ADVERTISEMENT

മലയാള മനോരമയുടെ ചരിത്രത്താളുകൾ മറിക്കുമ്പോൾ, 1910 ഏപ്രിൽ 16ലെ മുഖപ്രസംഗത്തിൽ ഇങ്ങനെ വായിക്കാം.

‘കുട്ടികൾക്കായി ഒരു പത്രം തുടങ്ങിക്കഴിഞ്ഞാൽ അതു പലരും കേട്ടും കണ്ടും അറിഞ്ഞും വിലവച്ചു വരാൻ കുറഞ്ഞപക്ഷം ഒരു തലമുറക്കാലം വേണ്ടിവരുന്നതാണ്. അതിനാൽ ബാലാരിഷ്ടത കഴിഞ്ഞ ഏതെങ്കിലും പത്രങ്ങളിൽ, അതായതു ‘മനോരമ’യിൽത്തന്നെ പരീക്ഷണാർത്ഥം ചെറിയ കുട്ടികൾക്കായി കുറേ സ്ഥലം അനുവദിച്ചുകൊടുക്കണമെന്ന് ഞങ്ങൾക്കു സമ്മതവും ബഹുമാനവുമുള്ള ഒരാളും ഉൽക്കൃഷ്ട വിദ്യാഭ്യാസം സമ്പാദിച്ച ആളുമായ ഒരു സഹൃദയൻ ഞങ്ങളോട് ആവശ്യപ്പെട്ടതനുസരിച്ച് ഈ ലക്കം മുതൽ ഒരു തുടക്കം ഇട്ടിട്ടുണ്ട്....’

ചരിത്രത്തിലേക്ക് ഒരായിരം വിദ്യാലയങ്ങൾ ഒരുമിച്ചു തുറന്നതുപോലെയുള്ള ഒരു തുടക്കമായിരുന്നു അത്. കുട്ടികളുടെ കലാഭിരുചികൾക്ക് ഇടമേകാൻ ബാലപംക്തിക്കു തുടക്കമായത് അന്നാണ്. എഴുത്തിലും വരയിലും വായനയിലും ആഭിമുഖ്യമുള്ള കുട്ടികളെ സർഗലോകത്തേക്കു വഴി നടത്താനുള്ള നവീനമായ ആശയം നൂറ്റാണ്ടു മുൻപാണെന്ന് ഓർക്കണം.

‘ബാലപംക്‌തി’ക്കു മുന്നോടിയായി, സ്‌കൂൾ വിദ്യാർഥികൾക്കു മനോരമ പകുതിവിലയ്‌ക്കു നൽകുമെന്ന് അതേ വർഷം മാർച്ചിൽ പ്രഖ്യാപിച്ചു. ബാലപംക്‌തിയിൽ കുട്ടികളുടെ പ്രിയപ്പെട്ട ചങ്ങാതിയായി എത്തിയ ‘കൊച്ചേട്ടൻ’ കെ.സി. മാമ്മൻ മാപ്പിള തന്നെയായിരുന്നു.

kc-mammen-mappila-km-cherian-km-mathew
കെ.സി.മാമ്മൻ മാപ്പിള, കെ.എം.ചെറിയാൻ, കെ.എം.മാത്യു

അതീവഹൃദ്യമായും ലളിതസുന്ദരമായും കൊച്ചേട്ടൻ കത്തുകൾ എഴുതി. 1929ൽ അഖില കേരള ബാലജനസഖ്യം പിറന്നതോടെ അതിന്റെ രക്ഷാധികാരിയായും ബാലതോഴനായും എത്തിയ ‘ശങ്കരച്ചേട്ടൻ’ ആ കൊച്ചേട്ടന്റെ പുതുരൂപമായിരുന്നു. ശങ്കരച്ചേട്ടൻ എന്ന പേരിൽ സഖ്യത്തിനു പ്രചോദനമേകിയതാവട്ടെ, എന്റെ പിതാവിന്റെ ജ്യേഷ്‌ഠസഹോദരൻ കെ.എം. ചെറിയാനും.

കുട്ടിക്കഥകളെ അടിസ്‌ഥാനമാക്കി ചോദ്യങ്ങളും മികച്ച ഉത്തരങ്ങൾക്കു സമ്മാനവും കുട്ടികൾക്കായി നീണ്ടകഥകളും ‘മനോരമ’ എന്നു ചിത്രാകൃതിയിൽ തയ്‌ച്ച് അയച്ചുതരാൻ പെൺകുട്ടികളോട് ആവശ്യപ്പെട്ട തയ്യൽ മൽസരവുമൊക്കെയായി ബാലപംക്തി കാലത്തിനു മുൻപേ നടന്നു.

അഖില കേരള ബാലജനസഖ്യം പിറവിയെടുക്കുമ്പോൾ നമ്മുടെ നാട് ‘ഐക്യകേരള’ മായിരുന്നില്ല. നാട്ടുദേശങ്ങളെ വിളക്കിച്ചേർക്കുന്ന ബാലമുന്നേറ്റത്തിനു മനോരമ പത്രാധിപർ കെ. സി.മാമ്മൻ മാപ്പിള ഹരിതപതാക വീശുമ്പോൾ കാലത്തെ മുൻകൂട്ടിക്കണ്ടുവെന്നു നിസ്തർക്കം പറയാം. എന്റെ പിതാവ് കെ.എം.മാത്യുവായിരുന്നു സഖ്യത്തിന്റെ പ്രഥമാംഗം. 90 വർഷങ്ങൾക്കിപ്പുറം ചരിത്രത്തിന്റെ ഇങ്ങേപ്പുറത്തിരുന്ന് ഞാൻ ഈ കുറിപ്പ് എഴുതുമ്പോൾ തലമുറകളെ കണ്ണിചേർക്കുന്ന കാലത്തിന്റെ മഹാവിസ്മയത്തിൽ എനിക്ക് അത്യധികം അഭിമാനമുണ്ട്.

സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണമായ കാലത്തിനൊപ്പം ബാലജനസഖ്യവും വളർ‍ന്നു. 1934ൽ മഹാത്മാ ഗാന്ധി കോട്ടയത്ത് എത്തിയപ്പോൾ സഖ്യം പ്രവർത്തകർ അദ്ദേഹത്തെ ആദരവോടെ വരവേറ്റു. അന്നു ഗാന്ധിജി നൽകിയ ഉപദേശത്തിൽനിന്നാണു ജീവകാരുണ്യപ്രവർത്തനത്തിന്റെ ആർദ്രവഴികളിലേക്കു നടക്കാൻ ബാലജനസഖ്യത്തിന് ഊർജം ലഭിച്ചത്.

nilam-sanjeeva
1982 ജനുവരി 31നു കൊച്ചിയിൽ സഖ്യം കനകജൂബിലി ആഘോഷം രാഷ്ട്രപതി എൻ.സഞ്ജീവ റെഡ്ഡി ഉദ്ഘാടനം ചെയ്യുന്നു. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ സമീപം.

‘ലീഗ് ഓഫ് പിറ്റി സർവീസ്’ സഖ്യത്തിന്റെ സന്നദ്ധസേവനങ്ങളുടെ മുഖ്യവിഭാഗമായി മാറി. ഉത്തരേന്ത്യയിലെ ക്വെറ്റ റിലീഫ് ഫണ്ടിലേക്ക് സഖ്യാംഗങ്ങൾ ഒരു നേരത്തെ ആഹാരം ഉപേക്ഷിച്ച് സംഭാവന നൽകിയതും തെക്കൻതിരുവിതാംകൂറിൽ കോളറ ബാധിതരെ സഹായിക്കാൻ രംഗത്തിറങ്ങിയതുമെല്ലാം ചരിത്രത്തിൽ വായിക്കാം. അധഃകൃതരുടെ വിദ്യാഭ്യാസത്തെ സഹായിക്കാൻ ശങ്കരച്ചേട്ടൻ നൽകിയ ആഹ്വാനം അക്കാലത്തു സൃഷ്ടിച്ച ചലനം ചെറുതല്ല. 1938 സെപ്റ്റംബർ 10നു ദിവാൻ സിപി രാമസ്വാമി അയ്യർ മനോരമയ്ക്കു താഴിട്ട കാലത്തു മാത്രമാണു സഖ്യത്തിന്റെ പ്രവർത്തനം നിലച്ചത്. 1947 നവംബർ 29നു മനോരമ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ സഖ്യവും ഉണർവിലായി.

ജാതീയതയ്ക്ക് എതിരെ തെരുവിലിറങ്ങിയും നിസ്വരായ മനുഷ്യർക്കു തണലൊരുക്കിയും ദുരന്തങ്ങളിൽ നാട് വിറങ്ങലിച്ച നാളുകളിൽ സഹായമേകിയും സഖ്യം എണ്ണമറ്റ സേവനസന്നദ്ധ മാതൃകകൾ സൃഷ്ടിച്ചു. അതു കേരളീയജീവിതത്തിനേകിയ ഉണർവ് കാലം വിലയിരുത്തട്ടെ.

Balajanasakhyam-kalam
2002 നവംബർ 17നു കൊച്ചിയിൽ സംവാദത്തിന് എത്തിയ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാം വിദ്യാർഥികളോടു കുശലാന്വേഷണത്തിൽ.

ആ ഉണർവിലൂടെ വളർന്നു നമ്മുടെ സാമൂഹിക– രാഷ്ട്രീയ ജീവിതത്തിൽ തലപ്പൊക്കത്തോടെ നിൽക്കുന്ന ഒട്ടധികം പ്രതിഭകളെ അഭിമാനത്തോടെ നമുക്കു കാണാം.

2004ൽ സഖ്യത്തിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ മദ്രാസ് മെഡിക്കൽ മിഷന്റെ സഹകരണത്തോടെ നടപ്പാക്കിയ ‘ഹൃദയപൂർവം സഖ്യം’ 90 വർഷത്തെ സഖ്യത്തിന്റെ സേവനശ്രമങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ചുവടുവയ്പാണ്. ഹൃദ്രോഗബാധിതരായ 450 കുഞ്ഞുങ്ങളുടെ ജീവിതത്തിൽ വീണ്ടും പുഞ്ചിരി നിറച്ച ആ അനുഭവത്തിനുണ്ട്, മായാത്ത തിളക്കം. സഖ്യത്തിന്റെ നവതി ആഘോഷം കോട്ടയത്ത് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യുമ്പോൾ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ബാലസഞ്ചയത്തിനു കൈ കോർത്ത് ഞാനും അണിചേരുന്നു. സഖ്യം കൂട്ടുകാർക്ക് സ്നേഹാഭിവാദ്യങ്ങൾ.

indira-gandhi
പ്രധാനമന്ത്രിയായിരിക്കെ 1975 ഏപ്രിൽ 20ന് കോട്ടയം മനോരമ ഓഫിസ് സന്ദർശിച്ച ഇന്ദിരാ ഗാന്ധിക്കു സഖ്യം സംസ്ഥാന ഭാരവാഹികൾ നൽകിയ സ്വീകരണം.

സഖ്യത്തിന് ഗാന്ധിജിയുടെ കയ്യൊപ്പ്

മഹാത്മാ ഗാന്ധിയുടെ കയ്യൊപ്പു പതിഞ്ഞതാണു ബാലജനസഖ്യത്തിന്റെ ചരിത്രയാത്ര. സഖ്യത്തിന്റെ പ്രവർത്തനങ്ങളോടുള്ള ഇഷ്ടം സൂക്ഷിച്ചുകൊണ്ട് 1937 ജനുവരി 30ലെ ‘ഹരിജൻ’ പത്രത്തിൽ Want of thoroughness എന്ന തലക്കെട്ടിൽ ഗാന്ധിജി ഇങ്ങനെ എഴുതി ‘ തിരുവിതാംകൂറിൽ സമസ്ത കേരള ബാലജനസഖ്യം ’ എന്നുപേരായ ഒരു സംഘമുണ്ട്. അതിന്റെ അഭികാമ്യമായ മുദ്രാവാക്യം നാം സേവിക്കുക എന്നാണ്. അതിന്റെ ശാഖയായി ലീഗ് ഓഫ് പിറ്റി എന്നൊരു സ്ഥാപനവും അവർക്കുണ്ട്.’

vv-giri-mammen-mathew
സഖ്യം ഓണററി പേട്രൻ ആയിരുന്ന വി.വി. ഗിരി രാഷ്ട്രപതിയായശേഷം 1970 ജൂലൈ 29നു കോഴിക്കോട് മനോരമയിൽ സഖ്യത്തിന്റെ സ്വീകരണത്തിന് എത്തിയപ്പോൾ.

കാന്താരചന്ദ്രിക - കെ.ആർ. നാരായണൻ

മുൻ രാഷ്‌ട്രപതി കെ.ആർ. നാരായണൻ എഴുതിയ ‘കാന്താരചന്ദ്രിക’ കവിത 1938 ഓഗസ്‌റ്റ് 11നാണു മലയാള മനോരമ ബാലപംക്‌തിയിൽ പ്രസിദ്ധീകരിച്ചത്. ഈ കവിത എഴുതുമ്പോൾ അദ്ദേഹം സിക്‌സ്‌ത് ഫോമിൽ പഠിക്കുകയായിരുന്നു. ‘കെ.ആർ. നാരായണൻ, ഉഴവൂർ’ എന്ന പേരിൽ എഴുതിയ കവിതയുടെ ആദ്യഭാഗം.

വിജനകാന്താര ഭൂമിയിൽ വെൺകതിർ 
വിതറിടും കൊച്ചു ചന്ദ്രികയല്ലി നീ!
പികവധൂടിതൻ ഗാനമകരന്ദം
പകരുമോമനപ്പൊൻകുടമല്ലി നീ!
പ്രകൃതിദേവിതന്നാനനപങ്കജം
പ്രതിഫലിച്ചിടും ദർപ്പണമല്ലി നീ!
കവിതയൂറിത്തുളുമ്പും കവിയുടെ
വികസിതോല്ലാസ മാനസമല്ലി നീ!

കാല്യകാന്തി - ചങ്ങമ്പുഴ കൃഷ്ണപിള്ള

ബാലജനസഖ്യത്തിനുവേണ്ടി, മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച ‘കാല്യകാന്തി’ എന്ന കവിതയിലെ ആദ്യവരികൾ. 1938ൽ സഖ്യം വാർഷിക സമ്മേളനത്തിൽ ചങ്ങമ്പുഴ കവിത അവതരിപ്പിച്ചു. 1941–ൽ കാല്യകാന്തി പുസ്തകമായി.

മഹിമയ്ക്കു വാഴുവാനുള്ള വീടേ,
മലയാളനാടേ ജയിക്ക മേന്മേൽ!
ഭവുകങ്ങൾ പൂത്തു തളിർത്തുനിൽക്കും
ഭവദങ്കച്ഛായയിൽ വിശ്രമിക്കേ;
പുതുവെളിച്ചങ്ങളെ പുൽകിപ്പുൽകി
പുളകം പുതയ്ക്കുന്നു ജീവിതങ്ങൾ!
അഭിനവാദർശങ്ങൾ കർമ്മധീരർ–
ക്കഭിനയവേദിയൊരുക്കിനിൽപൂ.
അണിയുവാൻ വെമ്പുന്നു കൗതുകങ്ങ–
ളറിവിന്റെ വാടാമലർക്കുലകൾ.

സഖ്യസ്മൃതികൾ

നേതാജിയുടെ മകൾ വന്നപ്പോൾ – ഉമ്മൻ ചാണ്ടി (മുൻ മുഖ്യമന്ത്രി)

നേതാജിയുടെ മകൾ ബാലജനസഖ്യം അംഗമായ നിമിഷം മനസ്സിലുണ്ട്. ഞാൻ സഖ്യം സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ കാലത്താണ് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മകൾ അനിത ബോസ് മനോരമ കോട്ടയം ഓഫിസ് സന്ദർശിക്കുന്നത്. ഞങ്ങൾ അന്നത്തെ മാനേജിങ് എഡിറ്റർ കെ.എം. മാത്യുവിനെ സമീപിച്ചു. അനിത ബോസിന് ഓണററി അംഗത്വം നൽകാനാവുമോയെന്ന് ആരാഞ്ഞു. ആവശ്യം   അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു. അനിത സഖ്യം അംഗമായി. നേതാജിയുടെ തിരോധാനം വലിയ ചർച്ചയായ കാലമാണത്. സെന്റ് ജോർജ് ശാഖ അംഗമായാണ് എന്റെ പ്രവർത്തനാരംഭം. പിന്നീടു പുതുപ്പള്ളി യൂണിയൻ ഭാരവാഹിയായി. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു വാശിയോടെ നടന്ന മത്സരവും ഓർക്കുന്നു. .

സൈക്കിളിൽ ഒരു സഖ്യകാലം – വെള്ളാപ്പള്ളി നടേശൻ

സഖ്യം ശാഖകൾ രൂപീകരിക്കാൻ കുര്യാക്കോസ് എന്ന സ്നേഹിതനുമൊത്ത് ചേർത്തല താലൂക്കു മുഴുവൻ സൈക്കിൾ ചവിട്ടിയിട്ടുണ്ട്. അമ്മ പോക്കറ്റ് മണിയായി തന്ന കുറച്ചു പണം സഖ്യം പ്രവർത്തനത്തിനു ചെലവിട്ടിരുന്നു. പാലാ കെ.എം.മാത്യു ആയിരുന്നു അന്നു ശങ്കരച്ചേട്ടന്റെ പ്രതിനിധി. ക്ലാസെടുക്കാനും മറ്റും കോട്ടയം മനോരമയിൽനിന്നു പത്രാധിപൻമാരോ പ്രധാന പ്രതിനിധികളോ എത്തും. അന്നു കോട്ടയത്തുനിന്നു ചേർത്തലയിലേക്ക് എറണാകുളം വഴി എത്തണം. കാറിലാണ് അവരുടെ വരവ്. അന്നു ചേർത്തലയിലൊക്കെ കാർ അപൂർവ വസ്തുവാണ്. അതു കാണാൻ തന്നെ ആളു കൂടും. ഞാൻ സഖ്യത്തിൽ രക്ഷാധികാരി വരെയായി. ചേർത്തലയിലെ മനോരമ ഏജന്റ് പൊന്നാംവെളി സ്വദേശി ചങ്ങാടക്കരി ചേട്ടൻ എന്തിനും ഒപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹായി പള്ളിപ്പുറംകാരൻ ജോസഫും.

നൽകി, പുതിയ ആശയലോകം – കാനം രാജേന്ദ്രൻ (സിപിഐ സംസ്ഥാന സെക്രട്ടറി)

സഖ്യം ക്യാംപിലെ കണിയാപുരം രാമചന്ദ്രന്റെ പ്രസംഗമാണു പൊതു പ്രവർത്തനത്തിലേക്കു തിരിയാൻ എന്നെ പ്രേരിപ്പിച്ചത്. സഖ്യാംഗമായ ഞാൻ ആ ക്യാംപിൽ ആദ്യാവസാനമുണ്ടായിരുന്നു. യൂറോപ്പിലെ സാമൂഹിക സ്ഥിതി, പൊതു പ്രവർത്തനം, യുവാക്കളുടെ ജീവിതരീതി എന്നിവയാണു വിഷയം. വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണു കണിയാപുരത്തിന്റെ വരവ്. എല്ലാവർക്കും തൊഴിൽ, സാമുഹിക നീതി, സൗജന്യ വിദ്യാഭ്യാസം തുടങ്ങിയ പാശ്ചാത്യ മാതൃകകൾ എന്നെ ആകർഷിച്ചു. സാമൂഹിക പ്രവർത്തനത്തിൽ യുവാക്കൾക്ക് ഏറെ ചെയ്യാനുണ്ട് എന്ന അറിവും അന്നത്തെ പ്രസംഗത്തിലൂടെ ലഭിച്ചു. അങ്ങനെ സോഷ്യലിസ്റ്റ് ആശയങ്ങളെക്കുറിച്ചു കൂടുതൽ പഠിക്കുന്നതിന് ഇടയായി.

നിങ്ങളെന്നെ മജിഷ്യനാക്കി – ഗോപിനാഥ് മുതുകാട്

കവളമുക്കട്ടയിലെ ഗോപിനാഥൻ എന്ന കുട്ടിയെ ഗോപിനാഥ് മുതുകാട് എന്ന ഇന്ദ്രജാലക്കാരനാക്കിയത് സഖ്യമാണ്. 1974ൽ പത്താം വയസ്സിൽ ചുങ്കത്തറ പള്ളിയുടെ വേദിയിലായിരുന്നു അരങ്ങേറ്റം. പ്രകടനം പരാജയമായി. ജീവിതത്തിലെ വലിയ മോഹമായ മാജിക്കുകാരനാകാൻ കഴിയില്ലെന്നു കണ്ണീരോടെ തിരിച്ചറിഞ്ഞ കാലം. പക്ഷേ, നിലമ്പൂരിലെ കൺമണി സഖ്യം എന്നെ തിരികെക്കൊണ്ടുവന്നു. അവർ വേദി യൊരുക്കി. കുഞ്ഞുപ്രകടനത്തിനു മുൻപിൽ നിർത്താതെ കയ്യടിച്ചു. എന്നെ മാജിക്കുകാരനാക്കി. ആദ്യമായി എന്റെ ഫോട്ടോ പത്രത്തിൽ അച്ചടിച്ചുവന്നത് സഖ്യം പേജിലാണ്. നൂറുകണക്കിന് വേദികളിൽ എനിക്ക് അവസരം ലഭിച്ചു. പിന്നീട് പൂക്കോട്ടുംപാടത്ത് പൂക്കണി സഖ്യം രൂപവൽകരിച്ച് അതിന്റെ രക്ഷാധികാരിയായി പ്രവർത്തിച്ചതും മറക്കാനാകില്ല.

പടവുകൾ

1910 ഏപ്രിൽ 16
മലയാള മനോരമയിൽ ബാലപംക്തിക്കു തുടക്കം. ‘കൊച്ചേട്ടൻ’ എന്ന തൂലികാനാമത്തിൽ പത്രാധിപർ കെ.സി. മാമ്മൻ മാപ്പിള
കുട്ടികൾക്കായി എഴുതുന്നു.

∙ 1929 മേയ് 29
ബാലപംക്തി തുടങ്ങി 19 വർഷങ്ങൾക്കു ശേഷം അഖിലകേരള ബാലജനസഖ്യം ആരംഭിച്ചു. ഈശ്വര ഭക്തി, രാജ്യസ്നേഹം, പൊതുജന സേവനം എന്നതാണു മുഖമുദ്ര. സഖ്യത്തിനു മുദ്രാവാക്യം എഴുതാൻ കുട്ടികളോട് അഭ്യർഥിച്ചു. WE SERVE തിരഞ്ഞെടുക്കപ്പെട്ടു.

1931 ഏപ്രിൽ 
ജാതീയതയ്ക്ക് എതിരെ സഖ്യത്തിന്റെ നേതൃത്വത്തിൽ മിശ്രഭോജനം. പ്രതീകാത്മകമായി ജാതിപ്പിശാചിന്റെ കോലം കത്തിക്കൽ.

∙ 1934 ജനുവരി 
കേരളത്തിലെത്തിയ മഹാത്മാ ഗാന്ധിയെ സഖ്യം പ്രതിനിധികൾ സന്ദർശിക്കുന്നു. സേവനപ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നാൻ ഗാന്ധിജിയുടെ ഉപദേശം. അതേ വർഷം കുട്ടികൾക്കായി ദ്രുതകവന മത്സരം. വിഷയം നിർദേശിച്ചതു മഹാകവി വള്ളത്തോൾ.

∙ 1938 സെപ്റ്റംബർ 10
ദിവാൻ സിപി രാമസ്വാമി അയ്യരുടെ പൊലീസ് മലയാള മനോരമ മുദ്രവയ്ക്കുന്നു. സഖ്യം പ്രവർത്തനം നിലച്ചു. 9 വർഷത്തിനുശേഷം മനോരമയുടെ ഉയിർത്തെഴുന്നേൽപ്.

∙ 1948 ജനുവരി 28
ബാലപംക്തി വീണ്ടും പ്രസിദ്ധീകരിച്ചുതുടങ്ങുന്നു.

∙ 1954 മേയ് 22
രജതജൂബിലി ആഘോഷം കോട്ടയത്ത്. ഉദ്ഘാടനം ചെയ്തത് സർദാർ കെ. എം. പണിക്കർ. കേന്ദ്രമന്ത്രി പനമ്പിളളി ഗോവിന്ദമേനോൻ അധ്യക്ഷനായി.

∙ 1978 സെപ്റ്റംബർ 9
നിർധനർക്കു വീടു നൽകുന്ന പദ്ധതിക്കു മല്ലപ്പള്ളിയിൽ തുടക്കം. മുഖ്യമന്ത്രി എ. കെ. ആന്റണി താക്കോൽ സമർപ്പിച്ചു.

∙ 1981 ജനുവരി 4
ഡോ. പി.സി. അലക്സാണ്ടർ എൻഡോവ്മെന്റ് സംസ്ഥാനതല പ്രസംഗമത്സരത്തിനു മാവേലിക്കരയിൽ തുടക്കം.

 1982 ജനുവരി 31
കൊച്ചിയിൽ സഖ്യം കനകജൂബിലി ആഘോഷം. രാഷ്ട്രപതി എൻ. സഞ്ജീവ റെഡ്ഡി ഉദ്ഘാടകൻ.

∙ 1990 മേയ് 29
വജ്രജൂബിലി വർഷം. കോട്ടയം കുറിച്ചി പാപ്പാൻചിറ പുത്തൻകോളനിയിലും പാമ്പാക്കുട പഞ്ചായത്തിലെ ആൽപാറ ലക്ഷം വീട് കോളനിയിലും വയനാട്ടിലെ കുപ്പക്കൊല്ലിയിലും വജ്രജൂബിലി സ്മാരക കമ്യൂണിറ്റി ഹാളുകൾക്കു ശിലയിട്ടു.

∙ 2002 നവംബർ 17
രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമുമായി ‘ എന്റെ സ്വപ്നത്തിലെ ഇന്ത്യ’ എന്ന വിഷയത്തിൽ സഖ്യം പ്രതിനിധികളുടെ സംവാദം. സഖ്യത്തിന്റെ വെബ്സൈറ്റ് അദ്ദേഹം ഉദ്ഘാടനം ചെയ്തു.

∙ 2004 സെപ്റ്റംബർ 5
പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ‘ഹൃദയപൂർവം സഖ്യം’ പദ്ധതി. മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ പിന്തുണയോടെ 2018 വരെ 450 കുഞ്ഞുങ്ങൾക്കു ഹൃദയശസ്ത്രക്രിയ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com