ADVERTISEMENT

ചെറുതോണി ∙ മാറാരോഗവും ദുരിതവും ജീവിതത്തെ പിടിച്ചുലച്ചുലയ്ക്കുമ്പോൾ തകർന്നു വീഴാതിരിക്കാൻ ഒരു കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു. ഇടുക്കി ഡാം ടോപ്പ് പള്ളിവാതുക്കൽ രാജുവും (40) കുടുംബവുമാണ് പിടി വിടാതെ തുടരുന്ന വിധിയുടെ പ്രഹരത്തിൽ നിന്നും കരകയറാനാവാതെ ചുറ്റുമുള്ളവരിലേക്ക് കണ്ണുകൾ ഉയർത്തുന്നത്. ശരീരത്തിലെ പേശികളുടെ ശക്തി ഇല്ലാതാക്കുന്ന രോഗം ബാധിച്ചതോടെയാണ് രാജുവിന്റെ ജീവിതം മാറി മറിഞ്ഞത്. ഓട്ടോറിക്ഷ ഡ്രൈവിങ് ഉൾപ്പെടെ എല്ലാ പണികളും ചെയ്തിരുന്ന രാജുവിന് കൈകാലുകൾക്ക് വിറയലും ശക്തിക്കുറവും പോലെയാണ് രോഗം വന്നു തുടങ്ങിയത്.

ആകെയുണ്ടായിരുന്ന ഓട്ടോ റിക്ഷ വിറ്റും കടം വാങ്ങിയും ചികിത്സ ആരംഭിച്ചു. എന്നാൽ രോഗം കുറഞ്ഞും കൂടിയും നിന്നതല്ലാതെ പൂർണമായും മാറിയില്ല. ഇതോടെ കഴിഞ്ഞ മാസം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ചികിത്സയില്ലാത്ത മസ്കുലർ ഡിസ്ട്രോഫിയാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചത്. പരസഹായം ഇല്ലാതെ നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് രാജു. വീണു പോകാതിരിക്കാൻ ഇപ്പോൾ പാറേമാവ് ആയുർവേദ ആശുപത്രിയിൽ ചികിത്സ നടത്തുന്നുണ്ട്.

മാനസിക അസ്വാസ്ഥ്യത്തിനു ഏറെ നാളായി ചികിത്സ തുടരുന്ന അമ്മയും ഭാര്യയും പന്ത്രണ്ടും ഏഴും വയസ്സുള്ള രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഈ ചെറുപ്പക്കാരൻ. ഭാര്യ കൂലിപ്പണി എടുത്തു കിട്ടുന്ന തുക കൊണ്ടാണ് ഏറെ നാളായി വീട്ടു ചെലവും ചികിത്സയും മക്കളുടെ വിദ്യാഭ്യാസവുമെല്ലാം നടന്നിരുന്നത്. എന്നാൽ രാജുവിനു തീരെ വയ്യാതായതോടെ ഭാര്യക്കു ഇപ്പോൾ ജോലിക്കു പോകുന്നതിനും കഴിയുന്നില്ല. ഏതാനും മാസങ്ങളായി മരുന്നിനു മാത്രം ഇരുപതിനായിരത്തിലേറെ രൂപ ഈ കുടുംബത്തിനു കണ്ടെത്തണം.

വീട്ടു ചെലവുകളും കുട്ടികളുടെ പഠനത്തിനും കൂടിയാകുമ്പോൾ തുക മുപ്പതിനായിരത്തോളം ആകും.അമ്മ സിസിലിക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന 1600 രൂപയുടെ സാമൂഹിക പെൻഷൻ മാത്രമാണ് ഇപ്പോൾ ഏക വരുമാനം. പഞ്ചായത്തിൽ നിന്നും വല്ലപ്പോഴും ആശ്രയ പദ്ധതിയുടെ ഭാഗമായി കിറ്റും ലഭിക്കും. കേറി കിടക്കാൻ ആകെയുള്ള വീട് ശക്തമായ മഴ പെയ്താൽ തകർന്നു വീഴുമെന്ന ആധിയാണ് ഈ കുടുംബത്തിനെ ഇപ്പോൾ ഏറെ അലട്ടുന്നത്.

8 വർഷമായി മരിയാപുരം പഞ്ചായത്തിൽ ഒരു വീടിനായി അപേക്ഷ കൊടുക്കുന്നുണ്ടെങ്കിലും ഇതുവരെ അനുവദിച്ചു കിട്ടിയിട്ടില്ല. എല്ലാ വർഷവും പട്ടികയിൽ പേരുണ്ടെന്ന് പറയുമെങ്കിലും അധികൃതർ കണ്ണു തുറന്നിട്ടില്ല. നിങ്ങൾക്ക് വേണമെങ്കിൽ കാലി തൊഴുത്തിനേക്കാൾ പരിതാപകരമായ ഈ ഷെഡ്ഡിലേക്ക് കണ്ണു തുറക്കാം, അടയ്ക്കാം...  ബാങ്ക് അക്കൗണ്ട് : സൗത്ത് ഇന്ത്യൻ ബാങ്ക് ഇടുക്കി ശാഖ, അക്കൗണ്ട് നമ്പർ: 0123053000039546, ഐഎഫ്എസ്‌സി കോഡ്: SIBL0000123, ഗൂഗിൾ പേ: 9447022903

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com