ADVERTISEMENT

കഴിഞ്ഞ ജനുവരി 30ന് രാജ്യം ഗാന്ധിജിയുടെ 71ാം ചരമവാർഷികം ആചരിച്ചപ്പോൾ, ഉത്തർപ്രദേശിലെ അലിഗഡിൽ മഹാത്മയുടെ ഹൃദയഭേദകമായ വധം ഹിന്ദുമഹാസഭ പുനരാവിഷ്കരിക്കുകയുണ്ടായി. ആ സംഘടനയുടെ ദേശീയ നേതാവ് പൂജ ശകുൻ പാണ്ഡെയും അനുയായികളും ഗാന്ധിജിയുടെ കോലത്തിലേക്ക് കളിത്തോക്കിൽനിന്നു വെടിയുതിർത്തു. സംഭവം മൊബൈലിൽ പകർത്തി ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്തപ്പോൾ അതു വൈറലായി. ജുഗുപ്സാവഹമായ സംഭവത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധമുണ്ടായി.

ഒരിക്കൽകൂടി നമുക്ക് സംഭവസ്ഥലത്തേക്കു മടങ്ങാം. അവിടെ ഉണ്ടായിരുന്ന ഒരാളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാം. അയാളാണ് സ്ഥലം സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്. എഫ്ഐആർ അനുസരിച്ച്, ആ സബ് ഇൻസ്പെക്ടർ പലതവണ പുനാരാവിഷ്കരണത്തിനെതിരെ മുന്നറിയിപ്പു നൽകിയതു കൂസാതെയാണ് കുറ്റവാളികൾ കൃത്യം നിർവഹിച്ചത്. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിൽ ഇത്തരത്തിലുള്ള ഹിന്ദുത്വഘടകങ്ങൾക്കെതിരെ പൊലീസ് നിസ്സഹായരാണെന്നതാണു സത്യം.

ഫ്രിജിൽ ഗോമാംസമുണ്ടെന്ന സംശയത്തിൽ 2015ൽ മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന സംഭവത്തിൽ പങ്കുണ്ടെന്നു കരുതുന്ന 17 പ്രതികൾ ഇപ്പോൾ ജാമ്യത്തിലാണ്. അതിലൊരാൾ മരിച്ചപ്പോൾ മൃതദേഹത്തിൽ ദേശീയപതാക പുതപ്പിച്ചു. തൊപ്പി ധരിച്ചതിന്റെ പേരിൽ തീവണ്ടിയിൽവച്ച് ജുനൈദ്ഖാനെ തച്ചുകൊന്ന കേസിലെ ആറു പ്രതികളിൽ നാലുപേരുടെ പേരുകൾ കുറ്റപത്രത്തിൽനിന്നു നീക്കംചെയ്തു. ബാക്കിയുള്ള രണ്ടുപേർ ജാമ്യത്തിലാണ്.

ഭരണകക്ഷിയുടെ രാഷ്ട്രീയത്തിന് അടിമപ്പെടാൻ നിർബന്ധിതരാകുന്ന പൊലീസ് നീർവീര്യമാകും; അക്രമസംഭവങ്ങൾ പെരുകും. ഈ മുന്നറിവോടെ വേണം, പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രതികളെത്തേടി ഭരണകക്ഷിയുടെ ജില്ലാ കമ്മിറ്റി ഓഫിസ് റെയ്ഡ് ചെയ്ത എസ്പി ചൈത്ര തെരേസ ജോണിന്റെ നടപടിയെ കാണേണ്ടത്. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്, രാഷ്ട്രീയപാർട്ടി ഓഫിസുകളിൽ പൊലീസ് നടപടി അനുവദിക്കാനാവില്ല എന്നാണ്.

മുഖ്യമന്ത്രി ‘പാർട്ടി ഓഫിസുകൾ’ എന്ന് ബഹുവചനത്തിലാണു പറഞ്ഞത്; അർഥം, ജനാധിപത്യപ്രക്രിയയിൽ ഒരു രാഷ്ട്രീയപാർട്ടിയുടെയും സ്വതന്ത്രപ്രവർത്തനത്തിൽ പൊലീസ് കൈകടത്തരുതെന്നാണ്. അതു മാനിക്കേണ്ട ആദർശമാണ്. എന്നാൽ, അതോടൊപ്പംതന്നെ ഓർക്കേണ്ടത് പൊതുസമൂഹത്തിന്റെ സ്വൈര്യജീവിതത്തിനു നിതാന്താവശ്യമായ ഒരു സ്ഥാപനമുണ്ടെങ്കിൽ അത് പൊലീസ് സ്റ്റേഷനാണ്. അത് ആക്രമിക്കുന്നവർക്കു ശിക്ഷ ഉറപ്പുവരുത്തുന്നത് ഉത്തർപ്രദേശിലും മറ്റും കണ്ടുവരുന്ന അശാന്തി കേരളത്തിലേക്കു പരക്കാതിരിക്കാൻ ഉതകും. 

എല്ലാവർക്കും വരുമാനം

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലോകത്തിന്റെ ഭാവനയെ പിടിച്ചുപറ്റിയിട്ടുള്ള ആശയമാണ് എല്ലാവർക്കും അടിസ്ഥാന വരുമാനം അഥവാ യുബിഐ (Universal Basic Income). ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നിബന്ധനകൾ ഒന്നുംകൂടാതെ എല്ലാവർക്കും ഒരു തുക എത്തിക്കുക എന്നതാണ്. യുബിഐ നടപ്പാക്കണമോ വേണ്ടയോ എന്നതിനെക്കുറിച്ച് സ്വിറ്റ്സർലൻഡിൽ 2016ൽ അഭിപ്രായ വോട്ടെടുപ്പു നടന്നു. വേണ്ട എന്നതിനായിരുന്നു ഭൂരിപക്ഷം. ഫിൻലാൻഡിലും പൈലറ്റ് പദ്ധതിയായി ഇതു പരീക്ഷിച്ച് വേണ്ടെന്നുവയ്ക്കുകയായിരുന്നു.

ഇന്ത്യയിലും 2010ൽ മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഗ്രാമങ്ങളിൽ പരീക്ഷിച്ചു നോക്കുകയും ആശയം പ്രാവർത്തികമാണെന്നു കണ്ടെത്തുകയും ചെയ്തു. ഒരു നിബന്ധനയും ഇല്ലാതെ എന്നതിനു പകരം, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്ക് ഒരു വരുമാനം ഉറപ്പുവരുത്തുക എന്ന രീതിയിലാണ് ഇപ്പോൾ യുഎസ് അടക്കം പല രാജ്യങ്ങളിലും അടിസ്ഥാന വരുമാനത്തെക്കുറിച്ചുള്ള ചർച്ച നടക്കുന്നത്.

2017ൽ ആണ് അടിസ്ഥാന വരുമാനം എന്ന ആശയം ഇന്ത്യയിൽ സജീവമാകുന്നത്. ആ വർഷത്തെ ഇക്കണോമിക് സർവേയിൽ അന്നത്തെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യൻ, ഇപ്പോൾ നിലവിലിരിക്കുന്ന പലതരത്തിലുള്ള – ഭക്ഷണത്തിനും ഇന്ധനത്തിനുമുള്ള – സബ്സിഡികൾക്കു പകരം അടിസ്ഥാന വരുമാനം ഒരു നയമായി സ്വീകരിക്കണമെന്നു ശുപാർശ ചെയ്തിരുന്നു.

അടുത്തസമയത്ത് വീണ്ടും അടിസ്ഥാനവരുമാനം വാർത്തകളിൽ നിറയാനുള്ള ആദ്യ കാരണം, മുഖ്യമന്ത്രി പവൻകുമാർ ചാംലിങ്ങിന്റെ നേതൃത്വത്തിലുള്ള സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് 2019ലെ അസംബ്ലി തിരഞ്ഞെടുപ്പിന്റെ മാനിഫെസ്റ്റോയിൽ എല്ലാവർക്കും (പാവപ്പെട്ടവർക്കു മാത്രമല്ല) അടിസ്ഥാന വരുമാനം വാഗ്ദാനം ചെയ്തപ്പോഴാണ്. അതിനു ശേഷമാണ് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി റായ്പുരിൽ നടത്തിയ പ്രസംഗത്തിൽ പാവപ്പെട്ടവർക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതി കോൺഗ്രസ് പാർട്ടിയുടെ മാനിഫെസ്റ്റോയിൽ ഉണ്ടാകുമെന്നു പ്രഖ്യാപിച്ചത്. പദ്ധതിയുടെ വിശദവിവരങ്ങൾ അറിയാൻ മാനിഫെസ്റ്റോ വരുന്നതുവരെ കാക്കണം.

തോമസ് പിക്കെറ്റി, ആംഗസ് ഡീറ്റൻ
തോമസ് പിക്കെറ്റി, ആംഗസ് ഡീറ്റൻ

രാഹുൽ ഗാന്ധി നന്നായി ഗൃഹപാഠം ചെയ്തിട്ടാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്നു തോന്നുന്നു. കോൺഗ്രസിനകത്തു തന്നെയുള്ള സാമ്പത്തികവിദഗ്ധൻ ഡോ. മൻമോഹൻ സിങ്ങിനു പുറമേ, ‘ആധുനിക മാർക്സ്’ എന്നു വിളിപ്പേരുള്ള തോമസ് പിക്കെറ്റിയും 2015ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പ്രൈസ് ജേതാവ് ആംഗസ് ഡീറ്റനും നയരൂപീകരണത്തിൽ അദ്ദേഹത്തെ സഹായിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഈ തിരഞ്ഞെടുപ്പിന്റെ ഗതിമാറ്റുന്ന രീതിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ വാഗ്ദാനമെന്നു കരുതാം. കാരണം, അതിനു തൊട്ടുപുറകെ വന്ന ബജറ്റിൽ എൻഡിഎ സർക്കാർ, രാഹുൽ ഗാന്ധിയുടെ വാഗ്ദാനത്തിനു ബദലെന്നു തോന്നിപ്പിച്ചുകൊണ്ട്, പാവപ്പെട്ട കർഷകർക്ക് ആറായിരം രൂപ സഹായധനമായി പ്രഖ്യാപിച്ചു.

ഏതു കക്ഷി ഭരണത്തിൽ വന്നാലും മിനിമം വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതി നടപ്പിലാക്കേണ്ടതാണ്. സർക്കാരിന്റെതന്നെ കണക്കനുസരിച്ച് ഭക്ഷണത്തിനുള്ള സബ്സിഡിയിൽ 36% ഒരു തരത്തിലുമുള്ള ഗുണഭോക്താക്കളിലേക്ക് എത്തുന്നില്ല. മറ്റൊരു 36% പാവപ്പെട്ടവർക്കല്ല ലഭിക്കുന്നത്. വെറും 28% മാത്രമാണു പാവങ്ങളിലേക്ക് എത്തുന്നത്. ഇത്തരം സബ്സിഡികൾക്കു പകരം നേരിട്ടു പാവങ്ങൾക്ക് ഒരു മിനിമം തുക കൈമാറിയാൽ അവരുടെ ജീവിതം നാടകീയമായി മാറാം.

അരവിന്ദ് സുബ്രഹ്മണ്യന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ അതീവദരിദ്രരായി 22% ആളുകളുണ്ട്. ഇവർക്ക് വെറും 200 രൂപ വച്ചു പ്രതിമാസം നൽകുകയാണെങ്കിൽ ഈ സംഖ്യ 7 ശതമാനമായി കുറയും. മറ്റൊരു രീതിയിൽ പറഞ്ഞാൽ, അതു ലോകം കണ്ടതിൽവച്ച് ഏറ്റവും വലിയ ദാരിദ്ര്യനിവാരണമായിരിക്കും.

സ്കോർപ്പിയൺ കിക്ക്: സ്വന്തം കുടുംബത്തെ സേവിക്കാത്തവർ എങ്ങനെ രാജ്യത്തെ പരിപാലിക്കുമെന്ന് നിതിൻ ഗഡ്കരി.

ഇനി എങ്ങാനും സ്വന്തം കുടുംബത്തെ സേവിക്കുകയാണെങ്കിൽ ഉടനെ മക്കൾരാഷ്ട്രീയം എന്നു പറയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com