ADVERTISEMENT

രക്തസാക്ഷികളുണ്ടാകുന്നതിന്റെ വേദന കടിച്ചമർത്തുന്ന പാർട്ടിയാണു സിപിഎം എന്ന് കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സിലേക്ക് കയ്യൂർ മുതലുള്ള ചരിത്രം ഇരമ്പിക്കയറിയിട്ടുണ്ടാകും. 2 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിനുറുക്കിയ പെരിയയിൽനിന്നു കയ്യൂരിലേക്ക് ഏറെ ദൂരമില്ല. ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തെത്തന്നെ അത്രമേൽ സ്വാധീനിച്ച കയ്യൂർ സമരത്തിന്റെ സ്വാധീനവും ആ തീക്കാറ്റും ബാധിച്ചയിടമാണ് പെരിയയും. പക്ഷേ, മുഖ്യമന്ത്രി ഓർമിച്ച ചരിത്രം അവിടെ തലകീഴായാണ് ഇപ്പോൾ തൂങ്ങുന്നത്.

തൂക്കുകയറിനു മുന്നിൽ കുലുങ്ങാതെ തടവറയിൽ കഴിഞ്ഞ 4 കയ്യൂർ ദേശാഭിമാനികളുമായുള്ള കൂടിക്കാഴ്ച അന്നത്തെ ജനറൽ സെക്രട്ടറി പി.സി.ജോഷി ഇങ്ങനെ വിവരിച്ചിട്ടുണ്ട്: ‘നിങ്ങൾ ഈ പ്രസ്ഥാനത്തിലേക്കു വന്നപ്പോൾ അതിൽ നൂറിലേറെപ്പേർ മാത്രമായിരുന്നു. ഇപ്പോഴതു വളർന്നു. നിങ്ങൾ നാലുപേരുടെ രക്തസാക്ഷിത്വം നാലായിരം പേർക്കു കരുത്താകും; അവരിലേക്കു പാർട്ടിയെ എത്തിക്കും. ആ സ്മരണ ഞങ്ങൾ‍ക്കു കരുത്തും ശക്തിസ്രോതസ്സുമാണ്’.

പി.സി.ജോഷി ആഗ്രഹിച്ച നാലായിരത്തിൽനിന്ന് സിപിഎമ്മിന്റെ അംഗസംഖ്യ കേരളത്തിൽ 4 ലക്ഷത്തിലേക്കു വളർന്നു. പലതവണ അധികാരത്തിലെത്തി. പക്ഷേ, കൃത്യമായ ഇടവേളകളിൽ ‘ചോരക്കൊതിയന്മാർ’ എന്ന വിശേഷണം പാർട്ടിക്കുമേൽ പതിക്കുന്നു. 4 കയ്യൂർ ധീരരുടെ രക്തസാക്ഷിത്വം ലക്ഷക്കണക്കിനാളുകളെ പ്രസ്ഥാനത്തിലേക്ക് ആകർഷിച്ചുവെങ്കിൽ, അതേ കാസർകോട്ടുള്ള പെരിയയിൽ 2 ചെറുപ്പക്കാരെ വെട്ടിക്കൊന്ന പൈശാചികത എത്രയോപേരെ അകറ്റുന്നുണ്ടാകണം. 

ആയിരത്തിൽ വീണ ചോര

പിണറായി സർക്കാരിന്റെ 1,000 ദിവസങ്ങളുടെ ആഘോഷത്തിലേക്കു പാർട്ടിയും സർക്കാരും കടക്കാൻ തുനിഞ്ഞ വേളയിലാണു പെരിയ ചോരയണിഞ്ഞത്. സാധാരണഗതിയിൽ വാർഷികാഘോഷങ്ങളാണു സർക്കാരുകൾ സംഘടിപ്പിക്കുക. 1,000 ദിവസങ്ങളെന്നതു പതിവില്ലാത്ത രേഖപ്പെടുത്തലാണ്. ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള പ്രചാരണപരിപാടികളാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നതു വ്യക്തം. സർക്കാർ അതിനു തുനിയുമ്പോൾ പിന്തുണ നൽകാനാണ് പാർട്ടിയും എൽഡിഎഫും 2 രാഷ്ട്രീയജാഥകൾ സംഘടിപ്പിച്ചത്. പക്ഷേ രണ്ടറ്റത്തെയും, ഇടതിന്റെ ശക്തികേന്ദ്രങ്ങളായ കണ്ണൂരും കൊല്ലത്തും ജാഥാപ്രയാണം ഒരു ദിവസത്തേക്കു റദ്ദാക്കേണ്ടിവന്നതിലേക്കാണ് ‘പെരിയ’ പരിണമിച്ചത്. ജാഥയെ ഇതൊന്നും ബാധിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ആത്മവിശ്വാസം അണിയുന്നതു ബാധിച്ചശേഷമാണ്. പ്രകോപനം ഒഴിവാക്കാനാണു ജാഥ നിർത്തിവച്ചതെന്നു പാർട്ടി വിശദീകരിക്കുന്നത് പ്രകോപനത്തിനുള്ള ആയുധം ഇട്ടുകൊടുത്തശേഷവും.

ഇതിന്റെ സംസാരിക്കുന്ന തെളിവുകളിലേക്കു പോകണമെങ്കിൽ സിപിഎമ്മിന്റെയോ എൽഡിഎഫിന്റെയോ ഫെയ്സ്ബുക് പേജുകളെടുത്താൽ മതി. ജാഥകളെക്കുറിച്ചുള്ള കുറിപ്പുകൾക്കെല്ലാം താഴെ നിറയുന്നതു കൂരമ്പുകളാണ്. മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പേജിലും സ്ഥിതി വ്യത്യസ്തമല്ല. പൊലീസ് ആസ്ഥാനത്ത് പൊതുജനങ്ങളെ സ്വീകരിക്കാനായി റോബട്ടിനെ സ്ഥാപിച്ചത് അഭിമാനപൂർവം വിവരിക്കുന്നതിനു താഴെ: ‘ആളെക്കൊല്ലാനും ഇനി റോബട്ടിനെയാക്കിയാലോ? ഗുണ്ടകളെ തീറ്റിപ്പോറ്റണ്ടല്ലോ, കേരളത്തിലെ പാർട്ടിക്ക്’. കമന്റുകൾക്ക് ആസൂത്രിതസ്വഭാവമുണ്ടെന്നു പാർട്ടിക്ക് ആരോപിക്കാൻ സാധിക്കും. പക്ഷേ, അതിനെ ചെറുക്കുന്ന തരത്തിൽ സജ്ജമാകുന്ന പാർട്ടിയുടെ സൈബർ പോരാളികൾക്കു പോലും താൽക്കാലികമായെങ്കിലും ആവേശം ചോർന്നിരിക്കുന്നു. തൽസമയം ചോദ്യങ്ങൾക്കു മറുപടി പറയുന്ന പ്രതിവാര ഫെയ്സ്ബുക് ലൈവ് രണ്ടാഴ്ച മുൻപ് ആരംഭിച്ച കോടിയേരി, നാളെ അതിനു തുനിയുമോയെന്നാണു കണ്ടറിയേണ്ടത്. 

പ്രതിരോധസേനയുടെ മനഃശാസ്ത്രം

പൂജപ്പുര മൈതാനത്ത് സിപിഐ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി, ക്യാപ്റ്റനായ കോടിയേരി ബാലകൃഷ്ണനു പതാക കൈമാറി ‘കേരള സംരക്ഷണയാത്ര’ ഉദ്ഘാടനം ചെയ്തപ്പോൾ എൽഡിഎഫിന്റെ ഒരു സംസ്ഥാനതല പരിപാടിക്കു ചേർന്ന ജനം അവിടെയുണ്ടായിരുന്നില്ല. തുടർന്നങ്ങോട്ട് ആ കുറവു പരിഹരിക്കുന്നതിലേക്കുള്ള നിർദേശം പാർട്ടി ആസ്ഥാനത്തുനിന്നു പോകുന്നതിനിടയിലാണ് കാസർകോട്ടുനിന്നുള്ള വാർത്ത എകെജി സെന്ററിനെ ഞെട്ടിച്ചത്. ടി.പി.ചന്ദ്രശേഖരൻ വധത്തിന്റെ കെടുതിയിൽ അമർന്നുപോകുമോയെന്ന ആശങ്കപോലുമുണ്ടായ സിപിഎം ഒന്നല്ല, രണ്ടു കൊലപാതകങ്ങളുടെ പേരിൽ അതോടെ പ്രതിക്കൂട്ടിലേക്കു കയറിനിൽക്കുന്നു. ടിപി കേസിൽ പൊളിറ്റ്ബ്യൂറോ വരെ നേരിട്ട് അന്വേഷണ കമ്മിഷനെ വയ്ക്കേണ്ടിവന്നതാണ്. എന്നിട്ടും, കോടതി ശിക്ഷിച്ച പി.കെ.കുഞ്ഞനന്തൻ പ്രതിയല്ലെന്നാണു സിപിഎം ഇപ്പോഴും അവകാശപ്പെടുന്നത്.

ഓരോ ലോക്കൽ കമ്മിറ്റിയും സ്വയം പ്രതിരോധസേനകൾ സജ്ജമാക്കിയേ തീരൂ എന്നു കൽപിക്കുന്നതും അതിനുവേണ്ട പരിശീലനം ഏർപ്പാടാക്കിയിരിക്കുന്നതും പ്രത്യേകം ചുമതലക്കാരെ വച്ചിരിക്കുന്നതുമെല്ലാം ഈ പാർട്ടി തന്നെയാണ്. ഇങ്ങോട്ട് ആക്രമിച്ചാൽ നേരിടാൻ മാത്രമാണു സേനയെന്ന് സംസ്ഥാനനേതൃത്വം വിശദീകരിക്കുന്നു. ശരത്‌ലാലും കൃപേഷും ഒരിക്കൽ ഇങ്ങോട്ടാക്രമിച്ചുവെന്ന് ലോക്കൽ കമ്മിറ്റിക്കാരനായ എ.പീതാംബരനു വിചാരിക്കാമല്ലോ. അപ്പോൾ തിരിച്ചടിക്കാൻ ഏതോ അജ്ഞാതനായ ഒരു ‘കുഞ്ഞനന്തന്റെ’ മാർഗനിർദേശവും സഹായവും അയാൾ തേടിക്കാണണം. ശേഷം ചുട്ടുപൊള്ളുന്നതു പാർട്ടിയാകെയാണ്.

കൊലപാതകങ്ങൾ അരുതെന്ന തൃശൂർ സംസ്ഥാനസമ്മേളന നിർദേശത്തിന്റെ ലംഘനമാണു പെരിയയിൽ നടന്നതെന്നു ചൂണ്ടിക്കാണിക്കുന്ന സിപിഎമ്മിന് അതേ സമ്മേളനംതന്നെ വീണ്ടും ആഹ്വാനം ചെയ്ത സംഘടനാസേനകളുടെ പ്രസക്തിയെക്കുറിച്ചും അങ്ങനെയൊന്നുള്ളതിന്റെ മനഃശാസ്ത്രത്തെപ്പറ്റിയും വീണ്ടുവിചാരത്തിനു സമയമായെന്നു വിചാരിക്കുന്നവരുണ്ട്. പാർട്ടിയുടെതന്നെ സർക്കാരും പൊലീസും കൂടെയുള്ളപ്പോൾ എന്തിന് കായികമുറകളും അടിതടകളുമായി ഒരു സംഘത്തെ ഓരോ ലോക്കലിലും വിന്യസിച്ചുനിർത്തണമെന്ന വീണ്ടുവിചാരം. അതു പീതാംബരനെപ്പോലെ ചിലരിലേക്കെങ്കിലും പകരുന്ന തെറ്റായ സന്ദേശത്തിനു കൊടുക്കേണ്ടിവരുന്ന വലിയ വിലയെക്കുറിച്ചുള്ള ചിന്ത. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com