ADVERTISEMENT

രാഷ്ട്രപുനർനിർമാണത്തിൽ കോടതികളുടെ പങ്ക് എന്ന വിഷയത്തെപ്പറ്റി ഗവേഷണം നടത്തി ഇതുവരെ ആരും ഡോക്ടറേറ്റ് സമ്പാദിച്ചിട്ടില്ലെങ്കിൽ ദാ, ഇപ്പോൾ അതിനു പറ്റിയ സമയമാണ്. 

കോടതിയലക്ഷ്യക്കേസിൽ മറുപടി നൽകാതിരുന്ന പ്രതികൾക്ക് ഡൽഹിയിലെ ഒരു കോടതി കഴിഞ്ഞയാഴ്ച വിധിച്ച കായികപ്രധാനമായ ശിക്ഷ ഇങ്ങനെ: ഡൽഹി ന്യു ഫ്രണ്ട്സ് കോളനിയിലെ ചന്ദ്രശേഖർ ആസാദ് സർക്കാർ സ്കൂളിന് ഗോൾ പോസ്റ്റും അനുബന്ധ സംവിധാനങ്ങളും ഉൾപ്പെടെയുള്ള ഫുട്ബോൾ കോർട്ട് തയാറാക്കിക്കൊടുക്കുക. 

മറ്റൊരു കോടതിയലക്ഷ്യക്കേസിലും വിധി ചെന്നുനിന്നത് ഫുട്ബോളിലാണ്. ഒന്നും രണ്ടുമല്ല, 40 ഫുട്ബോൾ സ്കൂൾ കുട്ടികൾക്കു വാങ്ങിക്കൊടുക്കുക. പഠിക്കുന്ന കാലത്ത് ജഡ്ജി ഒരു ഫുട്ബോൾ കളിക്കാരനോ കുറഞ്ഞപക്ഷം ഫുട്ബോൾ പ്രേമിയെങ്കിലുമോ ആയിരുന്നുവെന്ന് അപ്പുക്കുട്ടൻ വിശ്വസിക്കുന്നു. 

ട്രേഡ്മാർക്കു ചട്ടവുമായി ബന്ധപ്പെട്ടൊരു കേസിൽ ഡൽഹിയിലെ ഒരു ഹോട്ടലിനോടു കോടതി പറഞ്ഞതെന്താണെന്നോ? 

അഞ്ച് അഗതിമന്ദിരങ്ങളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുക.

കൊച്ചിയിലെ ദമ്പതികൾക്കു മാതൃകാശിക്ഷയായി സാമൂഹികസേവനം കോടതി വിധിച്ചത് അടുത്ത കാലത്താണ്. 

കോടികൾ മറിയുന്ന തട്ടിപ്പുകേസുകളിലൊക്കെ ജയിൽ ശിക്ഷ വിധിച്ചിട്ടു കാര്യമില്ലെന്ന് കോടതികൾക്കു മനസ്സിലായിത്തുടങ്ങിയിരിക്കുന്നു.

ഒന്നുകിൽ കോടിപതി പരോളിലിറങ്ങി മുങ്ങും; അല്ലെങ്കിൽ കോടികളുടെ ബലത്തിൽ ജയിലിൽ ഫൈവ് സ്റ്റാർ ജീവിതം ഉറപ്പാക്കും. നീതിയും നിയമവും അതു നോക്കി അഴികൾക്കിപ്പുറത്ത് ഓച്ഛാനിച്ചു നിൽക്കും. 

അതിനു പകരം, പത്തു കിലോമീറ്റർ റോഡ് രാജ്യാന്തര നിലവാരത്തിൽ പുനർനിർമിക്കുക എന്നു വിധിയുണ്ടായാൽ പ്രതിയും നന്നാകും നാടും നന്നാകും. കോടതിക്കു ചുറ്റുമുള്ള റോഡ് എന്നു നീതി ചുരുങ്ങിപ്പോകരുതെന്നു മാത്രം. 

അഴിമതിക്കേസുകളിൽപ്പെടുന്ന മഹാന്മാർക്ക് രാഷ്ട്രനിർമാണത്തിൽ പങ്കാളികളാകാനുള്ള സുവർണാവസരമായിക്കൂടി ഇത്തരം വിധികളെ കാണാം. 

ഒരു പാലം നിർമിച്ച് അതിലൂടെ നീതിയുടെ വാഹനം ഓടിക്കുക എന്നൊരു ശിക്ഷ വന്നാൽ നാട്ടുകാർ കയ്യടിക്കാതിരിക്കില്ല. അതുകൊണ്ട്, നാട്ടിൽ അടിയന്തരമായി നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളെപ്പറ്റി ജഡ്ജിമാർ ഒരു ധാരണയുണ്ടാക്കി വയ്ക്കുന്നതു നല്ലതാണ്.

കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവരിൽ ഒരാൾക്കു വീതം വീടു നിർമിച്ചു നൽകാൻ ഓരോ പ്രതിയോടും ഏതെങ്കിലുമൊരു കോടതി പറഞ്ഞാൽ അതിനെക്കാൾ വലിയൊരു നവകേരള നിർമാണമില്ല. 

ബാങ്കുകളിൽനിന്നു കോടികൾ കടമെടുത്തു മുങ്ങുന്ന വൻതോക്കുകളിലാരെയെങ്കിലും കയ്യിൽ കിട്ടിയാൽ ബഹുമാനപ്പെട്ട കോടതി പറയണം: കോട്ടയം, പത്തനംതിട്ട ജില്ലകൾക്കിടയിലെ നിർദിഷ്ട എരുമേലി വിമാനത്താവളം നിർമിച്ച് രാഷ്ട്രനിർമാണത്തിന്റെ പുതിയ ആകാശവും പുതിയ ഭൂമിയും കീഴടക്കി വരൂ.

കോടതി പറഞ്ഞാൽ താവളമുണ്ടാകും; വിമാനം പറക്കും; പറപറക്കും.

നിയമം നിയമത്തിന്റെ വഴിക്കുപോകും എന്ന പഴഞ്ചൻ ചൊല്ല്, നിയമം രാഷ്ട്രനിർമാണത്തിന്റെ വഴിക്കുപോകും എന്നു തിരുത്തിക്കുറിക്കുന്ന സുവർണകാലത്തിനായി നമുക്കു കാത്തിരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com