അർഹിക്കാത്തത് വേണ്ടെന്നേ...

subhadinam
SHARE

ഒമറിന്റെ ലക്ഷണമൊത്ത കുതിരയെ എങ്ങനെയും സ്വന്തമാക്കുക എന്നതായിരുന്നു അയൽക്കാരന്റെ ആഗ്രഹം. പകരം പലതും നൽകാമെന്നു പറഞ്ഞിട്ടും ഒമർ വഴങ്ങിയില്ല. അയൽക്കാരൻ ഒരു സൂത്രം പ്രയോഗിച്ചു. ഒമർ വരുന്ന വഴിയിൽ അപകടത്തിൽപെട്ടതുപോലെ കിടന്നു. ഒമർ താഴെയിറങ്ങി അയാളെ എടുത്ത് കുതിരപ്പുറത്തിരുത്തി. പെട്ടെന്ന് അയാൾ കടിഞ്ഞാൺ കയ്യിലെടുത്ത് കുതിരയെ ഓടിച്ചുപോയി. 

ഒമറിനു പിന്തുടരാൻ പറ്റാത്ത അകലത്തിലെത്തിയപ്പോൾ അയാൾ കുതിരയെ നിർത്തി അഹങ്കാരത്തോടെ ഒമറിനെ തിരിഞ്ഞുനോക്കി. ഒമർ വിളിച്ചുപറഞ്ഞു, ‘താങ്കൾക്ക് എങ്ങനെയാണു കുതിരയെ കിട്ടിയതെന്ന് ആരോടും പറയരുത്. അതറിഞ്ഞാൽ, യഥാർഥത്തിൽ അപകടത്തിൽപെടുന്നവരെപ്പോലും ആരും രക്ഷിക്കില്ല’. 

സ്വന്തമാക്കുന്നതൊന്നും ആർക്കും സംതൃപ്‌തി നൽകാറില്ല. അവ താൽക്കാലിക നിർവൃതി മാത്രം സമ്മാനിച്ച് കൂടുതൽ ആഗ്രഹങ്ങളിലേക്കും അന്വേഷണത്തിലേക്കും നയിക്കും. എന്തൊക്കെ കൈവശമുണ്ടെങ്കിലും, അയൽക്കാരനുള്ളതുകൂടി സ്വന്തമാക്കണമെന്ന അഭിലാഷത്തിൽനിന്നാണ് അപായവഴികളും മ്ലേച്ഛമാർഗങ്ങളും ഉടലെടുക്കുന്നത്. കൃത്യമായ ഉപയോഗം പോലുമില്ലാതെ, അന്തസ്സിന്റെയും ആഡംബരത്തിന്റെയും പേരിൽ വാങ്ങിക്കുകയും നിർമിക്കുകയും ചെയ്യുന്നവയെല്ലാം ബാധ്യതയാകും. അനാവശ്യമായതെല്ലാം അനർഹമാണ്; അനർഹമായതെല്ലാം അനാവശ്യവും. അർഹമായതെല്ലാം ആത്മാർഥശ്രമത്തിനൊപ്പം വന്നുചേരും. 

ആഗ്രഹിച്ചതെല്ലാം നേടാൻവേണ്ടി എന്തൊക്കെ നഷ്‌ടപ്പെടുത്തി എന്നതും, പലതും നഷ്‌ടപ്പെടുത്തിയതിലൂടെ എന്തൊക്കെ നേടാൻ കഴിഞ്ഞു എന്നതും ജീവിതനിലവാരത്തിന്റെ മാറ്റുരയ്‌ക്കും. ഒന്നു താഴ്ന്നുകൊടുക്കുക; കീഴടക്കിയവരെല്ലാം കുറച്ചു കഴിയുമ്പോൾ തനിച്ചിരുന്ന് ആലോചിക്കും. തങ്ങളാണു തോറ്റതെന്നു തിരിച്ചറിഞ്ഞ് അവർ തിരിച്ചുവരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA