ADVERTISEMENT

ഇരുകൈകളുമില്ലാതെ ഒരു സ്ത്രീ നമുക്കിടയിൽ ജീവിക്കുകയാണ്, കഴിഞ്ഞ ഒൻപതു മാസമായി. സ്കൂട്ടർ ഓടിച്ചും തയ്യൽജോലി ചെയ്തും ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾക്കായി ഓടിനടന്നിരുന്നയാളാണ് ആ യുവതി എന്നത് സങ്കടം ഇരട്ടിയാക്കുന്നു.ഭർത്താവിന്റെ വെട്ടേറ്റു വീഴുമ്പോൾ മഞ്ജു ഒന്നേ മനസ്സിൽ വിചാരിച്ചുള്ളു. താൻ പോയാൽ മക്കൾക്ക് ആരുമില്ല. അതുകൊണ്ട് എങ്ങനെയും ജീവിതത്തിലേക്കു തിരിച്ചെത്തണം.

അഞ്ചാമതും വെട്ടാൻ ഓങ്ങുമ്പോൾ അയാളുടെ കയ്യിൽനിന്നു തെറിച്ചു വീണ വാക്കത്തിയുടെ മേൽ‍ മഞ്ജു അള്ളിപ്പിടിച്ചു കിടന്നു. അതു വീണ്ടും അയാളുടെ കയ്യിൽ കിട്ടിയാൽ താൻ ബാക്കി ഉണ്ടാവില്ല.പിൻകഴുത്തിലായിരുന്നു ആദ്യ വെട്ട്. പിന്നെ ഇരു കൈകളിലും. വലതുകൈയുടെ 3 വിരലുകൾ അറ്റുപോയി. ഇടതുകൈമുട്ടിന്റെ എല്ല് ഉൾപ്പെടെ മുറിഞ്ഞു. ഇതിനിടെയാണു വാക്കത്തി താഴെ വീണത്. മക്കൾ ഓടിയെത്തിയതോടെ ഭർത്താവ് വീട്ടിൽനിന്ന് ഇറങ്ങിയോടി.

മദ്യപാനം, കടം

പ്രണയവിവാഹമായിരുന്നു മഞ്ജുവിന്റേത്. മരപ്പണി ആയിരുന്നു ഭർത്താവ് പ്രദീപിന്. പ്രദീപിന്റെ വീട്ടിലും ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് മഞ്ജു പറയുന്നു. സാമ്പത്തിക പ്രശ്നം മൂലം വീടുവിറ്റതോടെ മഞ്ജുവും പ്രദീപും വാടകവീട്ടിലേക്കു മാറി. മഞ്ജുവിന്റെ പിതാവ് കടുത്തുരുത്തിയിൽ 10 സെന്റ് സ്ഥലം വാങ്ങി നൽകിയെങ്കിലും അവിടെ വീടു വയ്ക്കാൻ പറ്റുന്ന സ്ഥിതിയായിരുന്നില്ല.സ്ഥിരം മദ്യപാനിയായിരുന്നു ഭർത്താവ്. പല ദിവസങ്ങളിലും മർദിക്കും. ഒരിക്കൽ മർദനമേറ്റു ബോധമറ്റുവീണ മഞ്ജുവിനെ അയൽക്കാരാണ് ആശുപത്രിയിലെത്തിച്ചത്. വളർന്നുവരുന്ന മക്കളെ ഓർത്ത് പരാതിക്കും കേസിനുമൊന്നും പോയില്ല.

അറ്റുപോയി ജീവിതം

2022 ഒക്ടോബർ 14നാണ് ഭർത്താവ് മഞ്ജുവിന്റെ ജീവിതം തല്ലിക്കെടുത്തിയ സംഭവം. അതിനു തലേന്ന് വീട്ടിൽ തെന്നിവീണ് മഞ്ജുവിനു പരുക്കേറ്റു. പിറ്റേന്ന് പ്രദീപ് പണിക്കു പോയതുകൊണ്ട് കൂട്ടുകാരിക്കൊപ്പമാണ് മഞ്ജു പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. അതു ചോദ്യംചെയ്തായിരുന്നു അന്നത്തെ വഴക്ക്. ആശുപത്രി ബിൽ ഉൾപ്പെടെ കാണിച്ചെങ്കിലും പ്രദീപിനു ബോധ്യമായില്ല. എന്തൊക്കെയോ സംശയങ്ങൾ ബാക്കിവച്ച പോലെ...

പിറ്റേന്നു രാവിലെ പ്രദീപ് പണിക്കു പോയില്ല. മകൾക്കു പാഠപുസ്തകം വായിച്ചു കൊടുത്തു കട്ടിലിൽ കിടക്കുകയായിരുന്നു മഞ്ജു. പെട്ടെന്നാണ് വാക്കത്തിയുമായി പ്രദീപ് പാഞ്ഞെത്തിയത്. ഒരു വാക്കുപോലും പറയാതെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.മഞ്ജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും മുൻപ് അറ്റുപോയ വിരലുകൾ ആരും ശ്രദ്ധിച്ചില്ല. മക്കളുടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം എന്ന് അയൽക്കാർ പറയുന്നതു മാത്രമായിരുന്നു ബോധം മറയുംമുൻപ് മഞ്ജുവിന്റെ മനസ്സിൽ തെളിഞ്ഞു കേട്ടത്.

ശരീരമാസകലം മുറിവേറ്റു മഞ്ജു പിടയുമ്പോൾ പുറത്തേക്കു പാഞ്ഞു പോയ പ്രദീപിനെ രണ്ടാം നാൾ ആളൊഴിഞ്ഞ പുരയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രദീപിന്റെ സംസ്കാരം കഴിഞ്ഞ് 15–ാം ദിവസമാണു മഞ്ജു വിവരം അറിയുന്നത്. അതു കേട്ടിട്ടും ഒന്നും തോന്നിയില്ല. ശരീരത്തിലെ മരവിപ്പ് മനസ്സിലേക്കും വ്യാപിച്ചിരുന്നു.

3 വിരലുകളറ്റ കൈപ്പത്തിയിലെ മുറിവ് പ്ലാസ്റ്റിക് സർജറി ചെയ്താണ് ഉണക്കിയത്. ഇടതുകൈമുട്ടിലെ മുറിവിൽ കമ്പിയിട്ടിരിക്കുകയാണ്. ഒരുമാസത്തെ ചികിത്സയ്ക്കൊടുവിൽ ഇരു കൈകളിലും ബാൻഡേജുമായി കോട്ടയം മെഡിക്കൽ കോളജിൽനിന്ന് ഇറങ്ങുമ്പോൾ സ്വന്തം ചേച്ചി തൽക്കാലത്തേക്കു താമസിക്കാനായി കൊടുത്ത, ഏറ്റുമാനൂരിനടുത്ത് കല്ലമ്പാറയിലെ കൊച്ചു വീടു മാത്രമായിരുന്നു ആശ്രയം. ഇത്തിരി വെള്ളം കുടിക്കാൻ പോലും പരസഹായം വേണം. ശുചിമുറിയിൽ പോകാനും കുളിക്കാനും വസ്ത്രം മാറാനും ഒക്കെ സഹായത്തിന് അമ്മ മാത്രം. 42 വയസ്സു മാത്രമുളള യുവതിക്ക് അങ്ങനെ എത്രയെത്ര ആവശ്യങ്ങൾ...

ഇരുകൈകളായി മക്കൾ

ഇനിയൊരിക്കലും ഓടിക്കാൻ കഴിയില്ല എന്നതിനാൽ ആശുപത്രിയിലായിരിക്കേ സ്കൂട്ടർ വിറ്റു. തയ്യൽ ജോലി ചെയ്യാനായി വിരലുകളും ബാക്കിയില്ല. മകൻ പത്താം ക്ലാസിലാണ്. മകൾ ഏഴിലും. മഞ്ജുവിന്റെ പിതാവു വാങ്ങിക്കൊടുത്ത 10 സെന്റ് സ്ഥലം ബാങ്കിൽ പണയം വച്ചെടുത്ത 3 ലക്ഷം രൂപയുടെ വായ്പ ജപ്തിയുടെ വക്കിലാണ്.

ചികിത്സയ്ക്കായി ചെലവായ ലക്ഷങ്ങളുടെ കടം വേറെ. 80 വയസ്സു കഴിഞ്ഞ മാതാപിതാക്കളുടെ ചെലവിൽ, ജോലിയും വരുമാനവുമില്ലാതെ എത്രനാൾ ജീവിക്കും. ചേച്ചിയുടെ കാരുണ്യത്തിൽ ഈ വീട്ടിൽ ഇനി എത്രനാൾ കഴിയും. ചോദ്യങ്ങൾ മാത്രമാണ് ബാക്കി. സുമനസ്സുകളുടെ കാരുണ്യത്തിൽ മാത്രമാണ് ആശ്രയം. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ കേരള ഗ്രാമീൺ ബാങ്ക്, കാണക്കാരി ശാഖ
∙ അക്കൗണ്ട് നമ്പർ: 40686101083994.
∙ IFSC: KLGB0040686
∙ Gpay: 9567678971

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com