ADVERTISEMENT

നവോത്ഥാനത്തെക്കുറിച്ചും സാമൂഹികനീതിയെക്കുറിച്ചും ഇനി കേരളം ഘോരഘോരം പ്രസംഗിക്കുമ്പോൾ രണ്ടു യുവാക്കളുടെ സങ്കടഭരിതമായ ഓർമകൂടി അതിനെ ചോദ്യംചെയ്യാൻ മുന്നിലുണ്ടാവും. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ഭരണഘടനാപരമായി ഉത്തരവാദിത്തമുള്ള സർക്കാരിലെ മുഖ്യ ഭരണകക്ഷിയാണ് ഇവിടെ പ്രതിസ്ഥാനത്ത് ആരോപിക്കപ്പെടുന്നതെന്നത് ഈ ക്രൂരകൊലപാതകങ്ങളെ കൂടുതൽ ഗൗരവമുള്ളതാക്കുന്നു.  

പറഞ്ഞുതീർക്കാമായിരുന്ന നിസ്സാര പ്രാദേശിക രാഷ്ട്രീയപ്രശ്നങ്ങളാണ് കാസർകോട് പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‍ലാലിന്റെയും ജീവനെടുത്തത്. കോളജിലെ കെഎസ്‍യു പ്രവർത്തകനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചുവെന്ന പരാതിയും തുടർന്നുണ്ടായ പ്രാദേശിക സംഘർഷങ്ങളും ഉത്തരവാദിത്തപ്പെട്ടവർ സഹിഷ്ണുതയോടെ പരിഹരിച്ചിരുന്നെങ്കിൽ രണ്ട് അമ്മമാർക്ക് പ്രിയപ്പെട്ട മക്കളെ നഷ്ടമാകില്ലായിരുന്നു. 

ഒരു കുടുംബത്തിന്റെയും, നാടിന്റെതന്നെയും പ്രതീക്ഷയായിരുന്ന അഭിമന്യു എന്ന വിദ്യാർഥി കലാലയരാഷ്ട്രീയത്തിന്റെ തുടർച്ചയായി കത്തിമുനയിൽ ജീവൻവെടിഞ്ഞതു മറക്കാറായിട്ടില്ല. അഭിമന്യുവിന്റെ ഓർമയ്ക്കുവേണ്ടിയും  കുടുംബത്തിനുവേണ്ടിയും മുന്നിട്ടിറങ്ങിയ പാർട്ടിയിൽപെട്ടവരാണ് കൃപേഷിന്റെയും ശരത്‍ലാലിന്റെയും ജീവനെടുത്തതെന്നത് അത്യധികം നിർഭാഗ്യകരംതന്നെ. ഈ ചെറുപ്പക്കാരുടെ അകാലമരണം ഉയർത്തുന്ന ചോദ്യങ്ങൾക്കു മറുപടി പറയാതെ കേരളത്തിലെ ഒരു രാഷ്ട്രീയപാർട്ടിക്കും മുന്നോട്ടുപോകാനാകില്ല.  

പ്രായമായ അച്ഛനമ്മമാരുടെയും രണ്ടു സഹോദരിമാരുടെയും ഏക പ്രതീക്ഷയായിരുന്നു കൃപേഷ്. തകർന്നുവീഴാറായ ഒറ്റമുറി ഓലക്കുടിലിൽ ജീവിച്ച ഈ യുവാവിന്റെ പഠനം പോലും നാട്ടിലെ സിപിഎം പ്രവർത്തകരുടെ അസഹിഷ്ണുതയെ തുടർന്ന് അവസാനിപ്പിക്കേണ്ടിവന്നു. പിന്നീടു പിതാവിനെ ചെറിയ ജോലികളിൽ സഹായിച്ചു ജീവിതം  മുന്നോട്ടു കൊണ്ടുപോകുന്നതിനിടെയാണു കൊല്ലപ്പെടുന്നത്. എൻജിനീയറിങ് ബിരുദധാരിയായ ശരത്‍ലാലും അച്ഛനമ്മമാരുടെയും സഹോദരിയുടെയും പ്രിയപ്പെട്ട പ്രതീക്ഷയായിരുന്നു. 

മട്ടന്നൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എസ്.പി.ഷുഹൈബ് കൊല്ലപ്പെട്ട് ഒരു വർഷം കഴിയുമ്പോഴാണ് സമാന രീതിയിലുള്ള ഇരട്ടക്കൊലപാതകമുണ്ടാകുന്നത്. അക്രമികളെ മാത്രമല്ല, ആസൂത്രണം ചെയ്തവരെയും സഹായിച്ചവരെയും കൂടി നിയമത്തിനു മുന്നിലെത്തിച്ച് കടുത്ത ശിക്ഷ നൽകിയാലേ, ഉത്തര മലബാറിന്റെ ശാപമായ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതിയുണ്ടാകൂ. 

അക്രമങ്ങളിൽ പങ്കില്ലെന്ന കൈകഴുകൽപ്രസ്താവനകൾക്കും സമാധാനയോഗങ്ങളിലെ പ്രഖ്യാപനങ്ങൾക്കുമപ്പുറം, അക്രമികളെ സംഘടനാപരമായി തള്ളിപ്പറയാനും യഥാർഥ പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാനും സിപിഎം നേതൃത്വം ആത്മാർഥമായി തയാറാവാത്തിടത്തോളം, ജനാധിപത്യവ്യവസ്ഥയോട് ആ പാർട്ടിക്കുള്ള കൂറ് ചോദ്യംചെയ്യപ്പെടുകതന്നെ ചെയ്യും. കൊലക്കേസ് പ്രതികൾക്ക് ജയിലിലും പുറത്തും സംരക്ഷണം കൊടുക്കില്ലെന്നുകൂടി സിപിഎം ഉറപ്പുവരുത്തണം. 

പെരിയയിലെ ഇരട്ടക്കൊലപാതകത്തെത്തുടർന്ന് ആഹ്വാനംചെയ്ത മിന്നൽ ഹർത്താലിനെ ഒരുതരത്തിലും ന്യായീകരിക്കാനും വ‌യ്യ. പരീക്ഷകളെയും ജനജീവിതത്തെയും ബാധിച്ച ഹർത്താലിൽ സംസ്ഥാനത്തു പലയിടത്തും അക്രമങ്ങളുമുണ്ടായി. മിന്നൽ ഹർത്താലിനെതിരെ സ്വമേധയാ കോടതിയലക്ഷ്യക്കേസ് എടുത്ത് ഹൈക്കോടതി കർശനമായി പ്രതികരിക്കുകയും ചെയ്തു. ആരു നടത്തിയാലും ഹർത്താൽ പ്രാകൃതവും നാടിനെ നാശവഴിയിലേക്കു നയിക്കുന്നതുമാണെന്ന കാര്യത്തിൽ സംശയമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com