ശരണ്യയെ കട്ടിലിൽ നിന്നും എഴുന്നേൽപ്പിക്കണം, എന്നിട്ടു വേണം സരീഷിനു കടലിൽ പോവാൻ

Mail This Article
തൃശൂർ ∙ ഭാര്യയും മക്കളും സഞ്ചരിച്ചിരുന്ന സ്കൂട്ടർ അപകടത്തിൽ പെട്ടതോടെയാണ് മത്സ്യത്തൊഴിലാളിയായ സരീഷിന്റെ ജീവിതം കീഴ്മേൽ മറിഞ്ഞത്. ഭാര്യ ശരണ്യയും രണ്ടാം ക്ലാസുകാരൻ മകൻ അഭയ് കിഷനും പത്താം ക്ലാസുകാരി അവന്തികയും സഞ്ചരിച്ച സ്കൂട്ടർ കാറുമായി ഇടിക്കുകയായിരുന്നു. ഗുരുതര പരുക്കു പറ്റിയ ശരണ്യ 3 മാസത്തോളം എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശരണ്യയുടെ നട്ടെല്ലു തകർന്നു. തലയ്ക്കും പരുക്കുണ്ടായിരുന്നു. ഗർഭപാത്രത്തിനും പരുക്കുണ്ട്. ഇടതു കയ്യിലെ മാംസം ഭൂരിഭാഗവും പോയതിനാൽ പ്ലാസ്റ്റിക് സർജറി ചെയ്തു. വലതു കൈക്ക് ഒടിവുമുണ്ടായിരുന്നു.
അപകട വാർത്തയറിഞ്ഞു വെറും 300 രൂപയുമായി ആശുപത്രിയിലെത്തിയ സരീഷിനു ചികിത്സയ്ക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് അറിയില്ലായിരുന്നു. പലരുടെയും സഹായം കൊണ്ടും കടം വാങ്ങിയുമാണ് ആശുപത്രിയിലെ ബിൽ അടച്ചത്. ചികിത്സ കഴിഞ്ഞു വീട്ടിലെത്തിയെങ്കിലും ശരണ്യയ്ക്കു കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ നിവൃത്തിയില്ല. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പോലും പരസഹായം വേണം. നട്ടെല്ലിന്റെ പരുക്കു ശരിയാക്കാൻ ഇനിയും സർജറികൾ വേണം. പൈസ ശരിയാവാത്തതിനാൽ സർജറി നീട്ടിക്കൊണ്ടു പോവുകയാണ്.
നാലു ലക്ഷത്തിലധികം രൂപ ഇതുവരെ ചികിത്സയ്ക്കു വേണ്ടിവന്നു. കടലിൽ പോവാൻ കഴിയാത്തതിനാൽ വീട്ടുചെലവുകൾക്കും കടം വാങ്ങുകയാണ്. കട്ടിലിൽ നിന്നും ശരണ്യയ്ക്കു തനിയെ എഴുന്നേറ്റു നടക്കാനെങ്കിലും കഴിഞ്ഞാലേ സരീഷിനു കടലിൽ പോവാൻ കഴിയൂ. പത്താം ക്ലാസിൽ പഠിക്കുന്ന മകളുടെ പഠനം, ഭാര്യയുടെ തുടർ ചികിത്സ അങ്ങനെ കടമ്പകൾ ഓരോന്നും കടക്കുന്നതിനു സരീഷ് സുമനസുകളുടെ സഹായം തേടുകയാണ്. പുത്തൂരിൽ വാടക വീട്ടിലാണു സരീഷും കുടുംബവും താമസിക്കുന്നത്.
9744751750, ബാങ്ക്: സൗത്ത് ഇന്ത്യൻ ബാങ്ക്,
ബ്രാഞ്ച് : തൃപ്രയാർ,
അക്കൗണ്ട് പേര് : സരീഷ് കുമാർ,
അക്കൗണ്ട് നമ്പർ: 0326053000020661
IFSC : SIBL0000326,
ഗൂഗിൾ പേ നമ്പർ: 9188317005