ADVERTISEMENT

വൈദ്യുതി ബോർഡും പശുവും ഏതാണ്ട് ഒരുപോലെയാണ്. പശു നമുക്കു പാൽ തരുന്നു; ബോർഡ് വൈദ്യുതി തരുന്നു. തൊഴുത്തു മാറ്റിക്കെട്ടുമ്പോഴും പശു പാൽ തരാതിരിക്കുന്നില്ല. കെഎസ്ഇബിയുടെ ബോർഡ് അഴിച്ചു കമ്പനിയാക്കിയിട്ടും നമുക്കു വൈദ്യുതി കിട്ടുന്നു. 

പശുവിന്റെ തൊഴിക്കു പകരം ബോർഡിനുമുണ്ട് വിശേഷാൽ തൊഴി. അതിനു പേര് പക്ഷേ, ഇംഗ്ലിഷിലാണ്: ലോഡ് ഷെഡിങ്.

രാഷ്ട്രനിർമാണത്തിനും പുനർനിർമാണത്തിനുമൊക്കെ വൈദ്യുതി ആവശ്യമുള്ളതിനാൽ കെഎസ്ഇബി ഇനി യഥാർഥ നിർമാണത്തിലേക്കു കടക്കുകയാണത്രെ. 

നിർമാണ പ്രവർത്തനങ്ങൾക്കും ബന്ധപ്പെട്ട ഉപദേശ–നിർദേശങ്ങൾക്കുമായി കെഎസ്ഇബി മറ്റൊരു കമ്പനി തുടങ്ങാൻ പോകുകയാണെന്ന് മന്ത്രി എം.എം.മണിയാശാനാണ് നിയമസഭയെ അറിയിച്ചത്. സർക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമൊക്കെ പ്രയോജനപ്പെടാൻ വേണ്ടിയാണത്രെ നിർമാണക്കമ്പനി. നിർമിച്ചാലും ഇല്ലെങ്കിലും കുറെയേറെപ്പേർക്കു ജോലി നൽകുകയും ചെയ്യാം. 

വൈദ്യുതി പോസ്റ്റുകൾ സ്ഥാപിക്കാൻ കുഴിതോണ്ടുന്നത് നിർമാണ പ്രവർത്തനത്തിന്റെ ആദ്യ കുഴിയാണെന്ന ബലത്തിലാവും ഷോക്കടിക്കുന്നതാണെന്നറിയാതെ നിർമാണക്കമ്പിയിൽ കയറിപ്പിടിക്കാൻ മന്ത്രിയാശാൻ തീരുമാനിച്ചത്. ആ തീരുമാനമെടുത്തപ്പോൾ വൈദ്യുതി പോസ്റ്റിലിരുന്നു ചിരിക്കുന്ന എല്ലും തലയോട്ടിയുമുള്ള അപായ മുന്നറിയിപ്പ് മണിയാശാൻ ഓർത്തില്ലെന്നു തോന്നുന്നു. 

ഇപ്പോൾത്തന്നെ കേരളത്തിലെ 49 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലാണെന്ന കാര്യം നിയമസഭയിൽത്തന്നെയാണ് പ്രഖ്യാപിച്ചത്. 49ൽ നിന്ന് 50ലേക്ക് ഒരു വൈദ്യുതി പോസ്റ്റിന്റെ ദൂരം മാത്രമേ ഉണ്ടാവൂ.

കെഎസ്ഇബിയുടെ ചിന്നക്കമ്പനി നഷ്ടത്തിൽ ഷോക്കേറ്റു വീഴുമ്പോൾ മന്ത്രിയും സർക്കാരും ഹൈടെൻഷൻ തീരുമാനം പ്രഖ്യാപിക്കും.

നഷ്ടം നികത്താൻ ഇതാ ഒന്നാംതരം ആയുധം: വൈദ്യുതിനിരക്കു കൂട്ടാം. 

രാഷ്ട്രനിർമാണത്തിൽ പങ്കാളികളാകാൻ ജനത്തിനു സുവർണാവസരം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com