കുട്ടനാട് ∙ ഹൃദ്രോഗ ബാധിതനായ ഗൃഹനാഥൻ ശസ്ത്രക്രിയയ്ക്കും തുടർ ചികിൽസയ്ക്കുമായി സുമനസുകളുടെ സഹായം തേടുന്നു. ചമ്പക്കുളം പുളിക്കത്തറ വീട്ടിൽ ഡേവിഡ് (53) ആണു ചികിൽസയ്ക്കായി സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിൽ കഴിയുന്നത്. ചമ്പക്കുളത്തും മറ്റും സ്ഥലത്തുമായി ചെറിയ ജോലികൾ ചെയ്തായിരുന്നു കുടുംബം പുലർത്തിയിരുന്നത്. 3 തവണ വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
സ്കൂട്ടർ അപകടത്തെ തുടർന്നു കഴിഞ്ഞ രണ്ടര വർഷത്തെ ചികിൽസയ്ക്കുശേഷം ജോലികൾ ചെയ്തു കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നതിനിടെയാണു ഹൃദ്രോഗം വില്ലനായി കടന്നു വന്നത്. ഭാര്യയും 5 മക്കളുമായി 2 സെന്റ് ഭൂമിയിലെ ചെറിയൊരു കൂരയിലാണു താമസം. ഭാര്യ ഇപ്പോൾ 7 മാസം ഗർഭിണിയുമാണ്. ഹൃദ്രോഗം കൂടിയതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രി അടിയന്തര ശസ്ത്രക്രിയ നടത്തണമെന്ന നിർദേശമാണു ഡോക്ടർമാർ നൽകിയിരിക്കുന്നത്.
ശസ്ത്രക്രിയക്കും തുടർ ചികിൽസയ്ക്കുമായി 10 ലക്ഷത്തോളം രൂപയാണു വേണ്ടത്. നിലവിൽ 15 ലക്ഷത്തോളം രൂപയുടെ കടബാധ്യതയിൽ കഴിയുന്ന കുടുംബത്തിനു ചികിൽസയ്ക്കുള്ള തുക കണ്ടെത്താൻ സാധിക്കാത്ത അവസ്ഥയാണ്. നാളെ (2ാം തീയതി) ആശുപത്രിയിൽ അഡ്മിറ്റായി 4–ാം തീയതി ശസ്ത്രക്രിയ നടത്തണമെന്ന നിർദേശമാണു നൽകിയിരിക്കുന്നത്. പണം കണ്ടെത്താൻ സാധിക്കാതായതോടെ ശസ്ത്രക്രിയ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു ആശുപത്രി അധികൃതരോടു ചോദിക്കാനുള്ള ഒരുക്കത്തിലാണു കുടുംബം.
ഹൃദയത്തിന്റെ വാൽവ് മാറ്റി വയ്ക്കുന്നതിനൊപ്പം 4 ബ്ലോക്ക് നീക്കം ചെയ്യുകയും വേണം. ഡേവിഡിന്റെ ജീവൻ നിലനിർത്താൻ സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിൽ ഭാര്യ മിൻസി ആന്റണിയുടെ പേരിൽ എസ്ബിഐ ചമ്പക്കുളം ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ : 67293642843. ഐഎഫ്എസ്‌സി കോഡ് SBIN0070084. ഫോൺ : 8139099825.