ADVERTISEMENT

തന്റെ സ്ഥാപനത്തിന്റെ മുറ്റത്തു നിൽക്കുന്ന യാചകനെക്കണ്ട് മുതലാളി കാവൽക്കാരനെ വിളിച്ചുവരുത്തി പറഞ്ഞു, ‘ആ മനുഷ്യനെ കണ്ടില്ലേ, എത്ര ദരിദ്രനാണ് അയാൾ. ധരിച്ചിരിക്കുന്നത് കീറിപ്പറിഞ്ഞ ഷർട്ടല്ലേ. കണ്ടാലറിയാം, ദിവസങ്ങളായി വല്ലതും കഴിച്ചിട്ടെന്ന്. ഇത്രയും ദുരിതമനുഭവിക്കുന്നവരെ കാണുമ്പോൾത്തന്നെ എന്റെ ഹൃദയം തകരും. അതുകൊണ്ട് ഇയാളെ പിടിച്ചു പുറത്താക്കി ഗേറ്റ് അടയ്ക്കുക’.

നിസ്സഹായരോടുള്ള മനോഭാവമാണ് ഒരാളുടെ നന്മയുടെയും സഹാനുഭൂതിയുടെയും നേർസാക്ഷ്യം. അശരണരെ കണ്ടെത്തി സഹായിക്കാൻ മാത്രം മനസ്സു വലുതായില്ലെങ്കിലും, കൺമുന്നിൽ വരുന്നവരെ അവഹേളിക്കാൻ മാത്രം മനസ്സ് ചെറുതാകാതിരുന്നുകൂടേ?

സ്വീകരിക്കുന്നവന്റെ യോഗ്യതയല്ല, നൽകുന്നവന്റെ മനഃസ്ഥിതിയാണ് ഓരോ ദാനധർമവും. അവർക്കു കൊടുക്കുന്ന നാണയത്തെക്കാൾ, അവരോടു കാട്ടുന്ന കരുതലാകും കൂടുതൽ മൂല്യമുള്ളത്. കൈനീട്ടുന്ന എല്ലാവരും പണം അന്വേഷിക്കുന്നവരാകില്ല. സ്‌നേഹവും കരുണയുമാകും എല്ലാവർക്കും വേണ്ടത്. ഒഴിവാക്കാൻ വേണ്ടി നൽകുന്ന നാണയത്തുട്ടുകളെക്കാൾ, ഒരുമിച്ചിരുന്നുള്ള വർത്തമാനത്തിന് അസാധാരണമായ സൗഖ്യദായകശേഷി ഉണ്ടാകും.

ദീനാനുകമ്പ ഒരു താൽക്കാലിക വൈകാരിക ഭാവമല്ല. അത് മനസ്സിന്റെ അടിസ്ഥാന സ്വഭാവമാകണം. കുറച്ചുനേരം സഹതപിക്കാനും ആശ്വസിപ്പിക്കാനും എളുപ്പമാണ്. കുറച്ചു കണ്ണീരിന്റെ മുതൽമുടക്കു മാത്രമേ ആവശ്യമുള്ളൂ. കൂടെ നിൽക്കാനും തണലാകാനും വെയിലുകൊള്ളേണ്ടി വരും.

ദുരിതങ്ങൾ കാണാൻ ശേഷിയില്ലെന്ന ന്യായീകരണത്തിൽ ഓടിയൊളിക്കുന്നവർ സുഖാനുഭവങ്ങൾ മാത്രം സൃഷ്‌ടിക്കാൻ വെമ്പൽകൊള്ളുന്നവരാകും. ഇഷ്‌ടമുള്ളതും വിനോദം പകരുന്നതുമായ കാഴ്‌ചകൾ മാത്രം കണ്ടു പരിചയിച്ചവർക്ക് സ്വന്തം ജീവിതത്തിലെ അപ്രതീക്ഷിത ദുരനുഭവങ്ങളോടുപോലും പൊരുത്തപ്പെടാനാകാതെ വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com