTISEMENT

വർക്കല ∙ തുടരെയുണ്ടായ മരണങ്ങൾ ഇരുൾ വീഴ്ത്തിയ വീട്ടിൽ തനിച്ചായിപ്പോയൊരു അമ്മയ്ക്കും പറക്കമുറ്റാത്ത 2 മക്കൾക്കും കഴിഞ്ഞദിവസം ബാങ്കിൽ നിന്നൊരറിയിപ്പു കിട്ടി: 5 ലക്ഷം രൂപ ഉടനടച്ചില്ലെങ്കിൽ ആകെയുള്ള വീടും സ്ഥലവും ജപ്തി ചെയ്യും. മരണപ്പെട്ട ഏക സഹോദരൻ വായ്പയെടുക്കാൻ ഈടുവച്ച തുണ്ടുഭൂമി ജപ്തി വക്കിൽ നിൽക്കെ, തെരുവിലിറങ്ങേണ്ട അവസ്ഥയിലാണു വർക്കല മൂങ്ങോട് േപരേറ്റിൽ കുഴിവിള വീട്ടിൽ തംബുരുവും(34) മക്കളും. കേരള ബാങ്കിന്റെ വർക്കല ബ്രാഞ്ചിൽ നിന്നുള്ള നോട്ടിസ് ലഭിച്ചപ്പോഴാണു വീടിനും സ്ഥലത്തിനും 5.13 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നറിഞ്ഞതു പോലും.

 

ആശ്രയമായിരുന്ന അച്ഛനും അമ്മയും ഭർത്താവും സഹോദരനും ഏതാനും വർഷങ്ങൾക്കിടെ മരിച്ചതോടെ തംബുരുവിന്റെ ജീവിതം പൂർണമായും ഇരുളടഞ്ഞു. ബിൽ അടയ്ക്കാൻ നിവൃത്തിയില്ലാതിരുന്ന വീട്ടിൽ ഏറെ നാൾ വൈദ്യുതി പോലും വിച്ഛേദിച്ചിരുന്നു. നാട്ടുകാരുടെയും മറ്റും ചെറുസഹായമുണ്ടെങ്കിലും ഭക്ഷണത്തിനു പോലും പ്രയാസപ്പെടുന്നു. തംബുരുവിന്റെ 6 മാസം പ്രായമുള്ള പെൺകുഞ്ഞിന് ജനിച്ചപ്പോഴേ ഹൃദയത്തിനു തകരാറുണ്ട്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ശസ്ത്രക്രിയ നിർദേശിച്ചെങ്കിലും പണമില്ലാത്തതിനാൽ അതു നീട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് ഇരുട്ടടി പോലെ ജപ്തിനോട്ടിസെത്തിയത്.

 

ഏക സഹോദരനായിരുന്ന തംമ്പു ഒരു സുഹൃത്തുമായി ചേർന്ന് 2020 ഓഗസ്റ്റിലാണ് 4 ലക്ഷം രൂപ വായ്പെടുത്തത്. തിരിച്ചടവു മുടങ്ങിനിൽക്കേ തംബു 2021-ൽ കിണറുപണിക്കിടെ മരിച്ചു. തിരിച്ചടവു മുടങ്ങിയ വായ്പയുടെ പലിശ ഉൾപ്പെടെ ബാധ്യത 5 ലക്ഷം കവിഞ്ഞു. സർക്കാരിന്റെ ഇടപെടലോ സുമനസ്സുകളുടെ സ്നേഹസഹായമോ ഇല്ലെങ്കിൽ 13കാരനായ മകനെയും 6 മാസം പ്രായമുള്ള മകളെയും കൊണ്ട് എവിടേക്കു പോകണമെന്ന് ഇവർക്കറിയില്ല. ഫോൺ- 7593882270. 

 

എസ്. തംബുരുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

 

∙ എസ്ബിഐ, ചെറുന്നിയൂർ ബ്രാഞ്ച്

∙ അക്കൗണ്ട് നമ്പർ – 67293396758 

∙ IFSC: SBIN0070347

 

വിലാസം - എസ്. തംബുരു, കുഴിവിള വീട്, പേരേറ്റിൽ, മൂങ്ങോട് പിഒ, വർക്കല, തിരുവനന്തപുരം - 695573

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com