ADVERTISEMENT

ബ്രഹ്മപുത്ര ലിറ്റററി ഫെസ്റ്റിവലിൽ പങ്കെടുക്കാൻ കുറച്ചുദിവസം മുൻപ് ഗുവാഹത്തിയിൽ എത്തിയപ്പോൾ അതൊരു സന്തോഷമുള്ള നഗരമായിട്ടാണ് എനിക്കു തോന്നിയത്. നഗരത്തിന്റെ പലയിടത്തും സരസ്വതിപൂജ ആഘോഷിക്കാനുള്ള മോടി പിടിപ്പിച്ച പന്തലുകൾ ഉയർന്നിരുന്നു. വടക്കുകിഴക്കൻ ഇന്ത്യയെക്കുറിച്ചുള്ള എന്റെ പരിമിതമായ അറിവ് ഉളവാക്കിയ കുറ്റബോധം, എന്നെക്കൊണ്ട് അസമിലെ ജനജീവിതത്തെയും ഭക്ഷണത്തെയും കുറിച്ച് അന്വേഷിപ്പിച്ചു. അതിനിടെ, പ്രധാനമന്ത്രി മോദി ഗുവാഹത്തി സന്ദർശിച്ചു. അദ്ദേഹത്തിനെതിരായി വലിയതോതിൽ കരിങ്കൊടിപ്രകടനമുണ്ടായി. പലരും അറസ്റ്റിലായി.

വടക്കുകിഴക്കൻ ഇന്ത്യ ശരിക്കും പുകയുകയാണെന്ന് ഞാൻ അനുഭവിച്ചറിഞ്ഞത്, കഴിഞ്ഞ ചൊവ്വാഴ്ച, ഫെബ്രുവരി 12–ാം തീയതി, മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിൽവച്ചാണ്. അടുത്തുള്ള മണിപ്പുരിൽ പ്രതിഷേധങ്ങളെത്തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നു. മണിപ്പുരിലും ത്രിപുരയിലും പലയിടത്തും ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചിരിക്കുന്നു. അന്നാണ് ലോക്സഭ പാസാക്കിയ പൗരത്വനിയമ ഭേദഗതി ബിൽ, നിയമമാക്കാനുള്ള അവസാനത്തെ നടപടിയായി രാജ്യസഭയിൽ സർക്കാർ അവതരിപ്പിച്ചത്. 

1955ലെ പൗരത്വനിയമത്തെ ഭേദഗതി ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് ഇപ്പോൾ വടക്കുകിഴക്കൻ ഇന്ത്യയിൽ കോളിളക്കം സൃഷ്ടിച്ചിട്ടുള്ള പൗരത്വനിയമ ഭേദഗതി ബിൽ. ഇതനുസരിച്ച് അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽനിന്ന് നിയമവിരുദ്ധമായി (വീസ, പാസ്പോർട്ട് എന്നിവ കൂടാതെ) ഇന്ത്യയിലേക്കു കുടിയേറിയ  ബുദ്ധമതക്കാർ, ഹിന്ദുക്കൾ, ജൈനന്മാർ, സിഖുകൾ, പാർസികൾ, ക്രിസ്ത്യാനികൾ എന്നീ വിഭാഗങ്ങളിൽപെട്ടവർക്ക് പൗരത്വം ലഭിക്കും. 

മറ്റൊരു രീതിയിൽ പറഞ്ഞാൽ മുസ്‌ലിംകൾ അല്ലാത്ത (സങ്കേതികമായി പറഞ്ഞാൽ, കൂട്ടത്തിൽ ജൂതന്മാരും) എല്ലാ നുഴഞ്ഞുകയറ്റക്കാർക്കും ഇന്ത്യൻ പൗരത്വം ലഭിക്കും. 1971 മാർച്ച് 24നു ശേഷം നിയമവിരുദ്ധമായി ഇന്ത്യയിൽ പ്രവേശിക്കുന്ന എല്ലാവരെയും തിരിച്ചയയ്ക്കുക എന്നാണു നിലവിലുള്ള നിയമം. ആ തീയതി ഭേദഗതി ബില്ലിൽ 2014 ഡിസംബർ 31 ആയി വളരെ മുന്നോട്ടു കൊണ്ടുവന്നിരിക്കുന്നു. അതായത് ലക്ഷക്കണക്കിന് ആളുകൾ ഇന്ത്യൻ പൗരന്മാരാകും; വോട്ടവകാശം ലഭിക്കും.

എന്താണ് ഈ ബില്ലിനു പിന്നിലെ രാഷ്ട്രീയം? ബംഗാളിലെ വോട്ടുബാങ്ക് ലാക്കാക്കിയുള്ള ബിജെപിയുടെ രാഷ്ട്രീയനീക്കമായി പല നിരീക്ഷകരും ഈ ബില്ലിനെ കാണുന്നു. പല മതങ്ങളുടെ പേരുകൾ ഭേദഗതിബില്ലിൽ പറയുന്നുണ്ടെങ്കിലും ഇതിലൂടെ പൗരത്വം ലഭിക്കാൻ പോകുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമായി വസിച്ചുവരുന്ന ബംഗ്ലദേശിൽ നിന്നുള്ള ലക്ഷക്കണക്കിനു ഹിന്ദുക്കൾക്കായിരിക്കും. ഇത്തരത്തിൽ കൂറുള്ള ഒരു വോട്ടുബാങ്ക് സൃഷ്ടിക്കുന്നതിലൂടെ, ഹിന്ദിസംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് യുപിയിൽ ഉണ്ടായേക്കാവുന്ന സീറ്റുനഷ്ടം ബംഗാളിൽ നികത്താം എന്ന ബിജെപിയുടെ കണക്കുകൂട്ടലാണ് ഈ ബില്ലിനു പിന്നിലെ തന്ത്രമെന്നു കരുതപ്പെടുന്നു.  

ഹിന്ദുക്കളായാലും മുസ്‌ലിംകളായാലും അസംകാർക്ക് അഭയാർഥികൾ വേണ്ട. വലിയൊരു വിഭാഗം ബംഗാളി സംസാരിക്കുന്ന ആളുകൾ പൗരന്മാരായാൽ, അവരുടെ ഭാഷയെയും സംസ്കാരത്തെയും ബാധിക്കുമെന്ന് അസംകാർ ന്യായമായും ഭയപ്പെടുന്നു. അസമിന്റെ ഏറ്റവും പ്രിയപ്പെട്ട പുത്രൻ ഗാനരചയിതാവ് ഭൂപേൻ ഹസാരികയ്ക്ക് ഇത്തവണ നൽകിയ മരണാനന്തര ഭാരതരത്നം ബഹുമതി സ്വീകരിക്കാൻ വിസമ്മതിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മകൻ പറഞ്ഞത് ഭൂപേനു ഭാരതരത്നത്തിനു പകരം, ഭേദഗതി ബിൽ പിൻവലിക്കുന്നതായിരിക്കും അഭിമതം എന്നായിരുന്നു. ജനസംഖ്യ കുറവുള്ള മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ബംഗ്ലദേശിൽ നിന്നുള്ള ഹിന്ദുക്കളുടെ പ്രവാഹം അവിടത്തെ സമൂഹസമീകരണം അമ്പേ തെറ്റിക്കുമെന്നു ഭയപ്പെടുന്നു. ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കൾക്കു ഭൂരിപക്ഷമുള്ള ത്രിപുരയിൽ പ്രക്ഷോഭം ശക്തമാണ്. 

മേഘാലയ ജനസംഖ്യയുടെ ഭൂരിപക്ഷം ഗരോ, ജന്തിയ, ഖാസി എന്നീ മൂന്ന് പട്ടികവർഗക്കാരാണ്. നാലാമതായി ബംഗാളി സംസാരിക്കുന്ന മറ്റൊരു വിഭാഗം കൂടി വന്നാൽ, സ്വന്തം സംസ്ഥാനത്തുതന്നെ ന്യൂനപക്ഷമാകുമെന്ന് അവർ ഭയപ്പെടുന്നു.

ചുരുക്കത്തിൽ ഹിന്ദു-മുസ്‌ലിം ധ്രുവീകരണംകൂടി ലാക്കാക്കിക്കൊണ്ടുള്ള സർക്കാരിന്റെ നീക്കം ഇവിടെ വിപരീതഫലമാണ് ഉണ്ടാക്കിയിട്ടുള്ളത്. എഴുത്തുകാർ, ടാക്സി ഡ്രൈവർമാർ, മുതിർന്ന പത്രപ്രവർത്തകർ തുടങ്ങി ഞാൻ കണ്ടുമുട്ടിയ ആളുകളെല്ലാം പറയുന്നത് ഒരേ കാര്യമാണ്: ‘ഭേദഗതി ബിൽ നിയമമായാൽ വടക്കുകിഴക്കൻ ഇന്ത്യ കത്തും’. അതിന്റെ സ്ഫുലിംഗങ്ങളാണ് ഉയർന്നുകണ്ടത്. 

thalsamayam-boys-fight

 എറണാകുളത്തെ ബിഹാർ!  

ഇപ്പോൾ കേരളത്തിൽ ഒരു ബിഹാറുണ്ടെങ്കിൽ അത് എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ്. കൃത്യമായി പറഞ്ഞാൽ കുസാറ്റ് എന്നറിയപ്പെടുന്ന കൊച്ചി യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി. പല ചരിത്രഘട്ടങ്ങളിലും ഇന്ത്യയ്ക്ക് പ്രബുദ്ധമായ നേതൃത്വം നൽകിയിരുന്ന ബിഹാറിൽ ചില കാലങ്ങളിൽ അരാജകത്വം വിളയാടും. അപ്പോൾ നഗരങ്ങൾ രാത്രി ഏഴുമണിയോടെ കതകുകളടച്ച് കണ്ണുപൂട്ടുമായിരുന്നു.

ഒരു മാസത്തിലധികം കാലമായി കുസാറ്റ് അതിന്റെ നടത്തിപ്പുകാരുടെ കൈവിട്ടുപോയിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം ഒരു ഡിജെ പാർട്ടിക്കിടയിൽ (അതെ, ഡിജെ പാർട്ടി!) രണ്ടു സംഘം വിദ്യാർഥികൾ തമ്മിലുണ്ടായ കശപിശയിൽ നിന്നാണു സ്ഥിതി വഷളാകാൻ തുടങ്ങിയത്. ഒരു ഭാഗത്ത് മലബാറീസ് എന്നു വിളിക്കുന്ന പല വിദ്യാർഥി സംഘടനകളിലെ അംഗങ്ങൾ, മറുഭാഗത്ത് കേരളത്തിലെ പ്രമുഖ ഇടതുപക്ഷ വിദ്യാർഥിസംഘടന. 

ഇവർ തമ്മിലുള്ള യുദ്ധത്തിൽ ‘സഹാറ’ എന്നു പേരുള്ള ഹോസ്റ്റലിന്റെ ഒന്നാം നിലയിൽനിന്നു മിസൈലുകളായി മദ്യക്കുപ്പികൾ വർഷിച്ചു. സർവകലാശാല അധികൃതർ ഒന്നും കാണുന്നുമില്ല, കേൾക്കുന്നുമില്ല. അതുകൊണ്ടു പരാതിയുമില്ല. പൊലീസ് സ്വമേധയാ കേസെടുത്ത് അക്രമികളെ അറസ്റ്റ് ചെയ്തപ്പോൾ ഒരു സംഘം വിദ്യാർഥികൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പതിവുപോലെ ജനൽചില്ലുകൾ തകർത്തു. അരാജകകാലം ഇങ്ങനെയാണ്, അജൻഡ അക്രമികൾ നിശ്ചയിക്കും.

ഇപ്പോൾ നൂറിലേറെ വിദ്യാർഥികൾ പ്രതിചേർക്കപ്പെട്ട ഏഴു കേസുകൾ നിലവിലുണ്ട്. അതിലൊരെണ്ണം ഗുരുതര കുറ്റമായ വധശ്രമത്തിനാണ്. ഒന്നിലും കുസാറ്റ് അധികൃതർ പരാതി നൽകിയിട്ടില്ല. മാത്രമല്ല, അക്രമികളെപ്പറ്റി അന്വേഷിച്ച് പൊലീസ് സർവകലാശാലാ അധികൃതരെ സമീപിച്ചാൽ അവർ തികഞ്ഞ നിസ്സഹകരണത്തിലാണ്. അക്രമങ്ങളുടെ പ്രഭവസ്ഥാനമായ സഹാറ ഹോസ്റ്റലിലേക്ക് കുസാറ്റ് അധികൃതർ കാലെടുത്തുകുത്താൻ പോലും വിസമ്മതിക്കുന്നു. 

ഇന്ത്യയിലെ പ്രഗൽഭരായ അധ്യാപകരും പഠനവിഭാഗങ്ങളുമുള്ള ഒരു പ്രശസ്ത സ്ഥാപനമായിരുന്നു കുസാറ്റ്. ബിഹാറിലെ പല ഇടത്തരം കുടുംബങ്ങളുടെയും സ്വപ്നം കുട്ടികളെ കുസാറ്റിൽ അയയ്ക്കുക എന്നതായിരുന്നു. അവരിൽ പലരും എന്നോട് ആവർത്തിച്ചു പറഞ്ഞിട്ടുള്ള കാര്യം ഇതാണ്: ‘ഫീസ് കുറവ്, പഠനം ഉന്നതനിലവാരമുള്ളതും’. അത്തരമൊരു സർവകലാശാലയുടെ ഇന്നത്തെ ദുരവസ്ഥയിൽ, സർക്കാരിന്റെയും ചാൻസലറായ ഗവർണറുടെയും ഇടപെടൽ ഇനി വൈകിച്ചുകൂടാ. 

സ്കോർപ്പിയൺ കിക്ക്: ദേവികുളം സബ് കലക്ടർ രേണു രാജിനെതിരെ എംഎൽഎ എസ്. രാജേന്ദ്രന്റെ ‘അവൾ’ പ്രയോഗം.

പി.സി.ജോർജ്, എം.എം.മണി, ഇപ്പോൾ ദാ എസ്.രാജേന്ദ്രൻ... കേരള നിയമസഭയിൽ ‘നാടൻ ഭാഷ’ വളരുകയാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com