കിഡ്നി രോഗം; വീട്ടമ്മ തുടർചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു

Mail This Article
തൊടുപുഴ ∙ കിഡ്നി സംബന്ധമായ രോഗം മൂലം ബുദ്ധിമുട്ടുന്ന വീട്ടമ്മ തുടർചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കോളപ്ര ഏഴാംമൈൽ പുത്തൻപുരയ്ക്കൽ മാരിയപ്പന്റെ ഭാര്യ എൽസിയാണ് (50) ചികിത്സാസഹായം തേടുന്നത്. പ്രമേഹ ബാധിതയായ ഇവർ 20 വർഷത്തോളമായി ചികിത്സയിലാണ്. നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ.
മരുന്നിനും പരിശോധനകൾക്കുമായി മാസം വലിയൊരു തുക ചെലവു വരുന്നുണ്ട്. ഇതിനിടെ കാലിൽ മുഴ വരികയും ഇതു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതായും വന്നു. പ്രമേഹത്തെത്തുടർന്നു കാലിൽ വ്രണങ്ങൾ ഉണ്ടായതും ദുരിതം ഇരട്ടിയാക്കി. ഇതോടെ നടക്കാനും ബുദ്ധിമുട്ടുണ്ട്. ചികിത്സയ്ക്കായി കോട്ടയത്തേക്കു ഓട്ടോറിക്ഷ വിളിച്ചാണ് പോകുന്നത്. യാത്രാക്കൂലിയിനത്തിലും വലിയൊരു തുക ചെലവു വരുന്നുണ്ട്. ഭർത്താവ് മാരിയപ്പനു കൂലിപ്പണിയാണ്. ഇവർക്ക് രണ്ടു പെൺമക്കളാണ്.
എൽസിയുടെ ഇപ്പോഴത്തെ അവസ്ഥ മൂലം മാരിയപ്പന് പല ദിവസവും പണിക്കു പോലും പോകാനാകാത്ത സ്ഥിതിയാണ്. നാട്ടുകാരുടെയും മറ്റും സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനായത്. മറ്റു വരുമാന മാർഗമില്ലാത്തതിനാൽ നിത്യച്ചെലവിനു പോലും വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. എൽസി മാരിയപ്പന്റെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് കാഞ്ഞാർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ : 0202053000003199,
ഐഎഫ്എസ്‌സി കോഡ്: SIBL0000202.