അനീറ്റയ്ക്ക് ഒരുപാട് സ്വപ്നങ്ങൾ ബാക്കിയാണ്, പക്ഷേ കാർന്നുതിന്നുന്ന രോഗത്തിന് ചികിത്സ വേണം
Mail This Article
പായിപ്പാട് ∙ പഠനത്തിലും കായികരംഗത്തും മികവു പുലർത്തിയ ബാലിക രക്താർബുദത്തിന്റെ പിടിയിലായതോടെ ചികിത്സയ്ക്ക് സുമനസ്സുകളുടെ സഹായം തേടി നിർധന കുടുംബം. പായിപ്പാട് പഞ്ചായത്ത് 9-ാം വാർഡിൽ പള്ളിക്കച്ചിറ ചിറയിൽ വീട്ടിൽ വറുഗീസ് കോശിയുടെയും ലിജിമോളുടെയും മകൾ അനീറ്റ സൂസൻ വർഗീസ് (13) ആണു രക്താർബുദം ബാധിച്ച് തിരുവനന്തപുരം ആർസിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
തിരുവല്ല വാരിക്കാട് സിറിയൻ ജാക്കോബൈറ്റ് സ്കൂൾ 7-ാം ക്ലാസ് വിദ്യാർഥിയായ അനീറ്റ തിരുവല്ല പുഷ്പഗിരി, പരുമല എന്നിവിടങ്ങളിലെ പ്രാരംഭ ചികിത്സക്കു ശേഷം തുടർചികിത്സക്കായാണ് ഈ മാസം ആദ്യം ആർസിസിയിൽ എത്തിയത്. പഠനത്തിൽ മികവു പുലർത്തിയിരുന്ന അനീറ്റ, കലാ കായിക മത്സരങ്ങളിലും സജീവമായിരുന്നു. പിതാവ് വറുഗീസിനു സ്ഥിരവരുമാനമില്ല.
വർഗീസിന്റെ മാതാവ് വളരെ കാലമായി ചികിത്സയിൽ കഴിയുന്നു. വർഗീസിന്റെ പിതാവ് പള്ളിയിലെ മദ്ബഹാ ശുശ്രൂഷകനാണ്. കുട്ടിയുടെ ചികിത്സാർത്ഥം പായിപ്പാട് പഞ്ചായത്ത് 9-വാർഡ് അംഗം അനിജ ലാലന്റെ നേതൃത്വത്തിൽ കാരുണ്യസ്പർശം ചികിത്സാ ധനസഹായനിധി സമിതി കുറച്ചു തുക ശേഖരിച്ചു നൽകി. തുടർ ചികിത്സക്ക് ഭീമമായ തുക ആവശ്യമാകയാൽ മറ്റു ധനസമാഹരണ മാർഗങ്ങൾക്ക് വേണ്ടി നാട്ടുകാരും
സാമൂഹ്യ പ്രവർത്തകരും ശ്രമിച്ചു വരുന്നു. തുടർ ചികിത്സ ലഭിച്ചാൽ കുട്ടിയുടെ അസുഖം പൂർണമായും മാറും എന്നുള്ള പ്രതീക്ഷയിൽ ആണ് കുടുംബവും നാട്ടുകാരും. എബിന് രണ്ടാം ക്ലാസ് വിദ്യാർഥി. ലിജി മോൾ മാതാവ്. അനീറ്റ സൂസൻ വർഗീസിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വാർഡ് അംഗം അനിജ ലാലന്റെ നേതൃത്വത്തിൽ ഫെഡറൽ ബാങ്ക് പായിപ്പാട് ശാഖയിൽ അനീറ്റ സൂസൻ വർഗീസ് എന്ന പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 15780100068790
ഐഎഫ്എസ്‌സി: FDRL0001578
അനീറ്റയുടെ പിതാവിന്റെ മൊബൈൽ: 9567894748
വിലാസം: അനീറ്റ സൂസൻ വർഗീസ്, ചിറയിൽ, പള്ളിക്കച്ചിറ പിഒ, പായിപ്പാട്. 686537