ADVERTISEMENT

വയോധികൻ വഴിയരികിലിരുന്നു കുഴി കുഴിക്കുകയാണ്. അതുവഴി പോയ സഞ്ചാരി ചോദിച്ചു, നിങ്ങളെന്താണു ചെയ്യുന്നത്? വയോധികൻ പറഞ്ഞു, മാവിൻതൈ നടുകയാണ്. ‘മരിക്കുന്നതിനു മുൻപ് ഒരു മാമ്പഴമെങ്കിലും ഈ മാവിൽനിന്നു കഴിക്കാൻ താങ്കൾക്കു സാധിക്കുമോ? പിന്നെന്തിനാണ് ഈ വയസ്സുകാലത്ത് ഇത്രയും കഷ്‌ടപ്പെടുന്നത്? 

സഞ്ചാരിയുടെ ചോദ്യത്തിന് വയോധികൻ സ്നേഹത്തോടെ മറുപടി പറഞ്ഞു – ‘എനിക്ക് ഇതിൽനിന്നു മാമ്പഴമൊന്നും കഴിക്കാനാകില്ല. പക്ഷേ, ഞാൻ ഇത്രനാൾ കഴിച്ച മാമ്പഴമെല്ലാം മറ്റാരൊക്കെയോ നട്ട മാവിൽ നിന്നുള്ളതായിരുന്നു. ഇത് അവരോടുള്ള എന്റെ കടപ്പാടും വരുംതലമുറയോടുള്ള എന്റെ കടമയുമാണ്’. 

ആരും ഒന്നും സ്വന്തമാക്കുന്നില്ല; ഒന്നിന്റെയും അവകാശിയാകുന്നുമില്ല. ഒരു വാടകക്കാരന്റെ ചുമതല ഭംഗിയായി നിറവേറ്റി പോകുക എന്നതാണ് എല്ലാവരുടെയും ഉത്തരവാദിത്തം. വരുന്നതിനു മുൻപും പോയതിനു ശേഷവും മറ്റാരുടെയൊക്കെയോ ആണ് ഇപ്പോൾ ജീവിക്കുന്ന സ്ഥലവും ചെയ്യുന്ന തൊഴിലും കൈവരിക്കുന്ന നേട്ടങ്ങളുമെല്ലാം. ആരാണ് ഒരു നിശ്ചിത കാലത്തിനപ്പുറം എന്തെങ്കിലും കൈവശം വച്ചിട്ടുള്ളത്? എല്ലാം വിവേകപൂർവം കൈകാര്യം ചെയ്‌ത് വരുംതലമുറയ്‌ക്കു കൈമാറാൻ കഴിഞ്ഞാൽ, അതാകും ജീവിതത്തിലെ വലിയ പുണ്യം. 

നേടിയതിനുള്ള കൃതജ്‌ഞതയാണ് നൽകൽ. എന്തൊക്കെ അവകാശമാക്കി എന്നതിനൊപ്പം, എന്തൊക്കെ അവശേഷിപ്പിച്ചു എന്നതിന്റെകൂടി ഉത്തരമാണു ജീവിതം. തലമുറകൾക്കപ്പുറം ചിന്തിക്കാൻ ശേഷിയുള്ളവരുടെ ക്രാന്തദർശിത്വം കൊണ്ടാണ് ഓരോ നാടും കാലത്തിനപ്പുറം സഞ്ചരിക്കുന്നത്. 

സ്വന്തം ആയുസ്സിനെക്കുറിച്ചു മാത്രം കരുതലുള്ളവർ വിളവിനെക്കുറിച്ചു ചിന്തിക്കും; വരുംകാലത്തിനു കാവലാളാകുന്നവർ വിത്തിനെക്കുറിച്ചും. തനിക്ക് ഉപകാരപ്പെടില്ല എന്നറിഞ്ഞിട്ടും തനതു പ്രവർത്തനങ്ങൾ തുടരുന്നവരുടെ സാമിപ്യം ചുറ്റുപാടിനെ ഫലസമൃദ്ധവും നിഷ്കളങ്കവുമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com