ADVERTISEMENT

ആശാനക്ഷരമൊന്നു പിഴച്ചാൽ ശിഷ്യനമ്പത്താറു പിഴയ്ക്കുമെന്നു പറയുന്നതിൽ തരിമ്പും തെറ്റില്ല. മണിയാശാന്റെ കളരിയിലാണ് രാജേന്ദ്രൻ സഖാവിനെ എഴുത്തിനിരുത്തിയത്. തറ, പറ എഴുതിക്കുന്നതിനു പകരം ആശാൻ വിരൽപിടിച്ചു മണലിലെഴുതിച്ചത് കോപ്പ്, ഒലത്തും, സൂക്കേട് തുടങ്ങിയ ലളിതകോമളപദങ്ങളാണ്. 

കമ്യൂണിസ്റ്റുകാരുടെ വാമൊഴി വഴക്കത്തിന് ഉത്തരാധുനികഭാഷ്യം ചമയ്ക്കാൻ നാട്ടിൽ വേണ്ടതിലേറെ ചിന്തകരും നിരൂപകരും ഉള്ളതിനാൽ ഈ വാക്കുകളെല്ലാം വിശുദ്ധപദങ്ങളായാണ് അറിയപ്പെട്ടിരുന്നത്. വീതിച്ചുകൊടുക്കാൻ അക്കാദമി, ബോർഡ്, കോർപറേഷനുകൾ വേണ്ടത്രയുള്ളതിനാൽ പാർട്ടിക്കു പണച്ചെലവില്ലാതെ ചിന്തകരെയും നിരൂപകരെയും കാശിനു പതിനാറെന്ന നിരക്കിൽ കിട്ടും. 

പണ്ടു മണിയാശാൻ ഒരു സബ് കലക്ടറെ ഊളമ്പാറയ്ക്ക് അയയ്ക്കണമെന്നു പറഞ്ഞിരുന്നു. മനോരോഗചികിൽസയിൽ ആശാനുള്ള യോഗ്യതയിൽ അന്നു ചിലർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, മറ്റൊരു സബ് കലക്ടറെ കണ്ടമാത്രയിൽത്തന്നെ വട്ടനാണെന്നു പറഞ്ഞതോടെ, രോഗനിർണയ കാര്യത്തിൽ ആശാനിലും വലിയ ആശാനില്ലെന്നു തീർച്ചയായി. ക്ലിനിക്കൽ സൈക്യാട്രിയിൽ എംഡിയും ഡിഎമ്മുമെല്ലാം ആശാൻ എടുത്തത് കുഞ്ചിത്തണ്ണി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നാണ്. ഇതിനു പുറമേ ഒട്ടേറെ വിദേശ സർവകലാശാലകൾ അദ്ദേഹത്തിന് സൈക്യാട്രിയിൽ ഓണററി ഡോക്ടറേറ്റുകൾ നൽകി ആദരിച്ചിട്ടുണ്ട്. 

ഇടുക്കിയിൽ ഒരു മണിയാശാൻ പോയാൽ മറ്റൊരു മണിയാശാൻ ഉയർന്നുവരണമെന്നാണു പ്രകൃതിനിയമം. മൗര്യവംശം, ഗുപ്തവംശം തുടങ്ങിയവയെപ്പോലെ കാലങ്ങളായി ഇടുക്കി ഭരിക്കുന്ന ഒരു വംശമാണ് മണിവംശം. മണിയാശാൻ ഒന്നാമൻ, മണിയാശാൻ രണ്ടാമൻ എന്നിങ്ങനെയാണ് ഈ വംശാവലിയിൽപെട്ട രാജാക്കന്മാർ അറിയപ്പെടുന്നത്. ഇപ്പോഴത്തെ മണിയാശാൻ വംശാവലിയിൽ നൂറ്റിപ്പതിമൂന്നാമനോ മറ്റോ ആണ്. 

മണി രാജാക്കന്മാർ നാടുനീങ്ങുന്നതിനു മുൻപുതന്നെ അനന്തരാവകാശിയെ കണ്ടെത്തി വാഴിക്കുകയാണു പതിവ്. പുതിയ ദലൈ ലാമയെ അവരോധിക്കുന്ന അതേ ചടങ്ങ്. പാർട്ടി കേഡറുകൾ ഇടുക്കി ജില്ല മൊത്തം കാൽനടയായി സഞ്ചരിക്കും. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ പദസമ്പത്തു പരിശോധിക്കും. കോപ്പ്, ഒലത്ത് തുടങ്ങിയ മധുരമനോജ്ഞ പദങ്ങൾ തെറ്റുകൂടാതെ ഉച്ചരിക്കുന്നതിൽ ഏറ്റവും മിടുക്കനെയാണ് മൂന്നാറിൽ കൂട്ടിക്കൊണ്ടുപോയി കടുത്ത പരിശീലനം നൽകി മണിരാജാവിന്റെ അനന്തരാവകാശിയായി വിളംബരം ചെയ്യുക. അങ്ങനെ അടുത്ത മണിരാജാവായി വാഴിക്കാൻ പാർട്ടി കണ്ടെത്തിയതാണ് രാജേന്ദ്രൻ സഖാവിനെ. അതുകൊണ്ട് സഖാവിനെ പൂർണമായി തള്ളിപ്പറയാൻ പാർട്ടി ഒരിക്കലും തയാറാവില്ല. പരസ്യശാസന എന്ന ചില ഒറ്റമൂലി പ്രയോഗത്തിൽ ഇതെല്ലാം അവസാനിക്കും.

ദേവികുളം സബ് കലക്ടർ രേണു രാജിനു ബുദ്ധിയില്ലെന്നു രാജേന്ദ്രൻ സഖാവു പറഞ്ഞിട്ടുണ്ടെങ്കിൽ അതു തെറ്റാവാൻ സാധ്യതയില്ല. സഖാവ് പെരിയ പുത്തിശാലിയാണ്. ആളെ കണ്ടാൽത്തന്നെ അയാളുടെ തലച്ചോറിന്റെ തൂക്കം ഇത്ര ഗ്രാം, ഇത്ര മില്ലിഗ്രാം എന്നു കിറുകൃത്യമായി പറയും. അതിൽ സെറിബ്രമെത്ര, സെറിബെല്ലമെത്ര, മെഡുല ഒബ്ലാംഗേറ്റ എന്നിവ തരംതിരിച്ചു കണക്കുകൂട്ടും. സംഗതി ദശാംശം പോലും വ്യത്യാസം വരാറില്ല. 

വാമൊഴിവഴക്കത്തിൽ ആശാനെയും സഖാവിനെയും വെല്ലുന്ന ഒരാളേ ഈ നാട്ടിലുള്ളൂ. അത് ഈരാറ്റുപേട്ട പ്ലാത്തോട്ടത്തിൽ ചാക്കോ മകൻ ജോർജ് പുലിയല്ലാതെ മറ്റാരുമല്ല. വൊക്കാബുലറി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അദ്ദേഹം നടത്തുന്ന ‘അക്കാദമി ഫോർ അൺസിവിലൈസ്‌ഡ് വേഡ്സ്’ എന്ന സ്ഥാപനത്തിൽ ഉന്നതപരിശീലനത്തിനു പോകാനുള്ള തയാറെടുപ്പിലാണ് മണിരാജാവും നിയുക്ത മണിരാജാവും. 

ഞെരുക്കമാണ്, അതുകൊണ്ടാ...

എമ്പ്രാന്റെ വിളക്കത്ത് വാരിയരുടെ അത്താഴമെന്ന പരിപാടി ഇനി നടപ്പില്ലെന്നു ബിജെപി പറയുന്നതു ന്യായം. കീശയിലെ കാശ്, വായിലെ ദോശ എന്നതാണു രാഷ്ട്രീയത്തിൽ ഇപ്പോഴത്തെ നാട്ടുനടപ്പ്. പണത്തിനുമേലെ പരുന്തും പറക്കാത്ത കാലമാണ്. ധനസമ്പാദനം പാപമാണെന്നു സനാതനധർമത്തിന്റെ ആധികാരിക ഗ്രന്ഥങ്ങളിലൊന്നും പറഞ്ഞിട്ടില്ല. പിന്നെന്തിനാണ് സനാതന പാർട്ടി പണത്തോടു മുഖംതിരിച്ചു നിൽക്കുന്നത്? 

സീറ്റ് കിട്ടണമെങ്കിൽ 10 കോടി രൂപ നൽകണമെന്നു ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതിലെന്താണു തെറ്റ്? സീറ്റൊന്നിനു 10 കോടി തീർത്തും കുറഞ്ഞ വിലയാണ്. 15 കോടി നൽകിയാൽ രണ്ടു സീറ്റ് കിട്ടുമോ എന്നു ഘടകകക്ഷികൾക്കു വിലപേശിനോക്കാം. എൻഡിഎയെ കേരളത്തിലെ മഹാശക്തിയാക്കാനാണ് ഇത്രയും കാലം ബിജെപി നഷ്ടക്കച്ചവടം നടത്തിയത്. എന്നിട്ടും എൻഡിഎ പടവലം മാതൃകയിലാണു വളരുന്നത്. കാശും പോയി, സീറ്റും പോയി എന്നതാണ് ബിജെപിയുടെ ഇത്രയും കാലത്തെ കച്ചവടത്തിന്റെ ബാലൻസ് ഷീറ്റ്. 

പണ്ടൊക്കെയാണെങ്കിൽ ചെറുകിട പാർട്ടികൾക്കു സീറ്റും പ്രചാരണത്തിനുള്ള ചെല്ലുംചെലവുമെല്ലാം കൊടുക്കുന്ന പതിവ് ബിജെപിക്ക് ഉണ്ടായിരുന്നു. സ്ഥാനാർഥിയെ സപ്ലൈ ചെയ്യുകയെന്ന മഹനീയദൗത്യം മാത്രമേ സഖ്യകക്ഷികൾക്കുണ്ടായിരുന്നുള്ളൂ. ബിജെപി നൽകുന്ന മടിശ്ശീല വല്ലാതെ അഴിക്കാതിരുന്നാൽ അടുത്ത 5 വർഷം സ്ഥാനാർഥിക്കുള്ള ജീവനാംശം ലാഭിക്കാം. ഭേഷായി തോൽക്കുമെന്നതു മറ്റൊരു കാര്യം. കെട്ടിവച്ച കാശും അതു കെട്ടിവയ്ക്കാൻ ഉപയോഗിച്ച സഞ്ചിയും സർക്കാരിലേക്കു മുതൽക്കൂട്ടിയാൽ സ്ഥാനാർഥിക്കെന്തു നഷ്ടം?

ഇത്രയും കാലം ഡൽഹിയിൽനിന്നു കിട്ടുന്ന പണം സ്യൂട്കേസിലോ എൽജി കൂട്ടുപെരുങ്കായത്തിന്റെ മഞ്ഞസഞ്ചിയിലോ ആക്കി എത്തിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമേ ബിജെപി സംസ്ഥാന നേതൃത്വത്തിന് ഉണ്ടായിരുന്നുള്ളൂ. 

കേന്ദ്രത്തിൽനിന്നു കേരളത്തിലേക്കുള്ള ഒഴുക്കിന്റെ ശക്തി വല്ലാതെ കുറഞ്ഞിട്ടുണ്ടെന്നാണ് മണിഫ്ലോ നിരീക്ഷിക്കുന്നവർ പറയുന്നത്. പണ്ടത്തെ ഒഴുക്കിൽ വന്ന ചില കോടികൾ പ്രളയകാലത്തു നഷ്ടപ്പെട്ടുവെന്നു ചില നേതാക്കൾ അടക്കം പറയുന്നുണ്ട്. അതിൽപിന്നെയാണു ഡൽഹിയിൽനിന്നുള്ള ഒഴുക്കിന് ആക്കം കുറഞ്ഞതെന്നും അവർ പറയുന്നു. സംഗതി സത്യമാണെങ്കിലും അല്ലെങ്കിലും പാർട്ടി ആസ്ഥാനമന്ദിരം പണിയാൻ കുഴിച്ച കുഴി അടുത്ത വർഷകാലത്തു മഴവെള്ള സംഭരണിയായി ഉപയോഗിക്കാൻ പറ്റുന്ന സ്ഥിതിയിലാണ്. കാശിന്റെ മുട്ടുകാരണം അത് ഇറിഗേഷൻ വകുപ്പിന് രണ്ടോ മൂന്നോ വർഷത്തേക്കു വാടകയ്ക്കു കൊടുക്കുന്ന കാര്യവും പാർട്ടി നേതൃത്വം ആലോചിക്കുന്നുണ്ടത്രെ.

സ്റ്റോപ് പ്രസ്: എസ്.രാജേന്ദ്രൻ എംഎൽഎ ദേവികുളം സബ് കലക്ടർ രേണു രാജിനെ അവൾ എന്നു വിളിച്ചു. 

നവോത്ഥാനത്തിലും സ്ത്രീശാക്തീകരണത്തിലും ‘അവൾക്കുള്ള’ സ്ഥാനം വളരെ വലുതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com