പന്തയംവച്ച് ആളെപ്പിടിക്കും വിധം!

kv-thomas,-mullapally-ramachandran
SHARE

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞാൽ പറഞ്ഞതാണ്. ബെറ്റു വച്ചാൽ വച്ചതാണ്! കൊച്ചി മറൈൻഡ്രൈവിൽ കോൺഗ്രസുകാർക്ക് ആവേശം പകർന്നു രാഹുൽ ഗാന്ധി വന്നുപോയതിന്റെ അണിയറയിലാണ് ഈ പന്തയം നടന്നത്. തലേന്നു സ്റ്റേജും സജ്ജീകരണങ്ങളും വിലയിരുത്താനെത്തിയ മുല്ലപ്പള്ളി ഒപ്പമുണ്ടായിരുന്ന മുഖ്യസംഘാടകനായ കെ.വി.തോമസ് എംപിയോടു കസേരകളുടെ എണ്ണത്തെക്കുറിച്ചു ചോദിച്ചു. 35,000 നിരത്തിയിട്ടുണ്ടെന്നായിരുന്നു മാഷിന്റെ മറുപടി. വേറെ 10–15 സ്റ്റോക്കുമുണ്ട്. ആളുവന്നാൽ അപ്പോൾ നിരത്തും.

മുല്ലപ്പള്ളിക്ക് ഒരു ആധി. കാര്യം ബൂത്ത് ഭാരവാഹികളെല്ലാം അവിടെയുണ്ടാകണമെന്നു ശട്ടം കെട്ടിയിട്ടുണ്ടെങ്കിലും ആളൊഴിഞ്ഞ കസേരകളെങ്ങാനുമുണ്ടായാലോ! വാർത്ത പിന്നെ അതാകും. റിസ്കെടുക്കാതെ 10,000 കസേര കുറച്ചാലോ? ജനം വരുന്നതനുസരിച്ച് നമുക്കിടാമല്ലോ. താനിട്ട കസേര മുഴുവൻ നിറയുമെന്ന് അപ്പോൾ തോമസ് മാഷ്. 10,000 രൂപ പന്തയം വയ്ക്കാനും തയാർ. മുല്ലപ്പള്ളിയും സ്പോർട്സ് മാൻ സ്പിരിറ്റ് വിട്ടില്ല. 10,000 പോയാലും വേണ്ടില്ല. മാഷ് റെഡിയെങ്കിൽ ഞാനും റെഡി. പിറ്റേന്ന് കസേരയിട്ട 35,000വും കടന്ന് ആളെത്തി. പരിപാടിയുടെ തിരക്കെല്ലാം കഴിഞ്ഞപ്പോൾ കയ്യിൽ 10,000 രൂപയും പിടിച്ചു മുല്ലപ്പള്ളിയിരിക്കുന്നു. കെപിസിസി പ്രസിഡന്റിന്റെ പക്കൽനിന്നു പന്തയത്തുക വാങ്ങാനൊന്നുമില്ലെന്നു തോമസ് മാഷ് തീർത്തുപറഞ്ഞു. ഇതു തന്റെ ശമ്പളത്തിൽ നിന്നാണെന്നും പന്തയം പന്തയം തന്നെയെന്നും മുല്ലപ്പള്ളി. തർക്കത്തിനൊടുവിൽ ഒരു സ്നേഹാശ്ലേഷത്തിൽ ആ വാതുവയ്പിന്റെ വാശി അലിഞ്ഞുപോയി.

സമയമായില്ല പോലും

നിയമസഭാ കന്റീനിൽ ഈയിടെയായി ഏറ്റവും വലിയ ചർച്ച നടക്കുന്നത് ഏതൊക്കെ എംഎൽഎമാർ ലോക്സഭയിലേക്കു മൽസരിക്കും എന്നതിനെക്കുറിച്ചാണ്. ഇടതും വലതുമായ ഒരു എംഎൽഎ പോലും മൽസരിക്കാനുണ്ടെന്നു തുറന്നു പറയുന്നില്ല. ആരോടു ചോദിച്ചാലും, ‘ഇല്ല, ഞാനില്ല’ എന്നു മറുപടി. യുഡിഎഫ് എംഎൽഎമാരിൽനിന്നാണ് ഈ മറുപടി കൂടുതലും ലഭിക്കുന്നത്. വ്യാഴാഴ്ച ലോബിയിൽ കണ്ട ഒരു യുവ കോൺഗ്രസ് എംഎൽഎയോടു വിശേഷം ചോദിച്ചപ്പോൾ, ‘ഞാൻ ഇവിടെത്തന്നെ ഉണ്ടാകും’ എന്നായിരുന്നു മറുപടി. മുകളിലേക്കു പോകാൻ ആഗ്രഹമില്ലേ എന്നു ചോദിച്ചപ്പോൾ, തൽക്കാലം സമയമായിട്ടില്ലെന്നു മുനവച്ച മറുപടി. 

മുകളിലേക്കു പോയി മഹാൻമാരായ ചിലരുടെ പേരു ചൂണ്ടിക്കാട്ടിയപ്പോൾ അത്തരം മഹാൻമാർ ഉള്ളിടത്തോളം കാലം ഡൽഹിയിലേക്കു പോകാൻ താൽപര്യമില്ലെന്നായിരുന്നു പ്രതികരണം. എൽഡിഎഫ് എംഎൽഎമാരോടു ചോദിച്ചാലും പ്രതികരണം വ്യത്യസ്തമല്ല. ഇക്കണക്കിനു പോയാൽ അയൽ സംസ്ഥാനങ്ങളിൽനിന്നു സ്ഥാനാർഥികളെ ഇറക്കുമതി ചെയ്യേണ്ട ഗതികേടിലാകും രണ്ടു മുന്നണികളും.

വൈകിയതെന്തേ ഗായകാ?

കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി നയിക്കുന്ന കേരളയാത്ര, പാർട്ടിയുടെ വർക്കിങ് ചെയർമാനും എംഎൽഎയും ഗായകനുമായ പി.ജെ.ജോസഫിന്റെ സ്വന്തം തട്ടകമായ തൊടുപുഴയിലെത്തിയപ്പോൾ ഒരാളെ കാണാനില്ല – സാക്ഷാൽ പി.ജെ.ജോസഫിനെ! തൊടുപുഴയിലെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ട ആളാണ്. 

കാര്യം ബിഎസ്എൻഎൽ 4ജി ആദ്യം നടപ്പാക്കിയ ജില്ല ഇടുക്കിയാണെങ്കിലും പിജെയുടെ നമ്പറിലേക്കു വിളിച്ചപ്പോൾ കിട്ടാനുമില്ല. സമയം പോകുന്തോറും സംശയമായി, മുറുമുറുപ്പായി, ആശങ്കയായി. ബഹിഷ്കരിച്ചതാകുമോ? 

ഇതിനിടെ, ഇടുക്കി ലോക്സഭാ സീറ്റ് മനസ്സിൽക്കാണുന്ന ചില ഭൈമീകാമുകന്മാർ വേദിയിലിരുന്ന് ഊറിച്ചിരിച്ചതായും റിപ്പോർട്ടുണ്ട്. മുൻകൂർ പ്രസംഗിക്കാൻ കയറിയവർ വാക്കുകൾ കുഴച്ച്, നീട്ടിപ്പരത്തി പൊറോട്ടയടിച്ചു സമയംകൊന്നു. ഉദ്ഘാടകനെ മാറ്റണോയെന്ന ആലോചനയും ഉയർന്നു. ഒടുവിൽ സസ്പെൻസിനു വിരാമമിട്ട് ഒന്നര മണിക്കൂർ വൈകി ജോസഫ് വേദിയിലെത്തി. പിന്നെ ആർപ്പുവിളിയുടെ പൂരം. മുദ്രാവാക്യങ്ങളെല്ലാം ജോസഫിനുവേണ്ടി. 

എന്തായാലും, ജോസഫിന്റെ ഉരുക്കുകോട്ടയായ തൊടുപുഴയിൽ കേരളയാത്രയെ സ്വീകരിക്കാൻ പ്രവർത്തകർ ഗണ്യമായി കുറഞ്ഞതും, വർക്കിങ് ചെയർമാൻ വൈകിയെത്തിയതും തമ്മിൽ കൂട്ടിവായിച്ചു വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് ചില നേതാക്കൾ നടത്തുന്നതത്രേ.

ഞാനുണ്ടല്ലോ, ഞാൻ ഉഗ്രൻ സ്ഥാനാർഥിയാ...

ജയലളിതയുടെ കാലത്ത് സംസാരശേഷി നഷ്ടപ്പെട്ട പല അണ്ണാ ഡിഎംകെ നേതാക്കൾക്കും അതു തിരിച്ചുകിട്ടി എന്നതാണ് ചെന്നൈയിൽനിന്നുള്ള വാർത്ത. അമ്മ ഉണ്ടായിരുന്ന കാലത്തു ‘കമ’ എന്നു മിണ്ടാതിരുന്നവരാണ് ഇപ്പോൾ, ‘ഞങ്ങൾ മൽസരിക്കാൻ റെഡിയാണ്, ഈ മണ്ഡലത്തിലാണ് മൽസരിക്കാനാഗ്രഹിക്കുന്നത്, അവിടെ എന്തുകൊണ്ട് ഞാൻ തന്നെ സ്ഥാനാർഥിയാകണം’ എന്നൊക്കെ പാർട്ടി ആസ്ഥാനത്തുവന്നു പരസ്യമായി പ്രബന്ധംതന്നെ അവതരിപ്പിക്കുന്നത്.

AIADMK-MLA-Queue

ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ മകൻ രവീന്ദ്രനാഥ് ഉൾപ്പെടെ ഒട്ടേറെ നേതാക്കളുടെ ബന്ധുക്കളും അവിടെ കറങ്ങി നടപ്പുണ്ട്. മകൻ സ്ഥാനാർഥിമോഹം ഏറ്റുപറഞ്ഞിട്ടും ഒപിഎസ് സമ്മതം മൂളിയിട്ടും കുടുംബരാഷ്ട്രീയമെന്ന വിമർശനം കാര്യമായി ഉയർന്നില്ല. എങ്ങനെ ഉയരും? പാർട്ടിയിൽ പലരും മക്കൾക്കു സ്ഥാനാർഥിക്കുപ്പായം തയ്പ്പിച്ചിട്ടുണ്ട്.

തന്റെ കാലശേഷം പാർട്ടിയുടെ സ്ഥിതി ജയലളിത ദീർഘവീക്ഷണം ചെയ്തിരിക്കണം. അതുകൊണ്ടാണല്ലോ, സ്ഥാനാർഥി മോഹികളെല്ലാം അപേക്ഷ നൽകണമെന്നും ഒരു അപേക്ഷയ്ക്ക് 25,000 രൂപ കെട്ടിവയ്ക്കണമെന്നും വ്യവസ്ഥ വച്ചത്. ഇതിനകം ലഭിച്ചത് അഞ്ഞൂറിലധികം അപേക്ഷകൾ. നല്ലൊരു തുക പാർട്ടി ഖജാനയിലെത്തിക്കഴിഞ്ഞു!

വിപ്പും പിടിച്ചുള്ള ആ ഓട്ടം

രാഷ്ട്രീയക്കാർ നർത്തകർ കൂടിയാണെന്നു കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞതേയുള്ളൂ. അവർ നല്ല ഓട്ടക്കാർ കൂടിയാകണമെന്നു നമുക്കെല്ലാമറിയാം. പത്തനംതിട്ട ജില്ലയിലെ വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് മണിയാർ രാധാകൃഷ്ണനോട് കോൺഗ്രസിലെ ധാരണപ്രകാരം സ്ഥാനമൊഴിയണമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് ആവശ്യപ്പെടുന്നു. എന്നാൽ, പഞ്ചായത്തിലെ 8 കോൺഗ്രസ് അംഗങ്ങളിൽ 7 പേരും പ്രസിഡന്റിനെ മാറ്റേണ്ടെന്നു നിലപാടെടുത്തു. ഡിസിസി പ്രസിഡന്റ് പക്ഷേ, ഒരു കോംപ്രമൈസിനും തയാറായില്ല.

ഒടുവിൽ ഡിസിസി പ്രസിഡന്റിനു വഴങ്ങാൻ പഞ്ചായത്ത് പ്രസിഡന്റും തീരുമാനിച്ചു. മാർച്ച് 31ന് ഒഴിയാമെന്നു വാഗ്ദാനം. സമയം നീട്ടിനൽകാനൊന്നും പറ്റില്ലെന്ന് ഡിസിസി പ്രസിഡന്റ്. അങ്ങനെ സ്വന്തം പഞ്ചായത്ത് പ്രസിഡന്റിനെതിരെ സ്വന്തം പാർട്ടിക്കാർ അവിശ്വാസപ്രമേയത്തിനു നോട്ടിസ് നൽകി. പാർട്ടി അംഗങ്ങൾക്കു വിപ്പും നൽകി. വോട്ടെടുപ്പു ദിവസം പഞ്ചായത്ത് ഹാളിൽ പ്രവേശിച്ച വരണാധികാരി ഞെട്ടി. ആകെയുള്ളത് 4 പേർ. പ്രതിപക്ഷാംഗങ്ങൾ നേരത്തേ സ്ഥലം വിട്ടിരുന്നു. ക്വോറം തികയാത്തതുകൊണ്ട് നടപടികൾ അവസാനിപ്പിച്ചു, പ്രമേയം പരാജയപ്പെട്ടതായി പ്രഖ്യാപിച്ചു.

Polititions-Run

ഈ സമയത്തു പക്ഷേ, മണിയാർ രാധാകൃഷ്ണൻ അടക്കം 4 അംഗങ്ങൾ പഞ്ചായത്ത് ലക്ഷ്യമാക്കി അതിവേഗം ഓടുകയായിരുന്നു. വിപ്പ് ലംഘിക്കപ്പെടരുത് എന്ന ഒറ്റ ലക്ഷ്യമേ അവർക്കു മുന്നിലുണ്ടായിരുന്നുള്ളൂ. പക്ഷേ, എന്തു പറയാൻ, ഓടിയെത്തിയപ്പോഴേക്കും യോഗ നടപടി അവസാനിച്ചുപോയി! ആ പാവം വിപ്പ് അവരുടെ കൈകളിലിരുന്നു വിങ്ങിപ്പൊട്ടി.

ഇത്രയൊക്കെ ഓടിയിട്ടും ഡിസിസി പ്രസിഡന്റിന്റെ മനസ്സു തെളിഞ്ഞില്ല. വൈകിയോടിയ 4 പേരെയും അദ്ദേഹം പാർട്ടിയിൽനിന്നു വെട്ടിയിരിക്കുകയാണ്.

എല്ലാവർക്കും വേണമല്ലോ റേഷൻ!

റേഷൻ കടകളിൽ അരിയും മണ്ണെണ്ണയും പഞ്ചസാരയുമൊക്കെ കിട്ടുമെന്നു നമുക്കറിയാം. അവിടെനിന്നു പാർട്ടിയുണ്ടാക്കാനുള്ള അംഗങ്ങളെയും റേഷനായിക്കിട്ടുമെന്ന് ഇപ്പോഴാണറിഞ്ഞത്. കാര്യമായ രാഷ്ട്രീയമൊന്നുമില്ലാതിരുന്ന റേഷൻ വ്യാപാരികളുടെ അഞ്ചു പ്രധാന സംഘടനകളിൽനിന്ന് ആളുകളെ തൂക്കിയെടുത്ത് സിഐടിയു പുതിയൊരു സംഘടനയുണ്ടാക്കി – കേരള റേഷൻ ഡീലേഴ്സ് എംപ്ലോയീസ് യൂണിയൻ‍. അതിനു മുൻപുതന്നെ,  എഐടിയുസിക്കു നേരിട്ടു ബന്ധമില്ലെങ്കിലും സിപിഐ നേതാവ് ജി.കൃഷ്ണപ്രസാദ് പ്രസിഡന്റായി റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ എന്ന സംഘടനയുമുണ്ട്. 

ഇടതുപക്ഷത്തു സംഘടനകൾ രൂപപ്പെടുമ്പോൾ നിനച്ചിരിക്കാതെ ഗുണമുണ്ടായത് ഐഎൻടിയുസിക്കാണ്. സിഐടിയു റേഷൻ വ്യാപാരി സംഘടന പ്രഖ്യാപിക്കാൻ ഒരുങ്ങിയപ്പോൾതന്നെ ഓൾ ഇന്ത്യ റേഷൻ ഡീലേഴ്സ് അസോസിയേഷൻ എന്ന സംഘടന കോൺഗ്രസ്, ഐഎൻടിയുസി നേതൃത്വങ്ങളുമായി ചർച്ചയാരംഭിച്ചിരുന്നു. ഉടൻ ഐഎൻടിയുസിയുടെ ഭാഗമാകുമെന്നാണു വിവരം. 

ബിപിഎല്ലായാലും എപിഎല്ലായാലും റേഷനാകുമ്പോൾ എല്ലാവർക്കും കിട്ടണമെന്നതാണല്ലോ അതിന്റെ ന്യായം. 

കറുപ്പ് കണ്ടാൽ കലിയാ...

കറുപ്പിനഴകെന്നു പറയുമെങ്കിലും ജാർഖണ്ഡിലെ ബിജെപി സർക്കാരിന് കറുപ്പിനോട് ഇപ്പോഴും ചതുർഥി തന്നെ. ഒരുമാസം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യോഗത്തിൽ കറുത്തവസ്ത്രത്തിനു വിലക്കേർപ്പെടുത്തിയതിനു പിന്നാലെ, മുഖ്യമന്ത്രി രഘുബർദാസിന്റെ ജനസമ്പർക്ക പരിപാടിയിലും കറുപ്പുവസ്ത്രധാരികളെ പടിക്കു പുറത്താക്കി.

ഗിരിഡിക് ജില്ലയിൽ കഴിഞ്ഞദിവസം രഘുബർദാസ് നടത്തിയ മുഖാമുഖത്തിന് കറുത്ത പർദയും ദുപ്പട്ടയും അണിഞ്ഞെത്തിയ സ്ത്രീകളുടെ പരാതി വേദിക്കു പുറത്ത് ഉദ്യോഗസ്ഥർ വാങ്ങി മുഖ്യമന്ത്രിക്ക് എത്തിക്കുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA