ADVERTISEMENT

സിബിഐ ഡയറക്ടറുടെ കസേരയിൽ ഇരിക്കേണ്ട താമസമേയുള്ളു, വിവാദങ്ങൾ ചുറ്റിപ്പറ്റും. പേരുദോഷം ബാധിച്ച, രാജ്യത്തെ ഉന്നത അന്വേഷണ ഏജൻസിയുടെ പുതിയ ഡയറക്ടർ ഋഷികുമാർ ശുക്ലയും ഒരു അഗ്നിപരീക്ഷ നേരിടുന്നു. ഉൾപ്പോരു മൂലം താളംതെറ്റിയ ഏജൻസിയിൽ പുതിയൊരു യോജിപ്പ് ഉണ്ടാക്കിയെടുക്കാനുള്ള തയാറെടുപ്പിനിടെയാണ് ബംഗാളിൽ മമത ബാനർജി ഉയർത്തിയ അഗ്നിജ്വാലകൾ അദ്ദേഹത്തെ വലയംചെയ്തത്.

സത്യസന്ധനായ ഓഫിസറായാണ് സ്വന്തം സംസ്ഥാനമായ മധ്യപ്രദേശിൽ ശുക്ല അറിയപ്പെടുന്നത്. രാഷ്ട്രീയ മേലധികാരികളിൽനിന്ന് അദ്ദേഹം കൃത്യമായ അകലം പാലിക്കുന്നു. കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അദ്ദേഹത്തെ ഡിജിപി സ്ഥാനത്തുനിന്നു നീക്കിയെങ്കിലും ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള മുൻ ബിജെപി സർക്കാരുമായി അദ്ദേഹം ഔദ്യോഗികവും ഔപചാരികവുമായ ബന്ധം നിലനിർത്തിയിരുന്നു. സംസ്ഥാന, കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിലെ ദീർഘകാല സേവനപരിചയം മൂലമാകാം, നേരുള്ള ഉദ്യോഗസ്ഥനെന്ന പ്രതിച്ഛായ എപ്പോഴും നിലനിർത്താൻ അദ്ദേഹം മറ്റ് ഓഫിസർമാരെക്കാൾ ജാഗ്രത കാട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ബാച്ചുകാരായ ചിലർ പ്രതീക്ഷിക്കുന്നത് കേന്ദ്രസർക്കാരിലെ ചതുപ്പുകളിലും അദ്ദേഹം തന്റെ പ്രതിച്ഛായ നിലനിർത്തുമെന്നാണ്. അവിടെ പ്രധാനമന്ത്രിയുടെ ആഗ്രഹം, രാഷ്ട്രീയ എതിരാളികൾക്കു പിന്നാലെ സിബിഐ പായണമെന്നാണ്. സിബിഐ കേസ് വരുമ്പോഴൊക്കെ അതിൽ ഗൂഢാലോചനയുള്ളതായി പ്രതിപക്ഷവും മുറവിളികൂട്ടുന്നു.  

ശുക്ലയുടെ 3 മുൻഗാമികളും – എ.പി.സിങ്, രഞ്ജിത് സിൻഹ, ആലോക് വർമ – തങ്ങൾ നയിച്ച ഏജൻസിയുടെതന്നെ അന്വേഷണം നേരിടുകയാണ്. സിബിഐ ഡയറക്ടർ പദവിയുടെ പ്രതിച്ഛായ എത്രത്തോളം മങ്ങിയെന്ന് ഇതു വ്യക്തമാക്കുന്നു. അനിൽ സിൻഹയ്ക്കു മാത്രമാണ് വിവാദമില്ലാതെ 2 വർഷ കാലാവധി പൂർത്തിയാക്കാനായത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ ഇന്റലിജൻസ് ബ്യൂറോയുടെ ഡയറക്ടറായിരുന്നപ്പോൾ അദ്ദേഹത്തോടൊപ്പം ജോലിചെയ്ത ശുക്ലയ്ക്കു മുന്നിൽ ഇപ്പോഴുള്ള ദൗത്യങ്ങൾ ഭീമമാണ്. സങ്കീർണമായ ബംഗാൾ പ്രതിസന്ധി കൈകാര്യം ചെയ്യണം. കൊൽക്കത്തയുടെ തെരുവുകളിലേക്കു പടർന്ന പ്രതിസന്ധി, ദേശീയ രാഷ്ട്രീയവിവാദമായതോടെ അത് സിബിഐയുടെ കൈവിട്ടുപോയ സ്ഥിതിയാണ്. 

ഇടക്കാല ഡയക്ടറായിരുന്ന നാഗേശ്വര റാവു സ്വീകരിച്ച നടപടികളും ശുക്ലയ്ക്കു പരിശോധിക്കേണ്ടതുണ്ട്. പുറത്താക്കപ്പെട്ട ഡയറക്ടർ ആലോക് വർമയുടെ സംഘത്തെ പലവഴിക്കു ചിതറിക്കാനുള്ള വ്യഗ്രതയിലായിരുന്നു റാവു. വർമയുമായി ഏറ്റുമുട്ടിയ മുൻ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയുടെ നിലപാടുകളെ ശരിവയ്ക്കുന്ന തീരുമാനങ്ങളാണ് റാവു എടുത്തതും. ഉൾപ്പോരിൽ ഉൾപ്പെട്ട ഓഫിസർമാരെ മാറ്റിക്കൊണ്ടുള്ള ശുദ്ധീകരണപ്രക്രിയ ആവശ്യമുണ്ടോയെന്നു ശുക്ല തീരുമാനിക്കേണ്ടിവരും. അത്തരക്കാരെ ഒഴിവാക്കുന്നത് സിബിഐയിലെ ഉപജാപകവൃന്ദം ഇല്ലാതാക്കാൻ സഹായിക്കുമെങ്കിലും അതിനു രാഷ്ട്രീയനേതൃത്വത്തിന്റെ സമ്മർദം അതിജീവിക്കേണ്ടിവരും.

സിബിഐയിലെ ആഭ്യന്തര തർക്കങ്ങളിൽ ആലോക് വർമ പക്ഷത്തെ നാണംകെടുത്താനാണ് രാഷ്ട്രീയ നേതൃത്വം ആഗ്രഹിക്കുന്നത്; അസ്താന പക്ഷത്തിന് ഉപകാരങ്ങൾ ചെയ്തുകൊടുക്കാനും. ബംഗാൾ മുഖ്യമന്ത്രിയുടെ തുറന്ന പിന്തുണയുള്ള കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെതിരെ ആവശ്യമായ തെളിവുകളുണ്ടെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. റാവു തുടങ്ങിവച്ച ഈ നടപടികൾ ശുക്ലയ്ക്കു തുടരേണ്ടിവരും. 

റെയ്ഡുകൾ നടത്താനും പ്രതിപക്ഷത്തെ ഉന്നതരായ നേതാക്കളെ അറസ്റ്റ് ചെയ്യാനും സിബിഐ, എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് എന്നിവയ്ക്കുമേൽ മോദിസർക്കാർ സമ്മർദം ചെലുത്തുന്നുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരത്തിനെതിരെ പ്രോസിക്യൂഷൻ നടപടികൾക്കു കേന്ദ്രസർക്കാർ അനുമതി നൽകിക്കഴിഞ്ഞു. ഖനിക്കേസുകളിൽ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെ നിയമനടപടിക്ക് യുപി ഗവർണറും അനുമതി നൽകിയേക്കും. കോൺഗ്രസ് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയ്ക്കെതിരെ പ്രോസിക്യൂഷൻ അനുമതിക്കായി ഹരിയാന സർക്കാരും തിടുക്കപ്പെടുകയാണ്. 

സിബിഐയിലെ സഹപ്രവർത്തകർക്കു പുറമേ, പ്രതിപക്ഷ കക്ഷികളും അഴിമതിവിരുദ്ധ അഭിഭാഷകരും മാധ്യമങ്ങളും ശുക്ലയുടെ ഓരോ നീക്കവും നിരീക്ഷിക്കും. ഇത്തരത്തിൽ പൊതുനിരീക്ഷണത്തിന്റെ ചില്ലുകൂടിനുള്ളിൽ മറ്റൊരു പൊലീസ് ഓഫിസറും പ്രവർത്തിക്കേണ്ടിവരില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com