കഴിഞ്ഞ മാസം ഡിസ്ചാർജ്: ബിൽ അടയ്ക്കാൻ പണമില്ല, ആശുപത്രിയിൽ തുടർന്ന് മണികണ്ഠനും കുടുംബവും
Mail This Article
തൃശൂർ ∙ കൈക്ക് സാരമായി പരുക്കേറ്റ് ഒരു മാസമായി ആശുപത്രിയിൽ കഴിയുകയാണ് മണികണ്ഠൻ. കഴിഞ്ഞ മാസം ഡിസ്ചാർജ് ആയെങ്കിലും ഭീമമായ തുക ബിൽ അടയ്ക്കാൻ വഴിയില്ലാതെ ആശുപത്രിയിൽ തുടരുകയാണ്. മണികണ്ഠനൊപ്പം ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബവും ആശുപത്രിയിൽ തന്നെ ഉണ്ട്. മരുന്നിനോ ഭക്ഷണത്തിനോ മറ്റ് ആവശ്യങ്ങൾക്കോ പണമില്ല. പലപ്പോഴും വാർഡിലുള്ള സുമനസ്സുകളുടെ സഹായത്താലാണ് ഭക്ഷണം കഴിക്കുന്നത്. രണ്ട് വയസ്സുള്ള മകളെയും 4 വയസ്സുള്ള മകനെയും കൂട്ടി ഭാര്യ ഗ്രീഷ്മ അടുത്തുള്ള അമ്പലങ്ങളിൽ അന്നദാനത്തിന് പോകും.
ചില ദിവസങ്ങളിൽ അമ്പലങ്ങളിൽ നിന്ന് കിട്ടുന്ന ഭക്ഷണം മാത്രമാണ് ശരണം. ഒരു മാസം മുൻപാണ് മണികണ്ഠന്റെ കൈ അപകടത്തിൽ പെട്ടത്. വൈക്കോൽ ചുരുട്ടുന്ന മെഷീനിൽ കുടുങ്ങിയാണ് അപകടമുണ്ടായത്. ട്രാക്ടർ ഡ്രൈവറായിരുന്നു മണികണ്ഠൻ. കൈപ്പത്തി മുതൽ തോളെല്ല് വരെ കയ്യിലെ മാംസം മുഴുവൻ പോയി ചോര വാർന്ന നിലയിലായിരുന്നു പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതര പരുക്കുള്ളതിനാലും കയ്യിന്റെ സർജറിക്കുള്ള സൗകര്യം അവിടെ ഇല്ലാതിരുന്നതിനാലും തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുവന്നു.
അവിടെയും സർജറി ചെയ്യാൻ കഴിയാത്തതിനാലാണ് കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ എത്തിച്ചത്. ഇതുവരെ 5 സർജറി കഴിഞ്ഞു. കാലിൽ നിന്ന് ഞരമ്പും മാംസവും എടുത്താണ് സർജറി ചെയ്തത്. അഞ്ച് ലക്ഷം രൂപയോളം ബിൽ തുക അടച്ചാലേ ഡിസ്ചാർജ് ചെയ്യാൻ കഴിയൂ. കുടുംബത്തിന്റെ ഏക ആശ്രയമായ മണികണ്ഠന് സ്വന്തമായി സ്ഥലമോ വീടോ ഇല്ല. പാലക്കാട് കണ്ണാടിയാണ് സ്വദേശം. അക്കൗണ്ട് നമ്പർ: 41849888212, ഐഎഫ്എസ് കോഡ് : SBIN0070518, പാലക്കാട് എസ്ബിഐ കണ്ണാടി ബ്രാഞ്ച്.