ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തിലേക്കു കടക്കുമ്പോൾ ഇടതുമുന്നണിക്കകത്ത് മർമപ്രധാനമായ ഒരു ചോദ്യമുയരുന്നുണ്ട്: തിരുവനന്തപുരം സീറ്റിൽ സിപിഐ തന്നെ മൽസരിക്കുമോ? 2004ലും ഇതേ പ്രശ്നം ഉയർന്നിരുന്നു; തിരുവനന്തപുരത്തു വിജയസാധ്യതയുള്ള ഒരു സ്ഥാനാർഥിയെ സിപിഐക്കു കണ്ടെത്താൻ‍ കഴിയുന്നില്ലെന്ന പ്രതിസന്ധി. അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എം.വിജയകുമാർ നേരെ സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിലെത്തി. സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവന്റെ മുന്നിൽ മടിച്ചുമടിച്ച് ഒരു നിർദേശം വച്ചു. ‘തിരുവനന്തപുരത്തു ജയിക്കണമെങ്കിൽ നമുക്ക് പികെവിയെ രംഗത്തിറക്കണം’.

പാർലമെന്ററി രാഷ്ട്രീയമെല്ലാം അവസാനിപ്പിച്ച് പകുതി വിശ്രമജീവിതത്തിലായ പികെവിയെ അതിനൊന്നും ഇനി കിട്ടില്ലെന്ന് ക്ഷിപ്രകോപിയായ വെളിയം തീർത്തുപറഞ്ഞു. പക്ഷേ, വിജയകുമാർ എഴുന്നേറ്റു പോകില്ലെന്നു തോന്നിയപ്പോൾ ഇത്രയുംകൂടി പറഞ്ഞു: ‘എങ്കിൽ താൻ പോയി പികെവിയോടു സംസാരിക്ക്’. 

സിപിഐയുടെയും വെളിയത്തിന്റെയും സമ്മതമില്ലാതെ പികെവിക്കു മുന്നിൽ ഇത് അവതരിപ്പിക്കാൻ കഴിയില്ലെന്നതിനാൽ വിജയകുമാറിനു വേണ്ടതും ഈ മറുപടി തന്നെയായിരുന്നു. അടുത്തദിവസം പികെവിയെക്കണ്ടു കാര്യം പറഞ്ഞപ്പോൾ വലിയ ‘നോ’ തന്നെ കിട്ടി. പിന്നെപ്പിന്നെ അതു മൗനത്തിനു വഴിമാറി. പലതരത്തിലുള്ള സമ്മർദങ്ങൾക്കൊടുവിൽ മനസ്സില്ലാമനസ്സോടെ ഒരിക്കൽക്കൂടി അങ്കത്തട്ടിലേക്കിറങ്ങാമെന്ന് ആ മുൻമുഖ്യമന്ത്രി സമ്മതിച്ചു. അതിശയവും അമ്പരപ്പുമായിരുന്നു അതു കേട്ടപ്പോൾ ‘ആശാന്റെ’ മുഖത്തെന്ന് സിപിഐ നേതാക്കൾതന്നെ ഓർമിക്കുന്നു. 

തുറുപ്പുചീട്ടിനെ ഇറക്കിയാൽപിന്നെ സംശയിക്കേണ്ട കാര്യമില്ല. അങ്ങനെ പികെവിയിലൂടെ സിപിഐ തിരുവനന്തപുരം തിരിച്ചുപിടിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്ന് ഉപതിര‍ഞ്ഞെടുപ്പു വേണ്ടിവന്നപ്പോൾ, പാർട്ടി അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന പന്ന്യൻ രവീന്ദ്രനെ സ്ഥാനാർഥിയാക്കുന്നതിലും സിപിഎമ്മിന്റെ ഇടപെടലുണ്ടായി. അതിനു മുൻപ് തിരഞ്ഞെടുപ്പു മൽസരത്തിനു സന്നദ്ധനാകണമെന്നഭ്യർഥിച്ച് ഒഎൻവിയെ സിപിഐ നേതാക്കൾ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ ഉപാധിതന്നെ ഇതായിരുന്നു: ‘അതു സിപിഎംകൂടി നിർദേശിക്കണം’. കഴിഞ്ഞതവണ ബെന്നറ്റ് ഏബ്രഹാമിനെ നിർത്തി പേയ്മെന്റ് സീറ്റെന്ന പേരുദോഷം സിപിഐ വാങ്ങിച്ചെടുത്തപ്പോഴും ആ സ്ഥാനാർഥിത്വത്തിനു പിന്നിൽ ചില സിപിഎം നേതാക്കളുടെ കരങ്ങൾ പലരും കണ്ടിരുന്നു.

ഒന്നിച്ചു തിരയാം

ഭരണ–രാഷ്ട്രീയ തലസ്ഥാനമായ തിരുവനന്തപുരത്തു സ്ഥാനാർഥിയെ നിശ്ചയിക്കുന്നത് മറ്റിടങ്ങളിലെപ്പോലെ ബന്ധപ്പെട്ട പാർട്ടി ഏകപക്ഷീയമായല്ല എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. മുൻപൊക്കെ സിപിഎമ്മിനു ചൂണ്ടിക്കാട്ടാനെങ്കിലും സിപിഐയിൽ ഒരാളുണ്ടായിരുന്നെങ്കിൽ, ഇത്തവണ അതുമില്ലെന്നാണ് നേതാക്കൾ പറയുന്നത്. അതുകൊണ്ടുതന്നെ തിരുവനന്തപുരത്തിനു പകരം മറ്റൊരു സീറ്റെടുക്കുന്നോ എന്ന ചോദ്യം സിപിഐക്കു മുന്നിൽ സിപിഎം വച്ചിരുന്നു. ആശങ്ക വേണ്ടെന്നും പറ്റിയ സ്ഥാനാർഥിയെ കണ്ടെത്തുമെന്നും സിപിഐ ഉറപ്പുപറഞ്ഞെങ്കിലും അതിലേക്കെത്താൻ പാർട്ടിക്കു കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ, ഉഭയകക്ഷി ചർച്ചയിൽ നീറുന്നൊരു വിഷയമായി ഇക്കാര്യം തുടരും. 

സ്ഥാനാർഥിയന്വേഷണ പരീക്ഷണങ്ങൾ തിരുവനന്തപുരം സീറ്റിൽ മാത്രമല്ല ഇടതുമുന്നണിയെ അലട്ടുന്നത്. മാവേലിക്കരയിലും സിപിഐക്കു പറ്റിയ സ്ഥാനാർഥിയായിട്ടില്ല. കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിന്റെ പേര് ഉയരുന്നുവെങ്കിലും കെപിഎംഎസിലെ ഒരു വിഭാഗത്തിന്റെ നേതാവിനെ തങ്ങളുടെ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാൻ സിപിഐ ആഗ്രഹിക്കുന്നില്ല.

വയനാട്ടിലെ കാര്യവും വ്യത്യസ്തമല്ല. പഴയ സീറ്റായ പൊന്നാനി സിപിഐ തിരിച്ചെടുത്തു വയനാട് വിട്ടുകൊടുക്കണമെന്നു സിപിഎം ആഗ്രഹിക്കുന്നു. കഴിഞ്ഞതവണ അക്കാര്യം സീറ്റ് ചർച്ചയിൽ അവർ ചൂണ്ടിക്കാട്ടിയെങ്കിലും വയനാടുതന്നെ വേണമെന്ന് സിപിഐ ‘നിർബന്ധം പിടിക്കുകയായിരുന്നു’ എന്നാണു കേന്ദ്ര നേതൃത്വത്തെ സിപിഎം ധരിപ്പിച്ചത്. 2014ൽ സത്യൻ മോകേരി 20,870 സീറ്റിനു തോറ്റ വയനാട്, എന്തിന് വൻമാർജിനിൽ തോറ്റ സീറ്റുകളുമായി വച്ചുമാറണമെന്ന ചോദ്യമാണു സിപിഐയുടേത്.

തുറുപ്പുകളെത്തേടി സിപിഎമ്മും

യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളിൽ അവരെ വെല്ലുവിളിച്ച് സീറ്റ് തിരിച്ചുപിടിക്കാൻ പോന്ന സ്ഥാനാർഥികളുടെ ക്ഷാമം സിപിഎമ്മിനെയും അലട്ടുന്നു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം സീറ്റുകളിലൊന്നും യോജ്യരായ സ്ഥാനാർഥികളെ കണ്ടെത്താനാകാത്തതിന്റെ പരുവക്കേടിലാണു പാർട്ടി. 2014ൽ ഉറച്ച സീറ്റുകളെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിചാരിച്ച കണ്ണൂർ, കൊല്ലം, ആലപ്പുഴ, വടകര, കോഴിക്കോട്, തിരുവനന്തപുരം എന്നിവയിൽ കണ്ണൂർ മാത്രമാണ് അന്നു പാർട്ടിയുടെ കണക്കുകൂട്ടൽ തെറ്റിക്കാതിരുന്നത്. സാധ്യതാപട്ടികയിൽ രണ്ടാമത്തെ വിഭാഗത്തിലുണ്ടായിരുന്ന തൃശൂരിൽ ജയിക്കുകയും മാവേലിക്കരയിൽ പരാജയപ്പെടുകയും ചെയ്തു. 

കടുത്ത മത്സരത്തിലൂടെ പിടിച്ചെടുക്കാമെന്നു കരുതിയ മൂന്നാം വിഭാഗത്തിലെ മൂന്നു സീറ്റുകളിൽ പത്തനംതിട്ടയിലൊഴികെ, ഇടുക്കിയിലും ചാലക്കുടിയിലും വിജയപതാകയും പാറിച്ചു. രണ്ടിടത്തും യുഡിഎഫിനെ തുടക്കത്തിലേ അമ്പരപ്പിക്കുകയും പിന്നോട്ടടിക്കുകയും ചെയ്തത് ഇടതു സ്ഥാനാർഥി നിർണയമാണ്. ഇടുക്കിയിൽ ഹൈറേഞ്ച് സംരക്ഷണസമിതിയുടെ നേതാവ് ജോയ്സ് ജോർജും ചാലക്കുടിയിൽ നടൻ ഇന്നസന്റും! നാടകീയമായ അത്തരം ഉദയങ്ങൾക്കായി ഇടതുമുന്നണി കാത്തിരിക്കുന്നു; തലസ്ഥാനത്തടക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com