ADVERTISEMENT

രാഷ്ട്രീയ പാർട്ടികളും മുന്നണികളും തിരഞ്ഞെടുപ്പു പ്രകടനപത്രികകൾ തയാറാക്കുന്ന തിരക്കിലാണ്. ടെലിവിഷനിലും സമൂഹമാധ്യമങ്ങളിലും കൂടി പ്രചാരണത്തിനു യോജിക്കുംവിധം നവീനമായ രീതിയിൽവേണം പത്രികകൾ അവതരിപ്പിക്കാനെന്ന് എൻഡിഎ, യുപിഎ ക്യാംപുകൾ കരുതുന്നു. രണ്ടു ദശകം ബിജെപിയുടെ മാനിഫെസ്റ്റോ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന മുരളി മനോഹർ ജോഷിക്കു പകരം ഇത്തവണ രാജ്‌നാഥ് സിങ്ങാണ്. ജോഷിയാണു ബിജെപിയുടെ കഴിഞ്ഞ 3 പ്രകടനപത്രികകളും എഴുതിയുണ്ടാക്കിയത് – രണ്ടുവട്ടം പാർട്ടി തോറ്റു, ഒരുവട്ടം ജയിച്ചു. എന്നാൽ, നരേന്ദ്ര മോദി അധികാരമേറിയതുമുതൽ ജോഷിക്കു പ്രതാപം നഷ്ടമായി.

മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിനാണ് കോൺഗ്രസിന്റെ പ്രകടനപത്രിക തയാറാക്കാനുള്ള ചുമതല. ഇരു കക്ഷികളും പത്രികയിലേക്കു ജനങ്ങളിൽനിന്ന് ആശയങ്ങൾ ക്ഷണിച്ചിരുന്നു. നമോ ആപ് വഴിയാണു ബിജെപി ആശയങ്ങൾ ക്ഷണിച്ചത്. കോൺഗ്രസാകട്ടെ, പാർട്ടി വെബ്സൈറ്റിലൂടെയും അംഗങ്ങൾക്കുള്ള ശക്തി ആപ് വഴിയും.  2004ൽ ബിജെപി സ്വന്തം പ്രകടനപത്രികയ്ക്കു പകരം ‘ഇന്ത്യ തിളങ്ങുന്നു’ എന്ന പ്രചാരണവുമായി എൻഡിഎയ്ക്കു പൊതു പ്രകടനപത്രിക അവതരിപ്പിക്കുകയായിരുന്നു.

ഇപ്പോൾ കൂടുതൽ കക്ഷികളുമായി എൻഡിഎ വികസിച്ചുവെങ്കിലും എല്ലാ മേഖലകളിലെയും സർക്കാരിന്റെ വിജയം എടുത്തുകാട്ടുന്ന പ്രകടനപത്രിക ബിജെപിക്കു പ്രത്യേകം വേണമെന്ന നിലപാടിലാണ് മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും. നരേന്ദ്ര മോദിയുടെ ദേശീയ സുരക്ഷാനേതൃത്വത്തെ അടിവരയിട്ട് അവതരിപ്പിക്കണം. എൻഡിഎയിൽ അംഗങ്ങളായ 20 കക്ഷികൾ ഒപ്പിട്ട ഒരു പ്രസ്താവന പ്രകടനപത്രികയുടെ ഭാഗമായിരിക്കും. ജനതാദൾ (യു), അണ്ണാ ഡിഎംകെ എന്നീ കക്ഷികൾ 2014ൽ എൻഡിഎ വിജയിക്കുമ്പോൾ മുന്നണിയുടെ ഭാഗമായിരുന്നില്ല.

‌തീവ്രഹിന്ദുത്വ നിലപാട് ഉയർത്തിക്കാട്ടുന്ന പ്രകടനപത്രികയാകും ബിജെപി തയാറാക്കുക. എന്നാൽ ഇത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അടക്കമുള്ള പല എൻഡിഎ നേതാക്കൾക്കും സ്വീകാര്യമാവില്ല. കർഷകർ, യുവാക്കൾ, ശമ്പളക്കാർ, വനിതകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളെ ലക്ഷ്യമിട്ട് മൂന്നോ നാലോ ഭാഗങ്ങളായി പത്രികയെ തിരിക്കും. പ്രകടനപത്രികയുടെ പ്രകാശനത്തിലും അമാന്തമുണ്ടാകാതെ നോക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് തിരഞ്ഞെടുപ്പുകളിൽ ബിജെപി പ്രകടനപത്രിക വൈകിയാണിറക്കിയത്; മൂന്നു സംസ്ഥാനങ്ങളും ബിജെപിക്കു നഷ്ടമായി.

പാർട്ടി പ്രകടനപത്രികയും യുപിഎ പൊതുമിനിമം പരിപാടിയും വെവ്വേറെ വേണമോ എന്ന് കോൺഗ്രസ് ആലോചിച്ചുവരികയാണ്. ബിജെപിവിരുദ്ധരായ എല്ലാ കക്ഷികളും യുപിഎയുടെ ഭാഗമല്ലെന്ന സങ്കീർണതയും അവശേഷിക്കുന്നു. ആർജെഡി, ഡിഎംകെ, എൻസിപി, മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ്, ആർഎസ്‌പി, ജനതാദൾ (എസ്) തുടങ്ങിയവയാണ് യുപിഎയിലെ മുഖ്യ കക്ഷികൾ. സീറ്റുധാരണകൾ ഇല്ലെങ്കിലും തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഇടതുകക്ഷികൾ എന്നിവരുമായി സംയുക്ത പ്രസ്താവന വേണമെന്ന ശുപാർശയും കോൺഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ തങ്ങൾക്കു പ്രത്യേകം പ്രകടനപത്രിക ഇറക്കണമെന്ന മോഹത്തിലാണ് ഡിഎംകെയും ആർജെഡിയും.

ഉത്തർപ്രദേശിൽ സീറ്റുധാരണയുണ്ടാക്കിയ സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും സംയുക്ത പത്രിക വേണോ വെവ്വേറെ വാഗ്ദാനങ്ങൾ നിരത്തണോ എന്നു തീരുമാനിച്ചിട്ടില്ല. മുൻ തിരഞ്ഞെടുപ്പുകളിൽ തന്റെ പാർട്ടിക്കു പ്രകടനപത്രികതന്നെ ആവശ്യമില്ലെന്ന നിലപാടാണു മായാവതി സ്വീകരിച്ചിരുന്നത്. താൻ എന്തിനുവേണ്ടി നിലകൊള്ളുന്നുവെന്നു വോട്ടർമാർക്കറിയാമെന്നാണ് അവർ വ്യക്തമാക്കിയത്. മുഖ്യധാര ദൃശ്യ, അച്ചടി മാധ്യമങ്ങൾ തന്റെ പാർട്ടിയെ അവഗണിക്കുന്നുവെന്ന പരാതിയുള്ള മായാവതി ഇത്തവണ സമൂഹമാധ്യമത്തിൽ പ്രവേശിച്ചിട്ടുണ്ട്.  ഇതിനെല്ലാം പുറമേ, ഓരോ ചെറുകക്ഷിയും തങ്ങളുടേതായ വാഗ്ദാനങ്ങളുമായി വോട്ടർമാരെ സമീപിക്കും. വിവിധ സന്നദ്ധ സംഘടനകളും തങ്ങളുടെ പ്രവർത്തന മേഖലകളുമായി ബന്ധപ്പെട്ട പത്രികകളുമായി രംഗത്തെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com