ADVERTISEMENT

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ‌റിപ്പോർട്ട് സമർപ്പിക്കാൻ പതിനാറാം ലോക്സഭയുടെ അവസാന സമ്മേളനത്തിന്റെ അവസാനദിവസം വരെ കാത്തിരുന്നത് ഇതു സംബന്ധിച്ച വിവാദങ്ങൾക്കും ആരോപണങ്ങൾക്കും കൂടുതൽ മൂർച്ച പകരുന്നു. പാർലമെന്റിൽ വിശദമായ ചർച്ചയ്ക്കുള്ള എല്ലാ വഴികളും ഇതോടെ അടഞ്ഞിരിക്കുകയാണ്. നരേന്ദ്ര മോദി സർക്കാരിന്റെ കാലയളവിൽ ഏറ്റവും ചൂടുപിടിച്ച വിവാദത്തിന്റെ അന്വേഷണ റിപ്പോർട്ട് ചർച്ചകൾക്കു സമയമില്ലാതെ ഇത്തരത്തിൽ ഏകപക്ഷീയമായി മാറ്റിവയ്ക്കപ്പെട്ടതിനു ന്യായീകരണമില്ലെന്നാണു  പ്രതിപക്ഷത്തിന്റെ ആരോപണം. 

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടു മുഴങ്ങുന്നതിനിടയിൽ റഫാൽ ഇടപാടുപോലെ രാജ്യത്തെ ഇത്രമാത്രം ആശയക്കുഴപ്പത്തിലാക്കിയ മറ്റൊരു വിഷയമില്ല. രാജ്യംകണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ് റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്ന ഇടപാടെന്നു പ്രതിപക്ഷം ആരോപണം ഉന്നയിക്കുമ്പോൾ വ്യോമസേനയ്ക്ക് അവശ്യംവേണ്ട ഈ യുദ്ധവിമാനങ്ങൾ വില കുറച്ചുവാങ്ങാൻ തങ്ങൾക്കു കഴിഞ്ഞുവെന്നാണു കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഉന്നയിക്കുന്ന വിവിധ വാദമുഖങ്ങൾക്കിടയിൽ ഏതാണു ശരി എന്ന് സാധാരണക്കാർക്കു മനസ്സിലാക്കാൻ കഴിയുന്നുമില്ല. 59,000 കോടിയോളം രൂപയുടെ ഈ കരാർ വരുംതിരഞ്ഞെടുപ്പിലെ ഒരു മുഖ്യ ചർച്ചാവിഷയമാണെന്നു തീർച്ച.  

സിഎജി റിപ്പോർട്ട് പോരെന്നും പാർലമെന്റിന്റെ സംയുക്തസമിതിതന്നെ അന്വേഷിക്കണമെന്നുമായിരുന്നു കോൺഗ്രസും മറ്റു പ്രതിപക്ഷകക്ഷികളും ആവശ്യപ്പെട്ടുപോന്നത്. അതാകട്ടെ, മോദിസർക്കാർ തള്ളിക്കളയുകയും ചെയ്തു. ഇപ്പോൾ സമർപ്പിച്ച  സിഎജി റിപ്പോർട്ട് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഈ വിഷയത്തിൽ പോരാട്ടം തുടരുന്നതിനു വഴിവയ്ക്കുന്നതാണ്. 

യുപിഎ സർക്കാർ നിശ്ചയിച്ചതിനെക്കാൾ 9% വിലക്കുറവിലാണ് 36 റഫാൽ യുദ്ധവിമാനങ്ങൾ കേന്ദ്ര സർക്കാർ വാങ്ങുന്നതെന്ന വാദം സിഎജി ‌സ്വീകരിച്ചിട്ടില്ല. എൻഡിഎ സർക്കാർ റഫാൽ യുദ്ധവിമാനം വാങ്ങുന്ന‌തു 2.86% കുറഞ്ഞ വിലയ്ക്കാണെന്നാണ്  റിപ്പോർട്ട്. കരാ‌ർ നിർവഹണത്തിനിടെയുണ്ടാകാവുന്ന പ്രശ്നങ്ങൾക്കു പരിഹാരമായി ഫ്രഞ്ച് സർക്കാരിന്റെ ഉറപ്പു വാങ്ങാത്തതിനെ (സോവ്റിൻ ഗാരന്റി) സിഎജി വിമർശിക്കുന്നുമുണ്ട്. ഈ നിബന്ധനകൾ ഒഴിവായത് റഫാൽ നിർമാതാക്കളായ ഫ്രഞ്ച് കമ്പനി ഡാസോയ്ക്കാണു ഗുണകരമായിരിക്കുന്നത്. ശതമാനക്കണക്കിലല്ലാതെ വിമാനവിലയെക്കുറിച്ചോ അനുബന്ധനിർമാണത്തിന് (ഓഫ്സെറ്റ്) ഇന്ത്യൻ പങ്കാളിയെ നിശ്ചയിച്ചതിനെക്കുറിച്ചോ റിപ്പോർട്ടിൽ പരാമർശമില്ല.

രാജ്യത്ത് ഇതുവരെ പ്രതിരോധസേനയ്ക്കുവേണ്ട ഒരു വിമാനവും ഈ രീതിയിൽ വാങ്ങിയിട്ടില്ല; പ്രതിപക്ഷം ആരോപിക്കുന്നതു പോലെ, പ്രതിരോധ മന്ത്രാലയം ചർച്ചകൾ നടത്തുന്നതിനിടയിൽ പ്രധാനമന്ത്രിയുടെ ഓഫിസ് ഇതുപോലെ സമാന്തരചർച്ച നടത്തിയിട്ടുമില്ല. അങ്ങനെ നോക്കുമ്പോൾ ഈ കരാർ ജനമനസ്സുകളിൽ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നുവെങ്കിൽ അതിനവരെ കുറ്റപ്പെടുത്താനാവില്ല. 

റിപ്പോർട്ട് സമർപ്പിക്കാൻ സിഎജിക്കുള്ള ‌ധാർമികാവകാശംതന്നെ ഇതിനിടെ പ്രതിപക്ഷം ചോദ്യംചെയ്തിരുന്നു. സിഎജി രാജീവ് മെഹ്‌റിഷി കേന്ദ്ര ധനസെക്രട്ടറിയായിരിക്കെയാണു കരാറിനുള്ള പ്രധാന കൂടിയാലോചനകൾ നടന്നത്. ധന സെക്രട്ടറിയെന്ന നിലയിൽ മെഹ്‌റിഷി കൂടി പങ്കാളിയായ തീരുമാനങ്ങൾ ഇപ്പോൾ സിഎജി എന്ന നിലയിൽ അദ്ദേഹംതന്നെ അന്വേഷിക്കുന്നത് എങ്ങനെ ശരിയാകുമെന്നായിരുന്നു ചോദ്യം. 

അനുബന്ധ കരാറുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഓഗസ്റ്റിൽ സിഎജി പുറത്തിറക്കിയേക്കും. ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞ് പുതിയ സർക്കാരിന്റെ കാലത്തേ ഇതു പുറത്തുവരികയുള്ളൂ. കരാർ സംബന്ധിച്ച തർക്കങ്ങൾ അപ്പോൾ അവസാനിക്കുമെന്ന് ഇപ്പോൾ തീർച്ചപ്പെടുത്താനും ആവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com