ADVERTISEMENT

ബിൽക്കീസ് ബാനുവിന് ശിരസ്സു കുനിച്ച് അഭിവാദ്യമർപ്പിക്കുകയാണു രാജ്യം; കൊടുംപീഡനത്തിന്റെയും  തുടർനിരാസങ്ങളുടെയും അപമാനങ്ങളുടെയും കനൽപാതയിൽനിന്നു നേടിയ ഈ നിയമവിജയത്തിന്റെ പേരിൽ. അതിജീവനകാംക്ഷയും പോരാട്ടവീര്യവും മുഖമുദ്രയാക്കിയ പുതിയ ഇന്ത്യൻ പെൺമയ്ക്കുതന്നെ സ്വാഭിമാനത്തിന്റെ പുത്തനുണർവു നേടിക്കൊടുക്കുകയാണ് ബിൽക്കീസ്.

ഗുജറാത്ത് കലാപകാലത്ത് കൂട്ടബലാൽസംഗത്തിനിരയായ ബിൽക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർജോലിയും വീടും നൽകാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിനോടു നിർദേശിച്ചത് നീതിയുടെ ഉറച്ച പിന്തുണയുടെകൂടി സാക്ഷ്യമാകുന്നു. 5 ലക്ഷം രൂപ നൽകാമെന്ന ഗുജറാത്ത് സർക്കാരിന്റെ വാഗ്ദാനം ബിൽക്കീസ് അംഗീകരിച്ചിരുന്നില്ല. കലാപകാരികൾ കശക്കിയെറിഞ്ഞ ജീവിതത്തെ വീണ്ടും ക്ലേശഭരിതമാക്കാൻ പൊലീസിലൂടെ സർക്കാരും ശ്രമിച്ചിട്ടും പോരാടിനിന്ന്, സുപ്രീം കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മിഷന്റെയും സന്നദ്ധ സംഘടനകളുടെയും കൈത്താങ്ങോടെ ബിൽക്കീസ് നേടിയ ഈ യുദ്ധവിജയം ചരിത്രമാണ്.

ബിൽക്കീസ് ബാനുവിന്റെ ജീവിതത്തെ രണ്ടാക്കിത്തിരിച്ചത് 2002 മാർച്ച് 3 എന്ന ദിവസമാണ്. അതുവരെയും  സന്തോഷത്തോടെ, സ്നേഹവും സുരക്ഷിതത്വവും അനുഭവിച്ചു ജീവിച്ച കുടുംബമായിരുന്നു ബിൽക്കീസിന്റേത്. ഗുജറാത്തിലെ ഗോധ്ര ജില്ലയിലെ രൺദിക്‌പുർ ഗ്രാമത്തിൽ, മകൾ സലേഹയുടെ കളിചിരികൾ തീർത്ത ബിൽക്കീസിന്റെ സന്തോഷജീവിതം പക്ഷേ, പെട്ടെന്നു തകർന്നുവീണു. 2002 ഫെബ്രുവരി 27നു ഗോധ്രയിൽ സബർമതി എക്‌സ്‌പ്രസിന് അക്രമികൾ തീവയ്‌ക്കുന്നതിൽനിന്നാണ് അതിന്റെ തുടക്കം.

രാജ്യചരിത്രത്തിന്റെ താളിൽ കണ്ണീരിലും ചോരയിലും കുറിച്ചിട്ടതാണു തുടർന്നുള്ള ദിനങ്ങൾ. കലാപകാരികളിൽ നിന്നു രക്ഷപ്പെടാൻ ബിൽക്കീസും കുടുംബവും പലായനം ചെയ്യുമ്പോഴാണ് മാർച്ച് മൂന്നിന് ആക്രമണമുണ്ടായത്. ബിൽക്കീസ് അപ്പോൾ 5 മാസം ഗർഭിണിയായിരുന്നു. ബിൽക്കീസിന്റെ മൂന്നര വയസ്സുള്ള മകൾ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. ഇക്കൂട്ടത്തിൽ 7 സ്ത്രീകൾ കൂട്ടബലാൽസംഗത്തിനിരയായാണു  കൊല്ലപ്പെട്ടത്.

മാനസികമായും ശാരീരികമായും പീഡിപ്പിച്ചെങ്കിലും കൂട്ടക്കൊലയുടെ ഞെട്ടലിൽ തളർന്നെങ്കിലും ബിൽക്കീസ് അടുത്തദിവസം തന്നെ പൊലീസ് സ്‌റ്റേഷനിൽ നേരിട്ടുചെന്നു സംഭവം വിവരിച്ചു. എന്നാൽ, കേസ് ശരിക്കും രേഖപ്പെടുത്തുകയോ അന്വേഷിക്കുകയോ ചെയ്യാതെ പ്രതികൾക്ക് അനുകൂലമായി നീങ്ങുകയാണു ഗുജറാത്ത് പൊലീസ് ചെയ്‌തത്. ബിൽക്കീസ് പറഞ്ഞ സംഭവത്തിൽ പൊരുത്തക്കേടുകളുണ്ടെന്നു പറഞ്ഞ് മജിസ്ട്രേട്ട് കോടതി 2003 മാർച്ച് 25ന് കേസ് അവസാനിപ്പിച്ചു.

ഉടനെ ബിൽക്കീസ് ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചതു വഴിത്തിരിവായി. ഗുജറാത്ത് സിഐഡി ഉദ്യോഗസ്ഥർ അന്വേഷണത്തിന്റെ പേരിൽ ബിൽക്കീസിനെ ശല്യപ്പെടുത്തുന്നതു തടഞ്ഞ സുപ്രീം കോടതി, 2003 ഡിസംബറിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഗുജറാത്തിൽ വിചാരണ നടന്നാൽ തനിക്കു നീതി ലഭിക്കില്ലെന്നും ഗുജറാത്ത് പൊലീസ് പ്രതികളുടെ പക്ഷത്താണെന്നും ചൂണ്ടിക്കാട്ടി ബിൽക്കീസ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയെത്തുടർന്ന് കേസിന്റെ വിചാരണ ബോംബെ കോടതിയിലേക്കു മാറ്റുകയും ചെയ്തു. ഒടുവിൽ, കേസിൽ പ്രതികളുടെ ശിക്ഷ ശരിവച്ച് 2017 മേയിൽ ബോംബെ ഹൈക്കോടതി വിധിയുണ്ടായി. നഷ്ടപരിഹാരത്തിനാ യി പ്രത്യേക ഹർജി നൽകാൻ ആ വർഷം ഒക്ടോബറിൽ സുപ്രീം കോടതി ആവശ്യപ്പെട്ടതിലാണ് കഴിഞ്ഞ ദിവസം നിർദേശമുണ്ടായത്.

ഗുജറാത്തിലേതു വെറും കലാപമായിരുന്നില്ലെന്നും സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ  ന്യൂനപക്ഷസമുദായത്തിനെതിരെ നടത്തിയ കൂട്ടക്കൊലയായിരുന്നു അതെന്നുമുള്ള ആരോപണം പിന്നീടു രാജ്യത്തിനു മുന്നിലെത്തി. ഗുജറാത്ത് കലാപത്തോടനുബന്ധിച്ചു റജിസ്‌റ്റർ ചെയ്‌ത പല കേസുകളും കുറ്റപത്രം പോലും സമർപ്പിക്കാതെ അവസാനിപ്പിക്കുകയാണ് ഉണ്ടായതെന്നും ആരോപണമുണ്ടായി. കുറ്റവാളികളെ ഭരണകൂടങ്ങൾ തന്നെ രക്ഷിക്കുന്ന സാഹചര്യങ്ങളിൽ നീതിപീഠത്തിന്റെ പ്രസക്തി അറിയിക്കുന്നുമുണ്ട് ബിൽക്കീസ് ബാനുവിനു കൈവന്ന നീതി.

നഷ്ടപരിഹാരം ലഭിച്ചതുകൊണ്ടു മാത്രം ബിൽക്കീസിനു മതിയായ നീതി ലഭിച്ചോ എന്ന സംശയം കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉന്നയിച്ചത് ഇതിനിടെ പ്രതിധ്വനികളോടെ ബാക്കിയാവുകയും ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com