ADVERTISEMENT

‘ഞങ്ങടെ ആള്കളെ കൊന്നപ്പോൾ നിങ്ങള് ഏടെയായിരുന്നു?’

 ഓരോ രാഷ്ട്രീയ കൊലപാതകം നടക്കുമ്പോഴും അന്നത്തെ ടിവി ചാനൽ ചർച്ചയിൽ കേൾക്കുന്ന ചോദ്യമാണിത്.

മനഷ്യകുലത്തിന്റെ ബുദ്ധിയെ പരിഹസിച്ചുകൊണ്ടുള്ള ഈ ചോദ്യത്തിന് രാഷ്ട്രീയഭേദമില്ല. ചോദിക്കുന്നയാൾ വിദ്യാഭ്യാസ സംസ്കാരമില്ലാത്ത ഒരു ഗുണ്ടയല്ല; പ്രാകൃതനായ ഗോത്രമൂപ്പനുമല്ല. ഈ ചോദ്യം നമ്മോട് ചില കാര്യങ്ങൾ പ്രത്യേകമായി ഓർമിപ്പിക്കുന്നുണ്ട്. അവ ഇതാണ്: ഞങ്ങളിത് അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല - ഞങ്ങളുടെ കക്ഷിരാഷ്ട്രീയ ബലതന്ത്രങ്ങൾക്ക് ഈ നരബലികൾ ഒഴിവാക്കാനാവാത്തതാണ്. ഈ അച്ചുതണ്ടിലാണ് ഞങ്ങൾ ജീവിക്കുന്നത്. പ്രത്യയശാസ്ത്ര വൈരുധ്യങ്ങളെ മറച്ചുപിടിക്കുന്നത്.

ഞങ്ങൾ, നേതാക്കളുടെ മക്കളെ സുരക്ഷിതമായ അകലങ്ങളിൽ പാർപ്പിക്കുന്നുണ്ട്. സമരവും വിദ്യാർഥിരാഷ്ട്രീയ അടിപിടികളും കടന്നുവരാത്ത വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നുണ്ട്. മേൽത്തരം പദവികൾ നൽകി സൂക്ഷിക്കുന്നുണ്ട്. അവർ കൊല്ലപ്പെടാത്ത കാലത്തോളം ഞങ്ങൾ നേതാക്കൾ വൈകാരികമായി സുരക്ഷിതരാണ്.

കരയുന്നത് എന്റെ കുഞ്ഞല്ല, ഭാര്യയല്ല, അമ്മയല്ല. കൊല്ലുന്ന നേതാവ് വീരപുരുഷനാണ്. കൊല്ലപ്പെടുന്ന യുവാവിന്റെ നിലവിളി ഞങ്ങൾ മസിൽ പവർ രാഷ്ട്രീയത്തിന്റെ കാഹളധ്വനിയാക്കുന്നു.

ഒരു നേതാവിന്റെ വീരപരിവേഷത്തിന് ഒരൽപം ഇടിവു സംഭവിക്കുമ്പോൾപോലും ഞങ്ങൾ രാഷ്ട്രീയകൊലപാതകം നടത്തും!

രാഷ്ട്രീയകൊലപാതകങ്ങൾ ഞങ്ങൾക്കുതന്നെ നിയന്ത്രിക്കാനാവാത്ത വിധം പെരുകുമ്പോൾ ഒരു സർവകക്ഷി യോഗം വിളിച്ചോളൂ, ഞങ്ങൾ വരാം. കൊല അവസാനിപ്പിക്കാനല്ല, ഞങ്ങളുടെ ഗോത്ര ആചാരങ്ങളിൽ ഇങ്ങനെയൊരു അനുഷ്ഠാനമുള്ളതു കൊണ്ടാണ്. പിന്നെ, വേണമെങ്കിൽ സാഹിത്യാദികലകളിൽ വെറുതെ സമയം പാഴാക്കുന്ന  സാംസ്കാരികപ്രവർത്തകർ വർഷത്തിൽ ഒന്നോ രണ്ടോ സായാഹ്നയോഗം സംഘടിപ്പിച്ച് കുറച്ചു കാറിക്കുരച്ച് പൊയ്ക്കോട്ടെ. വേണമെങ്കിൽ പ്രമുഖർ ഒപ്പിട്ട പ്രസ്താവനയുമാവാം.

അപ്പോൾ ഒരു ചോദ്യം വരുന്നു. നിയമസംവിധാനങ്ങൾ എന്തു ചെയ്യുന്നു? ഇന്ത്യൻ ഭരണഘടന എന്ന ഒന്നുണ്ടല്ലോ. അത് ഞങ്ങൾ തീരുമാനിക്കും. പറഞ്ഞാൽ അനുസരിക്കാത്ത നിയമപാലകനെ എന്തുചെയ്യണമെന്ന് ഞങ്ങൾക്കറിയാം.

അപ്പോൾ മനഃസാക്ഷി? ഓ, പോകാൻ പറ. മനഃസാക്ഷി! അതും പറഞ്ഞോണ്ടിരുന്നാ രാഷ്ട്രീയപ്രവർത്തനം നടക്കുമോ? എന്തുകൊണ്ട് പ്രമാണിമാർ കൊല്ലപ്പെടുന്നില്ല? മുൻനിര നേതാക്കൾ കൊല്ലപ്പെടുന്നില്ല? അവരുടെ മക്കൾ കൊല്ലപ്പെടുന്നില്ല?

അതോടെ പഴകി മഞ്ഞളിച്ച ചില ലിസ്റ്റുകൾ വരവായി.

എന്താണു സത്യത്തിൽ സംഭവിച്ചത്? ജനം മാനസികമായി ബന്ദികളാണ്. സ്വതന്ത്രമായി ചിന്തിച്ചുപോകുന്ന സിവിലിയൻ ഓടിപ്പോകണം. ഞങ്ങൾക്കില്ലാത്ത ഗുണങ്ങൾ പർവതീകരിച്ചെഴുതാൻ എഴുത്തുകാരുണ്ട്; പത്രക്കാരുണ്ട്; സാംസ്കാരിക പ്രസംഗകരുണ്ട്; പ്രസാധകരുണ്ട്. നേതാക്കൾ സാംസ്കാരികവേദികളിൽ ഉദ്ഘാടകരോ പുസ്തകപ്രകാശകരോ ആണ്.

മണൽ മാഫിയയെ പിടികൂടിയ പൊലീസ് സ്റ്റേഷനിൽ സംസ്ഥാനതല നേതാവും മുൻ മന്ത്രിയുമായ ഒരാൾ ബലമായി പ്രതിയെ മോചിപ്പിച്ചു കൊണ്ടുപോയ കണ്ണൂരിലെ വിഡിയോ ദൃശ്യം നമ്മൾ മറക്കാറായിട്ടില്ല. അയാളും രണ്ടാഴ്ച കഴിഞ്ഞപ്പോൾ കവിതാ പുസ്തകം പ്രകാശനം ചെയ്യുന്നതു കണ്ടു. 

ഇവിടെ കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒച്ചയിട്ടലറുന്ന മതപ്രസംഗങ്ങളും മാത്രം. തെരുവോരങ്ങളെ പൂർണമായും കയ്യടക്കിവച്ച ബഹുവർണ ഫ്ലെക്സുകളും ഇവരുടെ കട്ടൗട്ടുകളും മാത്രം. പിന്നെ, സ്വന്തം തലച്ചോർ ഒരിക്കലും ഉപയോഗിക്കാത്ത അനുയായിവൃന്ദങ്ങളും മാത്രം. ജില്ലാ - സംസ്ഥാന സമ്മേളനങ്ങളെത്തുമ്പോൾ, വർഷത്തിൽ ഒന്നോ രണ്ടോ തവണ നമുക്കവരെ കാണാം. ട്രാഫിക് നിയമങ്ങൾ പുല്ലുപോലെ കാറ്റിൽപറത്തി ലോറിപ്പുറത്ത് ബാൻഡുവാദ്യങ്ങൾ മുഴക്കി ആനന്ദനൃത്തമാടാൻ ഇവരെ വിടും.

ഒരു നാടിന്റെ വികസനസങ്കൽപങ്ങൾക്കു ചുക്കാൻ പിടിക്കാൻ പ്രാപ്തരായ യുവസമൂഹങ്ങളില്ല. സംഗീതമില്ല, നാടകമില്ല, നൃത്തമില്ല, ചിത്രകലയില്ല, ഫുട്ബോളില്ല, പരിസ്ഥിതിസങ്കൽപങ്ങളില്ല. മാറുന്ന ലോകങ്ങളെപ്പറ്റിയുള്ള പഠനമില്ല. ആരോഗ്യകരമായ ആൺപെൺ ബന്ധങ്ങളില്ല. സർഗാത്മകമായ ഇടങ്ങൾ യാതൊന്നുമില്ല. സാംസ്കാരിക ഭൂതകാലമില്ല. ചെറുശ്ശേരിയുടെ കൃഷ്ണഗാഥ ഉണ്ടായ നാട്. നമ്മുടെ ഭാഷയിൽ ആദ്യമായി നിഘണ്ടു ഉണ്ടായ സ്ഥലം. ആദ്യ മലയാളകൃതി ഉണ്ടായ സ്ഥലം. ആദ്യ നോവൽ, ആദ്യ ചെറുകഥ, ആദ്യ വനിതാ പ്രസിദ്ധീകരണം, ആദ്യ പത്രം, ഖുർആൻ പരിഭാഷ, കേക്ക്, സർക്കസ്, ക്രിക്കറ്റ് ഇവയൊക്കെ ഉണ്ടായ നാട്ടുപരിസരങ്ങൾ... 

സ്വാതിതിരുനാളിന്റെയും രാജാരവിവർമയുടെയും പിതാക്കന്മാരുണ്ടായ നാട്. ഇന്ത്യൻ ചിത്രകലയിലെ ഇതിഹാസം കെ.ജി.സുബ്രഹ്മണ്യൻ ഓടിക്കളിച്ച മണ്ണ്. എകെജിയുടെ നാട്. തെയ്യത്തിന്റെയും മറത്ത് കളിയുടെയും നാട്. ഇപ്പോൾ കാഴ്ചയിൽ നിറഞ്ഞുനിൽക്കുന്നത് എന്താണ്? ധാർഷ്ട്യം ഒരു അലങ്കാരകലയാക്കിയ ഏതാനും കുട്ടിനേതാക്കളുടെ മാത്രം പേരറിയാവുന്ന വിധത്തിൽ ഈ നാട് എത്തിനിൽക്കുന്നു. ആത്മാഭിമാനം വഴിഞ്ഞൊഴുകേണ്ട ചരിത്രബോധമില്ല‌, സാംസ്കാരിക ലോകമില്ല. 

ഈ മണ്ണിന്റെ അഭിമാനകരമായ സാംസ്കാരികസ്മൃതികളിലേക്ക് മനുഷ്യരെ കൂട്ടിക്കൊണ്ടുപോവണം. അതാണ് ആദ്യം വേണ്ടത്. വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളിൽ നിന്നും കൊലക്കത്തികളിൽ നിന്നും അത് മോചനം നൽകും. കാരുണ്യവും സമാധാനവും ആത്മാവായിട്ടിരിക്കുന്ന രാഷ്ട്രീയപ്രവർത്തനം കാലം ആവശ്യപ്പെടുന്നുണ്ട്. ഗൂഢമായെങ്കിലും ഇങ്ങനെ ആഗ്രഹിക്കുന്ന ചില രാഷ്ട്രീയപ്രവർത്തകരെങ്കിലും ഉണ്ട്. അവർക്കാകട്ടെ, വാക്കുകൾ വിധിച്ചിട്ടുമില്ല.

(പ്രശസ്ത കഥാകൃത്താണ് ലേഖകൻ)

Nottam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com