ADVERTISEMENT

തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സൈനിക, അർധസൈനിക വിഭാഗങ്ങളുടെ ചിഹ്നങ്ങളോ ചിത്രങ്ങളോ പദങ്ങളോ ഉപയോഗിക്കരുതെന്നാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ്. ഇത് തിരഞ്ഞെടുപ്പിൽ സുരക്ഷാസേനയെ ആയുധമാക്കുന്നതു തടയാനുള്ള മുൻകരുതലാണ്. മുൻ തിരഞ്ഞെടുപ്പുകളിലും കമ്മിഷൻ സമാനമായ ശാസനം നൽകിയിരുന്നു. സായുധസേന രാഷ്ട്രീയത്തിനതീതമായി രാഷ്ട്രസേവനം ചെയ്യുന്നവരാണെന്നു ചൂണ്ടിക്കാട്ടി വിമുക്തഭടൻമാരുടെ സംഘടനകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അത്. എന്നാൽ, വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെയും പാക്കിസ്ഥാനിൽ ബോംബിടുന്ന വ്യോമസേനാ പോർവിമാനങ്ങളുടെയും പോസ്റ്ററുകൾ രാജ്യമെങ്ങും ഉയർന്നതിന്റെ സാഹചര്യത്തിലാണ് കമ്മിഷന്റെ പുതിയ ഉത്തരവ്.

ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് ബാജ്‌പേയ് സൈനികവേഷത്തിൽ രാഷ്ട്രീയ റാലിയിൽ പ്രത്യക്ഷപ്പെട്ടത് വിമർശനത്തിനിടയാക്കിയിരുന്നു. റാഞ്ചിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ പട്ടാളത്തൊപ്പി ധരിച്ചെത്തിയതും പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയായിരുന്നു. അതും വിവാദമായി.

Indian Cricket Team wearing Army cap
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പട്ടാളത്തൊപ്പി ധരിച്ചു മൽസരത്തിന് ഇറങ്ങിയപ്പോൾ.

വാക്പോര്

തിരഞ്ഞെടുപ്പിൽ സൈനികചിഹ്നങ്ങൾ ഉപയോഗിക്കുന്നതു കുറ്റകരമാക്കി കമ്മിഷൻ ഉത്തരവിറക്കിയെങ്കിലും ദേശസുരക്ഷയും സായുധസേനയും സിആർപിഎഫുമെല്ലാം ചൂടുപിടിച്ച രാഷ്ട്രീയചർച്ചകളുടെ ഭാഗമായിക്കഴിഞ്ഞു. ഈ വിഷയത്തിലാണ് ബിജെപിയും കോൺഗ്രസും തമ്മിലുള്ള രൂക്ഷമായ വാക്‌പയറ്റു നടക്കുന്നത്. മിന്നലാക്രമണവും പുൽവാമ ഭീകരാക്രമണവും രാഷ്ട്രീയവൽക്കരിക്കുകയാണെന്നാണു മുഖ്യകക്ഷികൾ പരസ്പരം ഉന്നയിക്കുന്ന ആരോപണം. ദേശസ്നേഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വ്യത്യസ്തതലങ്ങളിൽ ഉന്നയിക്കപ്പെടുന്നു.

അതിർത്തി കടന്നുള്ള ഭീകരത നേരിടുന്നതിൽ ആരാണു ശക്തർ, ആരാണു ദുർബലർ എന്ന് തങ്ങൾ കാണിച്ചുകൊടുക്കുമെന്നാണു ബിജെപിയുടെ വാദം. കാണ്ഡഹാർ വിമാനറാഞ്ചലും മസൂദ് അസ്ഹറിനെ മോചിപ്പിക്കലും മുതൽ മുൻകാല ബിജെപി സർക്കാരിന്റെ ചെയ്തികൾ കുത്തിപ്പൊക്കി ബിജെപിയുടെ അവകാശവാദങ്ങളെ കോൺഗ്രസ് നേരിടുന്നു. പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണു പാക്ക് ഭീകരനായ മസൂദ് അസ്ഹർ.

ഒരു വർഷമായി തുടരുന്ന മുഖ്യ രാഷ്ട്രീയചർച്ചയായ റഫാൽ ഇടപാട് അടക്കം, സൈനികവിഷയങ്ങളിലുള്ള ശക്തമായ സംവാദങ്ങൾ തടയാൻ കമ്മിഷനു കഴിയുകയില്ല. പുൽവാമ, ബാലാക്കോട്ട് സംഭവവികാസങ്ങൾ വോട്ടർമാരെ എത്രത്തോളം സ്വാധീനിക്കുമെന്നതാണ് രാഷ്ട്രീയകക്ഷികൾക്കിടയിൽ ഉയരുന്ന ഒരു പ്രധാന ചർച്ച.

ചരിത്രം പറയുന്നത്

സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം നമ്മുടെ സൈനികശക്തിയുടെ പ്രയോഗം പലവട്ടം ഉണ്ടായിട്ടുണ്ട്. ആദ്യത്തേത് സ്വാതന്ത്ര്യത്തിനു തൊട്ടുപിന്നാലെയായിരുന്നു. കശ്മീർ താഴ്‌വരയിൽ പാക്ക് പിന്തുണയുളള സായുധസംഘം നുഴഞ്ഞുകയറിയതോടെ അവരെ തുരത്താൻ ഇന്ത്യ കശ്മീരിൽ സൈനികരെ വിമാനത്തിലിറക്കുകയായിരുന്നു. ഈ സൈനികനടപടിക്കുശേഷം നാലുവർഷം കഴിഞ്ഞു നടന്ന 1952ലെ തിരഞ്ഞെടുപ്പിൽ അത് വലിയ സ്വാധീനം ചെലുത്തിയതുമില്ല.

1962ലെ മഞ്ഞുകാലത്താണ് ഇന്ത്യയുടെ മണ്ണിലേക്ക് ചൈനീസ് പട്ടാളം കടന്നുകയറിയത്. അപ്പോൾ പൊതുതിരഞ്ഞെടുപ്പു കഴിഞ്ഞ് ഒരു വർഷമായിരുന്നു. 1967ൽ അടുത്ത തിരഞ്ഞെടുപ്പു വന്നപ്പോഴേക്കും 1964ലെ നെഹ്റുവിന്റെ മരണം, 1965ലെ പാക്കിസ്ഥാനുമായുള്ള യുദ്ധം, പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ നിര്യാണം അടക്കം ഒട്ടേറെ സംഭവവികാസങ്ങൾ വേറെയുണ്ടായിരുന്നു. പ്രതിപക്ഷം ശക്തി സമാഹരിച്ചതോടെ കോൺഗ്രസിന് ആദ്യമായി മൂന്നിലൊന്നു ഭൂരിപക്ഷം ലഭിച്ചില്ല.

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ യുദ്ധം 1971 അവസാനത്തോടെ നടന്നു. അതിനു മുൻപേ കിഴക്കൻ പാക്കിസ്ഥാൻ ഇന്ത്യൻ സൈന്യത്തിന്റെ സഹായത്തോടെ സ്വതന്ത്ര ബംഗ്ലദേശായി രൂപംകൊണ്ടിരുന്നു. കരയിലും ആകാശത്തും കടലിലും ഇന്ത്യ പാക്കിസ്ഥാനുമേൽ അധീശത്വം നേടി. പക്ഷേ, 1971ൽതന്നെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഇന്ദിര ഗാന്ധി വൻഭൂരിപക്ഷം നേടിയത്.

1985ൽ സിയാച്ചിൻ മലനിരകളിൽ നുഴഞ്ഞുകയറാനുള്ള പാക്ക് ശ്രമങ്ങളെ ഇന്ത്യ ചെറുത്തുതോൽപിച്ചതാണ് അടുത്ത പ്രധാന സൈനിക ഏറ്റുമുട്ടൽ. അപ്പോഴും, തലേവർഷം ഇന്ദിര ഗാന്ധി വധവും പഞ്ചാബിലെ വിഘടനവാദവും വിഷയമാക്കി 1985 ജനുവരിയോടെ രാജ്യത്തു പൊതുതിരഞ്ഞെടുപ്പു പൂർത്തിയായിരുന്നു. 1999ൽ കാർഗിൽ യുദ്ധത്തിനുശേഷം നടന്ന പൊതുതിരഞ്ഞെടുപ്പിൽ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്കു ഭൂരിപക്ഷം നേടാനായി. 1999ൽ കാണ്ഡഹാറിലേക്കുള്ള വിമാനറാഞ്ചലും 2001ലെ പാർലമെന്റ് ഭീകരാക്രമണവും നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു. എന്നാൽ, 2004ലെ തിര‍ഞ്ഞെടുപ്പിൽ സർക്കാർ പരാജയപ്പെട്ടത് ഒട്ടേറെ കാരണങ്ങളാലായിരുന്നു.

ഈ തിരഞ്ഞെടുപ്പിൽ പുൽവാമ ഭീകരാക്രമണവും ശേഷമുണ്ടായ വ്യോമാക്രമണങ്ങളും മുഖ്യ വിഷയമാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. എന്നാൽ, തിരഞ്ഞെടുപ്പിൽ സൈനികചിഹ്നങ്ങൾ ഉപയോഗിച്ചാൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ പിടി വീഴുമെന്ന കാര്യത്തിൽ സംശയമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com