തൊടുപുഴ ∙ അനന്തുവിന് മറ്റു കുട്ടികളെപ്പോലെ സ്കൂളിൽ പോകണം, പഠിക്കണം, തളർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന രോഗത്തെ തോൽപിച്ച് അവന്റെ സ്വപ്നങ്ങളിലേക്ക് പറന്നുയരണം...അതിനു സുമനസ്സുകളുടെ കനിവ് തേടുകയാണ് തൊടുപുഴ മടത്തിക്കണ്ടം വേങ്ങത്താനത്ത് സുധീഷിന്റെ മകനായ അനന്തു സുധീഷ് എന്ന പതിനാലുകാരൻ. ഇരുവൃക്കകളും തകരാറിലായ അനന്തു കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലാണ്. എത്രയുംവേഗം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
വൃക്ക നൽകാൻ അമ്മ രാജി തയാറാണ്. പക്ഷേ, ശസ്ത്രക്രിയയ്ക്ക് ആവശ്യമായ വലിയ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് ഈ നിർധന കുടുംബം. ശസ്ത്രക്രിയയ്ക്കു മാത്രം 7 മുതൽ 10 ലക്ഷം രൂപ വരെ ചെലവു വരും. പരിശോധനകൾക്കും മരുന്നിനും തുടർചികിത്സയ്ക്കുമായി ലക്ഷങ്ങൾ വേറെയും വേണം. നാട്ടുകാരുടെയും മറ്റു സുമനസ്സുകളുടെയും സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ തടസ്സമില്ലാതെ നടത്താനായത്. വർക്‌ഷോപ്പ് ജീവനക്കാരനായ സുധീഷിന്റെ ഏക വരുമാനം മാത്രമാണ് കുടുംബത്തിന്റെ ആശ്രയം. മകന്റെ രോഗാവസ്ഥ മൂലം സുധീഷിനു എല്ലാ ദിവസവും ജോലിക്കു പോകാനും കഴിയുന്നില്ല.
നിത്യച്ചെലവ് പോലും പ്രതിസന്ധിയിലാണ്. മുതലക്കോടം സെന്റ് ജോർജ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അനന്തു. ശാരീരിക അവശതകൾ മൂലം വല്ലപ്പോഴും മാത്രമാണ് സ്കൂളിൽ പോയിരുന്നത്. അനന്തുവിനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷ. അനന്തുവിന്റെ ചികിത്സയ്ക്കുള്ള ധനസമാഹരണത്തിനായി കമ്മിറ്റി രൂപീകരിച്ച് പിതാവ് വി.ടി. സുധീഷ്, വാർഡ് കൗൺസിലർ സനു കൃഷ്ണൻ, ബഷീർ ഇബ്രാഹിം എന്നിവരുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് മുതലക്കോടം ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 0170053000033468.
ഐഎഫ്എസ്‌സി കോഡ്: SIBL0000170.