ADVERTISEMENT

സിനിമയിലും രാഷ്ട്രീയത്തിലും ധീരന്മാരോടു പ്രത്യേക ഇഷ്ടമുണ്ട് തമിഴകത്തിന്. നൂറു മല്ലന്മാരെ ഒറ്റയ്ക്കു നേരിടുന്ന നായകരെ അവർ വെള്ളിത്തിരയിൽനിന്ന് ആർപ്പുവിളികളോടെ ഹൃദയത്തിലേക്കു സ്വീകരിക്കും. എതിരാളിയെ മടയിൽച്ചെന്നു നേരിടാൻ ചങ്കൂറ്റമുള്ള നേതാക്കളെ സിംഹാസനമേറ്റും. 

അരനൂറ്റാണ്ടുകാലമായി തമിഴകത്തിന്റെ അധികാരച്ചെങ്കോൽ കൈവിട്ടുപോകാതിരിക്കാൻ ദ്രാവിഡ രാഷ്ട്രീയത്തെ സഹായിച്ച പ്രധാന ഘടകങ്ങളിലൊന്ന് സഹ്യപർവതം പോലെ തലയുയർത്തി നിന്ന നേതാക്കളാണ്. എന്നാൽ, കരുണാനിധിയും ജയലളിതയും അരങ്ങൊഴിഞ്ഞതോടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പല്ലിനു പഴയ ശൗര്യമില്ലേ? ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള അണ്ണാഡിഎംകെ, ഡിഎംകെ മുന്നണികളിലെ സീറ്റു വിഭജനവും സ്ഥാനാർഥിനിർണയവും പൂർത്തിയാകുമ്പോൾ മുഴങ്ങുന്ന ചോദ്യമിതാണ്.

ദൗർബല്യമോ, വിശാല ഹൃദയമോ?

ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റു വിഭജനത്തിൽ സഖ്യകക്ഷികളോട് ഉദാരമായ സമീപനം സ്വീകരിക്കുന്നതു ദ്രാവിഡ പാർട്ടികളുടെ പാരമ്പര്യമാണ്. കോൺഗ്രസ് മുന്നണിയിലുള്ള ദ്രാവിഡ പാർട്ടി, അവരെക്കാൾ കൂടുതൽ സീറ്റുകളിൽ മൽസരിക്കാൻ തുടങ്ങിയതു തൊണ്ണൂറുകളുടെ അവസാനത്തിലാണ്. 2004ൽ ഡിഎംകെ 16 സീറ്റിലും കോൺഗ്രസ് 10ലും മൽസരിച്ച് ബാക്കി സഖ്യ കക്ഷികൾക്കു വിട്ടുനൽകി. 

2009ൽ അണ്ണാഡിഎംകെ 23 കൊണ്ടു തൃപ്തിപ്പെട്ടു. സഖ്യത്തിലെ പ്രബലൻ സഖ്യകക്ഷികളോടു കാണിക്കുന്ന ഹൃദയവിശാലതയായാണ് അതു കണക്കാക്കിയിരുന്നത്. എന്നാൽ, ഇത്തവണ രണ്ടു ദ്രാവിഡ പാർട്ടികളും 20 സീറ്റിലൊതുങ്ങുമ്പോൾ അത് സ്വന്തം ദൗർബല്യം തിരിച്ചറിഞ്ഞതിന്റെ ലക്ഷണമായാണു വിലയിരുത്തപ്പെടുന്നത്. 

നീ പോരാടൂ, ഞാൻ പിന്നിലുണ്ട്

പരസ്പരം മൽസരിക്കുന്നതിൽ കാട്ടുന്ന വിമുഖതയാണ് ഇരുപാർട്ടികളുടെയും ദൗർബല്യത്തിന്റെ മറ്റൊരടയാളം. പുതുച്ചേരിയുൾപ്പെടെ 40 സീറ്റുകളിൽ എട്ടിടത്തു മാത്രമാണ് ഡിഎംകെയും അണ്ണാഡിഎംകെയും നേർക്കുനേർ വരുന്നത്. സഖ്യ കക്ഷികൾ മൽസരിക്കുന്ന സീറ്റുകളിൽ ജയം കൂടുതൽ എളുപ്പമാണെന്ന അടവുനയമായി ഇതിനെ ന്യായീകരിക്കാം. 

എന്നാൽ, ദ്രാവിഡ പാർട്ടികളുടെ മുഖമുദ്രയായ രാഷ്ട്രീയധീരത ഇരുപാർട്ടികൾക്കും കൈമോശം വന്നതിന്റെ വ്യക്തമായ സൂചനയാണിത്. സമീപകാല തിരഞ്ഞെടുപ്പുകളിൽ ദ്രാവിഡ വമ്പന്മാർ ഇത്രയും കുറവു മണ്ഡലങ്ങളിൽ നേരിട്ട് ഏറ്റുമുട്ടുന്നത് ഇതാദ്യം. അണ്ണാഡിഎംകെ ഒറ്റയ്ക്കു മൽസരിച്ച കഴിഞ്ഞതവണ ഇരു പാർട്ടികളും തമ്മിൽ 34 മണ്ഡലങ്ങളിൽ പോരടിച്ചു. ഇത്തവണ ഡിഎംകെ, ശക്തികേന്ദ്രമായ വടക്കൻ തമിഴ്നാട്ടിലും അണ്ണാഡിഎംകെ, തട്ടകമായ പടിഞ്ഞാറൻ തമിഴ്നാട്ടിലും കൂടുതൽ സീറ്റുകൾ തിരഞ്ഞെടുത്തു. എതിരാളികളെ മടയിൽ കയറി വെല്ലുവിളിക്കാനുള്ള ദൗത്യം സഖ്യകക്ഷികൾക്കു വിട്ടുനൽകി.

ജയലളിതക്കാലം കഴിഞ്ഞുള്ള അണ്ണാഡിഎംകെയെ കണ്ടാലറിയാം ഊരിലെ പഞ്ഞം. രാഷ്ട്രീയസാഹചര്യം അനുകൂലമെന്ന പൊതുധാരണയ്ക്കിടയിലും സാഹസത്തിൽനിന്ന് ഡിഎംകെയെ പിന്നോട്ടുവലിക്കുന്ന ഘടകങ്ങൾ ഒട്ടേറെയുണ്ട്. 10 വർഷമായി ഒരു തിരഞ്ഞെടുപ്പും ജയിച്ചിട്ടില്ലെന്നതാണ് ആദ്യത്തേത്. കടലാസിലെങ്കിലും അണ്ണാഡിഎംകെ സഖ്യത്തിന്റെ വോട്ടുകരുത്ത് രണ്ടാമത്. കരുണാനിധിക്കു ശേഷം എം.കെ.സ്റ്റാലിനു നേതാവെന്ന നിലയിൽ സ്വയം അടയാളപ്പെടുത്തേണ്ട നിർബന്ധിതാവസ്ഥ മൂന്നാമത്. 

ഒന്നു ചീഞ്ഞു, മറ്റൊന്നിനു വളം

ദ്രാവിഡ പാർട്ടികളുടെ ബലഹീനത ഇത്തവണ ഗുണമായതു കോൺഗ്രസിനും ഇടതുപാർട്ടികൾക്കുമാണ്. കഴിഞ്ഞതവണ ഒറ്റയ്ക്കു മൽസരിച്ചപ്പോൾ കോൺഗ്രസിന്റെയും ഇടതു പാർട്ടികളുടെയും യഥാർഥശക്തി വെളിപ്പെട്ടതാണ്. 39 സീറ്റുകളിൽ ഒറ്റയ്ക്കു മൽസരിച്ച കോൺഗ്രസിനു കെട്ടിവച്ച പണം തിരിച്ചുകിട്ടിയത് കന്യാകുമാരിയിൽ മാത്രം. ഡിഎംകെയ്ക്കു സ്വന്തം ശക്തിയിലുള്ള ആത്മവിശ്വാസക്കുറവു തുണച്ചപ്പോൾ കോൺഗ്രസിനു മൽസരിക്കാൻ 10 സീറ്റ് കിട്ടി. 

Tamil-Nadu-Constituency-seats-2014-map

ഒരു മുന്നണിയിലും ഇടംകിട്ടാതെ പോയ സിപിഐയും സിപിഎമ്മും കഴിഞ്ഞതവണ ഇടതുസഖ്യമായി മൽസരിച്ചു. സിപിഎം 9 ഇടത്തും സിപിഐ എട്ടിടത്തും മൽസരിച്ചു. വല്യേട്ടനായ സിപിഎമ്മിന്റെ പ്രകടനമായിരുന്നു കൂട്ടത്തിൽ ദയനീയം. ഒരിടത്തും നാൽപതിനായിരം വോട്ടുപോലും ലഭിച്ചില്ല. പാർട്ടിക്കു സ്വാധീനമുണ്ടെന്നു വിശ്വസിക്കുന്ന മധുരയിലും കോയമ്പത്തൂരുമെല്ലാം കോൺഗ്രസിനും പിന്നിൽ അഞ്ചാമതാണെത്തിയത്. 

നാഗപട്ടണത്ത് ഒരു ലക്ഷത്തിനടുത്തു വോട്ടുനേടി മൂന്നാമതെത്തിയ സിപിഐയായിരുന്നു തമ്മിൽ ഭേദം. സിപിഎമ്മിന് ഇത്തവണ മധുരയും കോയമ്പത്തൂരും സിപിഐയ്ക്കു നാഗപട്ടണവും തിരുപ്പൂരുമാണു ലഭിച്ചത്.

തിരശ്ശീല താഴ്ന്ന് സിനിമ

ദ്രാവിഡ പാർട്ടികൾ ക്ഷീണിക്കുമ്പോൾ സിനിമയും രാഷ്ട്രീയവും തമ്മിലുള്ള അതിർവരമ്പ് വലുതാകുന്നതു തമിഴകത്തു കാണാം. വെള്ളിത്തിരയിലെ നക്ഷത്രങ്ങൾ ഇത്തവണ കാര്യമായി തിരഞ്ഞെടുപ്പിനു മണ്ണിലിറങ്ങിയിട്ടില്ല. രാഷ്ട്രീയത്തിൽ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്ന കമൽഹാസനാണു പ്രധാന ആകർഷണം. കോൺഗ്രസിനു വേണ്ടി ഖുഷ്ബുവും അവതരിച്ചേക്കും. സംവിധായകനും എഴുത്തുകാരനുമായ രവികുമാർ വിസികെക്കു വേണ്ടി വില്ലുപുരത്തു രംഗത്തുണ്ട്. കറുത്ത എംജിആർ എന്ന ഓമനപ്പേരിൽ ഒരു കാലത്തു കളംനിറഞ്ഞ വിജയകാന്തിന്റെ ഡിഎംഡികെ, അണ്ണാഡിഎംകെ സഖ്യത്തിലുണ്ട്. എന്നാൽ, രോഗബാധിതനായ വിജയകാന്ത് പ്രചാരണത്തിൽ സജീവമാകാനുള്ള സാധ്യത വിരളം.

ഉദിക്കുമോ, മൂന്നാം ശക്തി?

കേരളത്തിൽ യുഡിഎഫും എൽഡിഎഫും എന്നപോലെ, രണ്ടു ദ്രാവിഡ പാർട്ടികളുടെ കളമാണു തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പു രാഷ്ട്രീയം. 50 വർഷമായി ഡിഎംകെയോ അണ്ണാഡിഎംകെയോ ആണ് അധികാരത്തിൽ. മൂന്നാമതൊരു ശക്തിക്ക് ഇതുവരെ തലപൊക്കാനായിട്ടില്ല. കരുണാനിധിയുമായി ഉടക്കി ഡിഎംകെ വിട്ട് എംഡിഎംകെ രൂപീകരിച്ച വൈകോ മൂന്നാം ശക്തിയാകുമെന്ന പ്രതീക്ഷയുണർത്തിയിരുന്നു. മൂന്നു പതിറ്റാണ്ടിനു ശേഷം ഒരു ലോക്സഭാ സീറ്റു വാങ്ങി ഡിഎംകെ സഖ്യത്തിൽ അഭയം തേടിയിരിക്കുന്നു, വൈകോ.

കമൽഹാസൻ, ടി.ടി.വി.ദിനകരൻ, അഴഗിരി എന്നിവരാണ് ഇത്തവണ സഖ്യങ്ങൾക്കു തലവേദന സൃഷ്ടിക്കാൻ കെൽപ്പുള്ളവർ. തെക്കൻ തമിഴ്നാട്ടിൽ ദിനകരൻ അണ്ണാഡിഎംകെ വോട്ടു ബാങ്കിലേക്കു കടന്നുകയറും. ഇതു മുന്നിൽക്കണ്ട് തെക്ക് മൂന്നു സീറ്റിൽ മാത്രമാണ് അണ്ണാഡിഎംകെ സ്വന്തം സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്. മധുരയിലും സമീപ പ്രദേശങ്ങളിലും അഴിഗിരിക്കു പഴയ സ്വാധീനമില്ലെങ്കിലും തിരഞ്ഞെടുപ്പുകാലത്ത് അത്താഴം മുടക്കാനുള്ള ശക്തിയൊക്കെ ഉണ്ട്. മധുരയിലും സമീപപ്രദേശങ്ങളിലും സഖ്യകക്ഷികൾക്കു വിട്ടുനൽകി ഡിഎംകെ മുൻകരുതൽ നടപടിയെടുത്തിട്ടുണ്ട്. കമൽഹാസന്റെ രാഷ്ട്രീയ ചിത്രം ഹിറ്റോ ഫ്ലോപ്പോ എന്ന് കണ്ടുതന്നെയറിയണം.

തമിഴകത്തു ദ്രാവിഡ പാർട്ടികൾ മെലിയുന്നത് ഇതു നടാടെയല്ല. എംജിആർ പ്രഭാവകാലത്ത് ഡിഎംകെയ്ക്കും എംജിആറിന്റെ മരണശേഷം അണ്ണാഡിഎംകെയ്ക്കും ഇലകൊഴിയും കാലമായിരുന്നു. അവിടെനിന്നു ദ്രാവിഡ രാഷ്ട്രീയം വീണ്ടും പൂത്തു, തളിർത്തു. വന്മരങ്ങൾ വീണതിന്റെ പ്രകമ്പനമാണ് ഇപ്പോൾ കേൾക്കുന്നത്. അതിജീവിക്കുന്നതാര്, വീഴുന്നതാര്? ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അതിന്റെ ഉത്തരമാകില്ല, അതിലേക്കുള്ള ചൂണ്ടുപലകയാകും.

എവിടെ ആ വേഷ്ടി?

അധികാര രാഷ്ട്രീയത്തിൽനിന്നു വിട്ടുനിൽക്കാനുള്ള പെരിയോർ ഇ.വി.രാമസാമിയുടെ നിലപാടിൽനിന്നു മാറി ഡിഎംകെ രൂപീകരിച്ചപ്പോൾ അധികാരത്തിന്റെ ദുഷിപ്പിനെക്കുറിച്ച് സ്ഥാപകൻ അണ്ണാദുരൈയ്ക്കു ബോധ്യമുണ്ടായിരുന്നു. 

അധികാരത്തിനുള്ള ഒത്തുതീർപ്പുകൾ പാർട്ടിയുടെ ആദർശങ്ങളിൽ വെള്ളംചേർക്കാൻ കാരണമാകുമെന്ന വിമർശനത്തോട് അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നു- അധികാരം ഞങ്ങൾക്കു ചുമലിൽ തൂക്കിയ ഷാളാണ്. ആദർശം ഉടുത്ത വേഷ്ടിയും. തോളിലെ ഷാൾ എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കാം. വേഷ്ടി ഉപേക്ഷിക്കാനാവില്ലല്ലോ?

ഇത്തവണത്തെ തിരഞ്ഞെടുപ്പു സഖ്യങ്ങൾ കണ്ടാൽ, വേഷ്ടിയടക്കം ഉപേക്ഷിച്ചോ എന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. ജാതിയധിഷ്ഠിത പാർട്ടികളുടെ കോൺഫെഡറേഷനാണ് ഇരു സഖ്യങ്ങളും. ഡിഎംകെ മുന്നണിയിൽ ദലിത് പാർട്ടിയായ വിസികെയും ഗൗണ്ടർ സമുദായത്തിനായി പ്രവർത്തിക്കുന്ന കൊങ്കുനാടു മക്കൾ ദേശീയ കക്ഷിയുമുണ്ട്. 

വണ്ണിയർ പാർട്ടിയായ പിഎംകെ, ദലിത് പാർട്ടിയായ പുതിയ തമിഴകം, മുതലിയാർ സമുദായ പാർട്ടിയായ പുതിയ നീതി കക്ഷി എന്നിവ അണ്ണാഡിഎംകെയുമായി ചേർന്നു മൽസരിക്കുന്നു.

അതിർത്തിയിൽ ‘ദേശീയം’

തമിഴ്നാട്ടിൽ കേരളത്തോടു ചേർന്നു കിടക്കുന്ന കോയമ്പത്തൂർ, കന്യാകുമാരി മണ്ഡലങ്ങളിൽ ഇത്തവണ ദേശീയ പോരാട്ടമാണ്. കോയമ്പത്തൂരിൽ ബിജെപിയും സിപിഎമ്മും നേർക്കുനേർ ഏറ്റുമുട്ടുന്നു. 

കന്യാകുമാരിയിൽ കോൺഗ്രസും ബിജെപിയുമാണ് ഏറ്റുമുട്ടുന്നത്. മുസ്‌ലിം ലീഗിനു ലഭിച്ച ഏക സീറ്റിൽ പ്രധാന എതിരാളി ബിജെപി. മുസ്‍ലിം ലീഗ് ഇത്തവണ തമിഴ്നാട്ടിലും സ്വന്തം ചിഹ്നമായ കോണിയിലാണു മൽസരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. ലീഗിന്റെ സ്ഥിരം മണ്ഡലമായ വെല്ലൂർ, ട്രഷറർ ദുരൈമുരുഗന്റെ മകൻ കതിർ ആനന്ദിനുവേണ്ടി ഡിഎംകെ ഏറ്റെടുക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com