ADVERTISEMENT

തൃശൂർ ∙ ആൻ മരിയ പറയുന്നത് അവൾക്ക് ഇടതുകൈ ഇപ്പോഴും വേദനിക്കുന്നുണ്ടെന്നാണ്. അവൾ വെറുതേ പറയുകയാണെന്ന് അച്ഛനും അമ്മയ്ക്കും അറിയാം. കഴിഞ്ഞ ദിവസം അവളുടെ ഇടതുകൈ മുറിച്ചുമാറ്റിക്കഴിഞ്ഞല്ലോ. ഒന്നര വയസ്സിൽ‌ അർബുദം ബാധിച്ച ആൻ മരിയയ്ക്ക് ഇപ്പോൾ 6 വയസ്സ് ആകാറായി. ചുമലിലെ മുഴ വലുതായി വേദന അസഹ്യമായപ്പോൾ അമല ആശുപത്രിയിലെ ഡോക്ടർമാർ‌ പറഞ്ഞു, ഇനി കൈ മുറിച്ചു മാറ്റുകയേ വഴിയുള്ളൂ. ചൊവ്വാഴ്ച ശസ്ത്രക്രിയ കഴിഞ്ഞു. ഇന്നലെ അവളെ വാർഡിലേക്കു മാറ്റി. ഇപ്പോഴും അവൾക്ക് കയ്യും കൈപ്പത്തിയുമൊക്കെ വേദനിക്കുന്നതായി പറയുന്നു. കൈ ഇല്ല എന്ന് അവളോട് പറയാൻ കൂടെ നിൽക്കുന്നവർക്കും ആകുന്നില്ല.

നിർമാണത്തൊഴിലാളിയായ കൊടുങ്ങല്ലൂർ കോട്ടപ്പുറം വി.പി.തുരുത്ത് പയ്യപ്പിള്ളി സുനിലിന്റെയും സ്റ്റെഫിയുടെയും മകളാണ് ആൻ മരിയ. ഒന്നര വയസ്സിൽ ഇടതു ചുമലിലെ വേദനയ്ക്ക് പരിഹാരം തേടി മെഡിക്കൽ കോളജിൽ എത്തി വിശദമായി പരിശോധിച്ചപ്പോഴാണ് അർബുദം സ്ഥിരീകരിച്ചത്. തുടർന്ന് റീജനൽ കാൻസർ സെന്ററിലായി ചികിത്സ. ഇതിനിടെ ലോക്ഡൗൺ‌ വന്നു. 28 റേഡിയേഷനും 10 കീമോ തെറപ്പിയും ചെയ്തു. മൂന്നാം പിറന്നാൾ ആർസിസിയിലാണ് ആഘോഷിച്ചത്. സുനിലിന്റെ അച്ഛനു ഹൃദയസംബന്ധമായ അസുഖത്തിന് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നതോടെ കുടുംബത്തിന്റെ പരാധീനതകൾ ഇരട്ടിച്ചു. 2021ൽ അമ്മയ്ക്ക് അർബുദം സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം അവർ മരിച്ചു.

വീട് വയ്ക്കുന്നതിനായി ജില്ലാ സഹകരണ ബാങ്കിൽ നിന്ന് എടുത്ത 7 ലക്ഷം രൂപയുടെ വായ്പയുടെ തിരിച്ചടവ് ഇതോടെ മുടങ്ങി. സുനിലിന്റെ ജോലിക്കു പോക്കും മുടങ്ങിയിരിക്കുകയാണ്. ഇതിനിടെയാണ് ആൻ മരിയയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. അമല ആശുപത്രി മാനേജ്മെന്റ് ചികിത്സാച്ചെലവിന്റെ വലിയൊരു പങ്ക് വേണ്ടെന്നു വച്ചു. ഡോക്ടർമാരും ജീവനക്കാരും സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് വീട്ടുകാർ‌ പറയുന്നു. ഇനി ഫിസിയോതെറപ്പിയിലൂടെ വേണം ആൻ മരിയയ്ക്ക് സാധാരണ ജീവിതത്തിലേക്കു വരാൻ. ആൻ മരിയയുടെ കുടുംബത്തെ സഹായിക്കാനായി നാട്ടുകാർ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡ കൊടുങ്ങല്ലൂർ ശാഖയിൽ സുനിലിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് സഹായങ്ങൾ അയയ്ക്കാം. ഫോൺ: 9747837517.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ Bank Of Baroda, Kodungallur
∙ A/C No.: 62790100000379
∙ IFSC Code: BARB0VJKOGR

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com