sections
MORE

അപകടമരണങ്ങളുടെ ആലപ്പുഴ

SHARE

റോഡ് അപകടമരണങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകളാണു കുറച്ചുനാളുകളായി ആലപ്പുഴ ജില്ലയ്ക്കു പറയാനുള്ളത്. പുതുവർഷം പിറന്നിട്ട് ഒന്നര മാസം പോലുമായില്ല. അതിനകം 52 മരണം. ഏറ്റക്കുറച്ചിലുണ്ടെങ്കിലും മറ്റു ജില്ലകളിലെയും അവസ്ഥ ഇങ്ങനെയൊക്കെയാവാം. എന്നിട്ടും അപകടം നിയന്ത്രിക്കേണ്ട അധികൃതരിൽനിന്നു കാര്യമായ പ്രതികരണമില്ല.  ഈ അലസത തുടർന്നാൽ അപകടങ്ങളും മരണങ്ങളും വർധിക്കും.

ആലപ്പുഴ ജില്ലയിൽ കഴിഞ്ഞവർഷം ആകെ അപകടമരണം 373. അപകടങ്ങളും മരണവും കുറയുന്നുണ്ടെന്നാണു പൊലീസിന്റെ അവകാശവാദം. എന്നാൽ, അങ്ങനെ ആശ്വസിക്കാൻ വകയില്ലെന്ന് ഈ വർഷം ഇതുവരെയുള്ള കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. റോഡിൽ പരിശോധനയ്ക്കു പൊലീസ് ഉണ്ടാകുമെന്ന് ഉറപ്പായാൽ എല്ലാവരും ഹെൽമറ്റും സീറ്റ് ബെൽറ്റും ഉറപ്പാക്കും; വേഗം കുറയ്ക്കും. റോഡിൽ അച്ചടക്കമുണ്ടാകുകയും അപകടങ്ങൾ കുറയുകയും ചെയ്യും.

മോട്ടോർ വാഹന വകുപ്പിൽ റോഡ് സുരക്ഷയ്ക്കായി പ്രത്യേക വിഭാഗം തന്നെയുണ്ട്. എല്ലാ ജില്ലകളിലും അതിനു മാത്രമായി ആർടിഒമാരെയും മറ്റ് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. രാപകൽ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കുകയാണ് അവരുടെ ചുമതല. അതും നടക്കുന്നുണ്ടെന്നാവും മറുപടി. പക്ഷേ, അപകടങ്ങൾ തുടരുകയാണ്. വാഹനങ്ങളുടെ അമിതവേഗമാണു മിക്ക അപകടത്തിനും കാരണമെന്നാണു പൊലീസ് നിരീക്ഷണം. ആരാണ് അമിതവേഗവും അശ്രദ്ധയും തടയേണ്ടത്? നിയമം കർശനമായി നടപ്പാക്കാൻ മോട്ടോർ വാഹന വകുപ്പിനും എന്താണു തടസ്സം?

പൊലീസിനെയും നിയമത്തെയും പേടിയില്ലാത്ത അവസ്ഥയിലേക്കു നമ്മുടെ നഗരങ്ങൾ മാറിക്കൂടാ. പരിശോധനകൾ ഒഴിവാക്കിയല്ല പൊലീസ് ജനകീയമാകേണ്ടത്. എല്ലാ ജില്ലയിലും കലക്ടർ അധ്യക്ഷനായി റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി(ആർടിഎ)യുണ്ട്. കൃത്യമായ ഇടവേളകളിൽ യോഗം ചേരാറുമുണ്ട്. അടിയന്തരഘട്ടങ്ങളിൽ യോഗം ചേരാതെയും നടപടിയെടുക്കാൻ വ്യവസ്ഥയുണ്ട്.

ആലപ്പുഴയിലെ അപകടങ്ങൾ ഏറെയും ദേശീയപാതയിലാണ്. റോഡ് സുരക്ഷയ്ക്കായി ദേശീയപാത അതോറിറ്റിക്ക് എന്തൊക്കെ ചെയ്യാനാകും, അതെല്ലാം ചെയ്യുന്നുണ്ടോ എന്ന വിലയിരുത്തൽ ഇനിയെങ്കിലും വേണം. മരാമത്ത് വകുപ്പും കടമകൾ പാലിക്കണം. റോഡിൽ വെളിച്ചമില്ലാത്ത സ്ഥലങ്ങളിലാണു പല അപകടങ്ങളും സംഭവിക്കുന്നത്. വഴിവിളക്കു തെളിക്കേണ്ട തദ്ദേശ ഭരണ സ്ഥാപനങ്ങളും വൈദ്യുതി ബോർഡും കൈകോർക്കണം, കണ്ണു തുറക്കണം.

ഉദ്യോഗസ്ഥ നടപടികൾ പോരാ എന്നു തോന്നിയാൽ മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ശക്തമായി ഇടപെടണം. ഇതു തന്റെ വകുപ്പാണോ എന്നു മന്ത്രിമാരും തന്റെ മണ്ഡലമാണോ എന്നു ജനപ്രതിനിധികളും ശങ്കിക്കരുത്. മരണത്തിനു വകുപ്പും മണ്ഡല അതിരുകളുമില്ല.

അമിതവേഗക്കാരെ പിന്തുടർന്നു പിടിക്കാനുള്ള പൊലീസിന്റെ ശ്രമത്തിനിടയിലും അപകടങ്ങളുണ്ടായിട്ടുണ്ട്. പിന്തുടർന്നല്ലാതെ നടപടിയെടുക്കാൻ സാങ്കേതികവിദ്യാ സഹായത്തോടെ മാർഗങ്ങൾ കണ്ടെത്താനാകും. റോ‍‍ഡിൽ എന്തുമാകാമെന്നു ചിന്തിക്കുന്ന കുറച്ചുപേരെങ്കിലും സമൂഹത്തിലുണ്ട്. അവരുടെ മനോഭാവം മാറിയാൽത്തന്നെ അപകടങ്ങൾ കുറയുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഏതു നടപടിക്കും ജനങ്ങളുടെ പിന്തുണ വിലപ്പെട്ടതാണെന്ന് അർഥം. അധികൃതരും ജനങ്ങളും ഒന്നിച്ചുണരണം.

റോഡ് പന്തയക്കളമല്ലെന്ന തിരിച്ചറിവിൽ നമുക്കു പാച്ചിലിന്റെ വേഗം കുറയ്ക്കാം. നിയമങ്ങൾ പാലിക്കുന്നതു നാണക്കേടല്ലെന്നും അവ നമ്മുടെ ജീവന്റെ കവചമാണെന്നും ഓർക്കാം. നിയമപാലകർ ആ യാത്രയിൽ കാവൽവിളക്കാകട്ടെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA