പ്രത്യക്ഷയ്ക്ക് രോഗത്തെ തോൽപിക്കണം; വേണ്ടത് നമ്മുടെ സുമനസ്സ്

Mail This Article
പന്തളം ∙ പഠനത്തിലും ചിത്രരചനയിലും ഉൾപ്പടെ മികവ് തെളിയിച്ചിട്ടുണ്ടെങ്കിലും മകളെ ബാധിച്ച അപൂർവ രോഗത്തിന് എങ്ങനെ ചികിത്സ കണ്ടെത്തുമെന്ന ആശങ്കയിലാണ് തോന്നല്ലൂർ തയ്യിൽ പടിഞ്ഞാറ്റേതിൽ അനിൽകുമാറും ഹേമയും. എയ്‌ലേർസ് ഡാൻലോസ് സിൻഡ് ടൈപ്പ്-4 എന്ന രോഗമാണ് മകൾ പ്രത്യക്ഷയ്ക്ക്. എസ്എസ്എൽസി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ് പതിനഞ്ചുകാരി. രക്തകോശങ്ങൾ പൊട്ടി രക്തം നഷ്ടമാകുന്നതാണ് പ്രധാന അസ്വസ്ഥത. കാലുകളുടെ ബലക്കുറവ് കാരണം നടക്കാനും ബുദ്ധിമുട്ടുണ്ട്. കടുത്ത വേദന കാരണം ഭക്ഷണത്തോടും താൽപര്യമില്ല. പോണ്ടിച്ചേരിയിലെ ജിപ്മെർ ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സ. ശസ്ത്രക്രിയ നടത്താൻ പാടില്ലെന്ന് മെഡിക്കൽ രേഖകളിൽ നിർദേശമുണ്ട്. കുത്തിവയ്പ്, പാരസെറ്റമോൾ എന്നിവയ്ക്കും വിലക്കുണ്ട്.
അസ്വസ്ഥതകൾ കാരണം 5 വർഷമായി സ്കൂളിൽ പോകാതെയാണ് പഠനം. വീടും സ്ഥലവും ഇപ്പോൾ പണയത്തിലാണ്. അനിൽ കുമാർ നട്ടെല്ലിന് ബെൽറ്റ് ഇട്ടിരിക്കുന്നതിനാൽ ജോലിക്ക് പോകാനും പ്രയാസമായി. പ്രത്യക്ഷയ്ക്ക് 2 സഹോദരങ്ങൾ കൂടിയുണ്ട്. ഇതിനകം ചികിത്സയ്ക്ക് 19 ലക്ഷത്തോളം രൂപ ചെലവായി.ആംബുലൻസിലോ ട്രെയിനിലോ മാത്രമേ പ്രത്യക്ഷയ്ക്ക് യാത്ര ചെയ്യാനാകൂ. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ട്രെയിനിലാണ് യാത്ര. സൗജന്യയാത്രാ പാസിനായി റെയിൽവേയുമായി ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. അനിൽ കുമാറിന്റെ പേരിൽ എസ്ബിഐ പന്തളം ശാഖയിൽ അക്കൗണ്ട് തുറന്നു. നമ്പർ-40949800513. ഐഎഫ്എസ്‌സി കോഡ്-SBIN0010703. 9495816877.