ADVERTISEMENT

രാഷ്ട്രീയത്തിൽ സസ്പെൻസ് നല്ലതാണെന്നാണു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നയം. സഹോദരിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ യുപിയിലെ വാരാണസിയിൽ മത്സരിക്കുന്നതു സംബന്ധിച്ച അഭ്യൂഹങ്ങൾക്കു മറുപടി പറയവേ, രാഷ്ട്രീയ ഗോദയെ രാഹുൽ കഴിഞ്ഞ ദിവസം ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തി. ‘പ്രിയങ്ക വാരാണസിയിൽ മത്സരിക്കുന്ന കാര്യം ഞാൻ തള്ളിക്കളയുന്നില്ല; സ്ഥിരീകരിക്കുന്നുമില്ല. അത് സസ്പെൻസാണ്. ചില കാര്യങ്ങളിൽ സസ്പെൻസ് വളരെ നല്ലതാണ്’ – രാഹുലിന്റെ മറുപടി വന്നതോടെ, ദേശീയ രാഷ്ട്രീയത്തിൽ പ്രിയങ്കയുടെ വാരാണസി സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചകൾക്കു ചൂടുപിടിച്ചു.

ഇതിനിടെ, പ്രിയങ്കയെ വാരാണസിയിൽ മത്സരിപ്പിക്കുന്നതു സംബന്ധിച്ച് അവിടുത്തെ വോട്ടർമാരുടെ മനസ്സറിയാൻ കോൺഗ്രസ് സ്വകാര്യ ഏജൻസി വഴി രഹസ്യ സർവേ നടത്തിയതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു. പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയായി നിന്നാൽ, മോദിയെ അട്ടിമറിക്കാൻ സാധിച്ചേക്കുമെന്നാണു സർവേ ഫലം. ഇതിനു പിന്നാലെയാണ്, പ്രിയങ്ക അവിടെ സ്ഥാനാർഥിയാകുമെന്ന സൂചനകൾ പാർട്ടിക്കുള്ളിൽ നിന്നു പുറത്തുവന്നത്. താൻ വാരാണസിയിൽ മൽസരിച്ചാലോ എന്ന് റായ്ബറേലിയിൽ പ്രചാരണം നടത്തവേ പ്രവർത്തകരോടു പ്രിയങ്ക ചോദിച്ചതും ഈ സർവേ ഫലത്തിന്റെ കൂടി ബലത്തിലാണ്.

എസ്പിജിയുടെ പ്ലാൻ എ പ്രവർത്തകരുടെ പ്ലാൻ ബി

വരുന്നത് രാഹുൽ ഗാന്ധിയും സുരക്ഷയൊരുക്കുന്നത് എസ്പിജിയുമാണെങ്കിലും കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന് ഒന്നിലും ഒരു ‘വോയ്സ്’ ഇല്ലെന്നു കരുതരുത്. സംശയമുണ്ടെങ്കിൽ മലപ്പുറം വണ്ടൂരിൽ സുരക്ഷയൊരുക്കിയ സേനാംഗങ്ങളോടു ചോദിച്ചാൽ മതി. പാർട്ടി തത്വശാസ്ത്രത്തിൽ വിഐപി ഏരിയ – ഓർഡിനറി ഏരിയ എന്നൊരു വ്യത്യാസമില്ലെന്നു തെളിയിക്കാൻ പ്രവർത്തകർക്കു വേണ്ടി വന്നത് ഒറ്റവരി അനുമതി മാത്രമാണ്. കുതിച്ചെത്തിയ ജനം ചവിട്ടിപ്പരത്താതെ രക്ഷപ്പെട്ടതോർത്ത് നെടുവീർപ്പിടുകയാണത്രെ ബോംബ് സ്ക്വാഡിലെ നായ. പഴയ മണ്ഡലം പ്രസിഡന്റ് പൊതുവാൾജിയുടെ സ്ട്രാറ്റജി പുറത്തെടുത്താണ് സേനാംഗങ്ങൾ നായയെ ജീവനോടെ കാത്തത്.

ഈച്ചയെപ്പോലും മെറ്റൽ ഡിറ്റക്ടർ ഗേറ്റിലൂടെ കടത്തിവിട്ട് അതിസുരക്ഷാസന്നാഹമാണ് ഒരുക്കിയിരുന്നത്. മണ്ഡലം കമ്മിറ്റിയുടെ പ്ലീനറിക്കു പോലും സ്ഥലമില്ലാത്ത പാടത്താണ് ദേശീയ അധ്യക്ഷനു വേദിയൊരുക്കിയത്. വിഐപി ഏരിയയിലേക്ക് പാസുള്ളവരെ കയറ്റിവിട്ടു തുടങ്ങിയപ്പോഴാണു മനസ്സിലായത്, 500 കസേരയുള്ളിടത്തേക്ക് പാസ് 1500 കടക്കുമെന്ന്. പൊലീസുകാർ ‘പ്ലാൻ ബി’ ആലോചിച്ചുതുടങ്ങിയപ്പോഴേക്കും അനൗൺസ്മെന്റ് വന്നു:

‘പന്തലിന്റെ വലതുവശത്തുകൂടി പ്രവർത്തകരെ കയറ്റിവിടണം!’ കേട്ടപാതി കേൾക്കാത്ത പാതി, വടിയും കൊടിയും വുവുസേലയും പൊട്ടാസുമെന്നു വേണ്ട സർവ സന്നാഹങ്ങളുമായി യുവാക്കൾ ഒഴുകിയെത്തി വിഐപി ഏരിയ കയ്യടക്കി. കസേരയേറിൽ നിന്നു രക്ഷപ്പെടാൻ പൊലീസുകാർ ബാരിക്കേഡിനു പിന്നിൽ പതുങ്ങി.  പ്രായമായവരെ സേവാദളുകാർ കസേരയോടെ പൊക്കി പുറത്തെത്തിച്ചു. കുട്ടികളെ കാണാതായതായി വേദിയിൽ അറിയിപ്പു മുഴങ്ങി. പരിപാടിക്ക് കസേര എത്തിച്ച പന്തൽ വർക്സുകാരൻ, കെട്ടിവച്ച കാശുപോയ സ്ഥാനാർഥിയെപ്പോലെയായി.

വയനാടൻ മലനിരകളിലെ വ്യത്യസ്തമാം ചിന്തകൾ

വയനാട്ടിലെ പ്രധാന മൽസരം തങ്ങളും രാഹുൽ ഗാന്ധിയും തമ്മിലാണെന്നാണ് ഇവിടുത്തെ മിക്ക സ്വതന്ത്ര സ്ഥാനാർഥികളുടെയും അവകാശവാദം. രാഹുലിനെതിരെ മൽസരിക്കുകയെന്ന അഭിലാഷവുമായി കോട്ടയത്തുനിന്നും തൃശൂരിൽനിന്നും കോയമ്പത്തൂരിൽനിന്നുമെല്ലാം സ്വതന്ത്രന്മാർ വയനാട്ടിലെത്തിയിട്ടുണ്ട്. ഇതിലൊരാൾ കഴിഞ്ഞ ദിവസം കൽപറ്റയിൽ പത്രസമ്മേളനം നടത്തി. സ്വന്തമായി വൻ പ്രത്യയശാസ്ത്രമൊക്കെ വികസിപ്പിച്ചെടുത്ത ആളാണ്. ‘ഞങ്ങൾ സമം നിങ്ങൾ’ അതാണു സ്ഥാനാർഥിയുടെ ലോകവീക്ഷണം. കടിച്ചാൽപൊട്ടാത്ത വാക്കുകളൊന്നുമില്ല. മാധ്യമങ്ങൾക്കു വിതരണം ചെയ്ത പ്രത്യയശാസ്ത്ര താത്വികത്തിന്റെ സാംപിൾ ഇങ്ങനെ:

offbeat2-20-04-19

‘ഞങ്ങളാണു നിങ്ങളെ നിങ്ങളാക്കിയത്
നിങ്ങളാണു ഞങ്ങളെ ഞങ്ങളാക്കിയത്
നിങ്ങൾ ഞങ്ങളെ നിങ്ങളാക്കിയില്ലെങ്കിൽ
ഞങ്ങൾ നിങ്ങളെ ഞങ്ങളാക്കും
നിങ്ങളാണു ഞങ്ങൾ, ഞങ്ങളല്ല നിങ്ങൾ
നിങ്ങളല്ല ഞങ്ങൾ, ഞങ്ങളാണു നിങ്ങൾ
ഞങ്ങൾ സമം നിങ്ങൾ..’

മഹത്തായ ഈ പ്രത്യയശാസ്ത്രത്തിന്റെ കോപ്പി രാഹുൽ ഗാന്ധിക്കു മാത്രമല്ല, നരേന്ദ്ര മോദിക്കും പിണറായി വിജയനെയുമൊക്കെ അയച്ചുകൊടുക്കുമെന്നും സ്ഥാനാർഥി അറിയിച്ചു.

എല്ലാം ട്രോളൻമാരുടെ കൃപാകടാക്ഷം

അൽഫോൻസ് കണ്ണന്താനത്തെ ട്രോളുമ്പോൾ ഇങ്ങനെയൊരു തിരിച്ചടി ട്രോളൻമാർ കരുതിക്കാണില്ല. ട്രോളുകളിൽ അസ്വസ്ഥത പ്രകടിപ്പിക്കാതെ, സിംഹത്തെ അതിന്റെ മടയിൽച്ചെന്നു നേരിടുന്നതാണ് അതിന്റെയൊരു ശരിയെന്ന രീതിയിലൊരു വെല്ലുവിളിയാണ് എറണാകുളത്തെ എൻഡിഎ സ്ഥാനാർഥിയായ കണ്ണന്താനം ട്രോളന്മാർക്കു മുന്നിൽവച്ചത്. സ്ഥാനാർഥിയായി പ്രഖ്യാപനം വന്നതിനു പിന്നാലെ ഡൽഹിയിൽനിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയ കണ്ണന്താനം മണ്ഡലം മാറി വോട്ടു ചോദിച്ചതും, കോടതിയിൽ കയറി വോട്ടു ചോദിച്ചതും, വിവിധ പദവികളിലെ തന്റെ ഭരണനേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞതും (ഉള്ളതു മാത്രം) ട്രോളൻമാർക്കു ചാകരയായിരുന്നു. തന്റെ മണ്ഡലത്തിലെ വോട്ടർമാരോടു മാത്രമേ കൈവീശൂവെന്ന നിലപാട് തനിക്കില്ലെന്നും, ജഡ്ജിയില്ലാതെ മുറി കോടതിയാവില്ലെന്നും മറുപടി പറഞ്ഞതിനൊപ്പം ടൈം മാഗസിൻ 100 ലോകനേതാക്കളെ തിരഞ്ഞെടുത്തപ്പോൾ അതിൽ താനുമുൾപ്പെട്ടതു നാലാൾ അറിഞ്ഞതു ട്രോൾ വഴിയാണെന്നു സമ്മതിക്കാനും അദ്ദേഹം മടിക്കുന്നില്ല.

ഈ ട്രോളുകളെല്ലാം ആസ്വദിച്ച കണ്ണന്താനം ചോദിച്ചത് ഒരു കാര്യം മാത്രം: ദരിദ്രചുറ്റുപാടുകളിൽനിന്ന് കഷ്ടപ്പെട്ടു പഠിച്ച് പരീക്ഷ പാസായി, അത്യധ്വാനം ചെയ്ത്, ഉയർന്ന നിലയിലെത്തിയ തന്നെ ട്രോളുന്ന ചെറുപ്പക്കാർക്ക് എന്തെങ്കിലും നല്ല കാര്യം കൂടി ചെയ്തുകൂടേ? അതിനൊരവസരം താൻ തന്നെ തരുന്നുവെന്നു വ്യക്തമാക്കി അദ്ദേഹം ട്രോളന്മാർക്കായി ഒരു മത്സരംതന്നെ വച്ചു– തന്നെ ട്രോളിക്കൊണ്ടുതന്നെ, എറണാകുളത്തിന്റെ വികസനത്തിനായി നല്ല ആശയങ്ങൾ അയയ്ക്കൂ, മികച്ചവ തിരഞ്ഞെടുത്ത് നടപ്പാക്കും. ട്രോളൻമാർ നല്ല രീതിയിൽ പ്രതികരിച്ചുവെന്നും മികച്ചവ തിരഞ്ഞെടുത്തുകൊണ്ടിരിക്കുകയാണെന്നും കണ്ണന്താനം പറയുന്നു.

പാരയായ എഫ്ബി സർവേയും  തിരഞ്ഞെടുപ്പുകാലത്തെ ഇൻഷുറൻസും

ചാനൽ സർവേകളെ പഴിപറഞ്ഞ സിപിഎമ്മിനു സ്വന്തം സർവേ പാരയായ കഥ കാസർകോട്ടുണ്ട്. പടുപ്പ് എന്ന സ്ഥലത്തെ സിപിഎം പ്രവർത്തകരുടെ ഫെയ്സ്‌ബുക് പേജിലായിരുന്നു സർവേ. എഫ്ബി പോളിങ് അവസാനിച്ചപ്പോൾ സിപിഎം ‍ഞെട്ടി. യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന് 64% പേരുടെ പിന്തുണ. എൽഡിഎഫ് സ്ഥാനാർഥി സതീഷ് ചന്ദ്രന് 36% മാത്രം. അങ്കലാപ്പിലായ സിപിഎം മണിക്കൂറുകൾക്കകം പേജ് ഡിലീറ്റ് ചെയ്ത് മാനംകാത്തു. എങ്കിലും സർവേയുടെ സ്ക്രീൻഷോട്ടുകൾ കറങ്ങിനടക്കുകയാണ്.

offbeat3-20-04-19

കാസർകോട് ചെറുവത്തൂർ കൊവ്വൽ എയുപി സ്കൂളിലെ ബൂത്തിൽ മുൻപ് അടിപൊട്ടിയിട്ടുണ്ട്, പലവട്ടം. വോട്ടെടുപ്പു കഴിഞ്ഞ് വൈകിട്ട് ഇറങ്ങുന്ന യുഡിഎഫ് ബൂത്ത് ഏജന്റുമാരായിരുന്നു സ്ഥിരം ഇരകൾ. അടികൊണ്ടു വലഞ്ഞ കോൺഗ്രസുകാർ അവസാനം പോംവഴി കണ്ടെത്തി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ്, ബൂത്ത് സ്ഥിതിചെയ്യുന്ന വെങ്ങാട്ട് ബൂത്ത് കമ്മിറ്റിയിലെ മുപ്പതോളം സജീവ പ്രവർത്തകർക്ക് അപകട ഇൻഷുറൻസ് എടുത്തുനൽകി. അക്കൊല്ലം ഉന്തുംതള്ളുമല്ലാതെ കാര്യമായ അടി നടന്നില്ല. പോളിസി പുതുക്കാൻ ഭീമമായ തുക ചെലവാകുമെന്നതിനാൽ ഇക്കുറി അടി തടയാൻ മറ്റു വഴികൾ ആലോചിക്കുകയാണു പ്രവർത്തകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com