ADVERTISEMENT

ന്യൂഡൽഹി ∙ രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പിന്മാറി. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും പങ്കെടുക്കുന്നില്ല. 

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, സ്ഥാനമൊഴിയുന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡ തുടങ്ങിയവരും പങ്കെടുക്കും. 

കേരളത്തിൽ നിന്നുള്ള ബിജെപി,എൻഡിഎ നേതാക്കൾ പങ്കെടുക്കും. സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള, കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ, എ.എൻ.രാധാകൃഷ്ണൻ എന്നിവരും എൻഡിഎ നേതാക്കളായ പി.സി.തോമസ്, പി.സി.ജോർജ് എന്നിവരും എത്തിയിട്ടുണ്ട്. കെ.സുരേന്ദ്രൻ, തുഷാർ വെള്ളാപ്പള്ളി എന്നിവർ ഇന്നെത്തും. ജോസഫ് മാർത്തോമ്മ‌ാ മെത്രാപ്പൊലീത്ത, യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ് എന്നിവരും ക്ഷണം സ്വീകരിച്ച് എത്തിയിട്ടുണ്ട്.

സാർക്കിനു പകരം ബിംസ്റ്റെക്

രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ബിംസ്റ്റെക് രാജ്യങ്ങളിലെ (ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോഓപ്പറേഷൻ) നേതാക്കൾ എല്ലാവരും പങ്കെടുക്കും. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘സാർക്’ നിർജീവമായ ശേഷം മേഖലയിലെ ശക്തമായ ഇടപെടലിന് ഇന്ത്യയുടെ നേതൃത്വത്തിൽ രൂപീകരിച്ചതാണ് ബിംസ്റ്റെക്. ഈ കൂട്ടായ്മയിൽ പാക്കിസ്ഥാന് അംഗത്വമില്ല.

ഇന്ത്യയ്ക്കു പുറമേ ബംഗ്ലദേശ്, ഭൂട്ടാൻ, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവയാണ് അംഗങ്ങൾ. പാക്കിസ്ഥാനുകൂടി അംഗത്വമുള്ള സാർക് കൂട്ടായ്മയിലെ രാഷ്ട്രനേതാക്കളെയായിരുന്നു കഴിഞ്ഞ തവണ മോദി അധികാരമേറ്റപ്പോൾ അതിഥികളായി ക്ഷണിച്ചിരുന്നത്. 

∙ ചടങ്ങിനെത്തുന്ന വിദേശ നേതാക്കൾ: ബംഗ്ലദേശ് പ്രസിഡന്റ് മുഹമ്മദ് അബ്ദുൽ ഹമീദ്, ശ്രീലങ്ക പ്രസിഡന്റ് മൈത്രിപാല സിരിസേന, കിർഗിസ്ഥാൻ പ്രസിഡന്റ് സൂറോൻബയ് ജീൻബെക്കോവ്, മ്യാൻമർ പ്രസിഡന്റ് വിൻ മയന്റ്, മൊറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജഗ്‌നാഥ്, നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി, ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോതെ ഷെറിങ്, തായ്‌ലൻഡ് പ്രത്യേക പ്രതിനിധി ഗ്രിസാദ ബൂൺറാക് (തായ്‌ലൻഡിലും ഇന്നാണു പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ).

‘ദാൽ റെയ്സിന’ റെഡി

മറ്റു രാഷ്ട്രത്തലവന്മാരെ രാഷ്ട്രപതി സ്വീകരിക്കുന്ന രാഷ്ട്രപതിഭവന്റെ മുൻവശത്തെ  അങ്കണത്തിലാണു ചടങ്ങ്. ഇതു നാലാം തവണയാണ് ഇവിടെ സത്യപ്രതിജ്ഞ നടക്കുന്നത്. ഇത്തവണത്തെ ബിജെപിയുടെ വൻവിജയം കണക്കിലെടുത്താണ് ക്ഷണിക്കപ്പെട്ടവരുടെ എണ്ണത്തിൽ വർധനയുണ്ടായത്.

സാധാരണക്കാരായ കൂടുതൽ പേർക്കു സത്യപ്രതിജ്ഞ കാണാൻ അവസരമൊരുക്കണമെന്നു പ്രധാനമന്ത്രിയുടെ നിർദേശമുണ്ടായിരുന്നു. നേരത്തേ, 500 പേർക്കു മാത്രം സൗകര്യമുള്ള അശോക ഹാളിലായിരുന്നു ചടങ്ങുകൾ. 

ഇന്നത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുക രാഷ്ട്രപതിയുടെ സെക്രട്ടറി സഞ്ജയ് കോത്താരിയാണ്. ദേശീയഗാനത്തിനു ശേഷം രാഷ്ട്രപതിയുടെ സെക്രട്ടറി ചടങ്ങുകൾ ആരംഭിക്കാൻ അനുവാദം ചോദിക്കും. തുടർന്ന് പ്രധാനമന്ത്രിയെ ക്ഷണിക്കും. ഡൽഹിയിലെ കടുത്ത ചൂടു കണക്കിലെടുത്താണ് വൈകിട്ടു ചടങ്ങുവച്ചത്. സുരക്ഷാകാരണങ്ങളാൽ രാഷ്ട്രപതി ഭവനിലേക്ക് വെള്ളക്കുപ്പികൾ കൊണ്ടുപോകാനാവില്ല. 

അതിഥികൾക്കു ചായസൽക്കാരവും അതു കഴിഞ്ഞു വിദേശപ്രതിനിധികൾക്കായി വിഭസമൃദ്ധമായ അത്താഴവിരുന്നുമുണ്ട്. ചടങ്ങു വൈകിയതിനാലാണ് അത്താഴവിരുന്ന് ഒരുക്കുന്നത്. ചായസൽക്കാരത്തിന് വെജിറ്റേറിയൻ വിഭവങ്ങളാണ്. സമോസ, പനീർ പക്കോഡ, രാജ്ഭോഗ് അടക്കമുള്ള പലഹാരങ്ങൾ.

അത്താഴത്തിനായി രാഷ്ട്രപതി ഭവന്റെ അടുക്കളയിൽ ‘ദാൽ റെയ്സിന’ കറിയുടെ പാചകം ചൊവ്വാഴ്ച രാത്രി തന്നെ തുടങ്ങി. ചുവന്ന പരിപ്പും ഉഴുന്നുപരിപ്പും കസൂരിമേത്തിയും മറ്റുമുപയോഗിച്ചു തയാറാക്കുന്ന ഈ ദാൽകറി 48 മണിക്കൂർ കൊണ്ടാണു പാചകം ചെയ്യുന്നത്. രാഷ്ട്രപതി ഭവനിലെ വിശേഷ പരിപാടികളിൽ ഇതു തയാറാക്കാറുണ്ട്.

രക്തസാക്ഷി സ്മരണകളുമായി അവർ...

ന്യൂഡൽഹി∙ ബംഗാളിൽ രാഷ്ട്രീയ സംഘർഷങ്ങളിൽ കൊല്ലപ്പെട്ട 50 ബിജെപി പ്രവർത്തകരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണിച്ചു. പാർട്ടിക്കു വേണ്ടി രക്തസാക്ഷികളായവരോടുള്ള ആദരസൂചകമാണിതെന്നു ബിജെപി നേതാവ് മുകുൾ റോയ് പറഞ്ഞു.

ബംഗാളിൽ കഴിഞ്ഞ വർഷങ്ങളിൽ 80 ബിജെപി പ്രവർത്തകരെ തൃണമൂൽ കോൺഗ്രസുകാർ കൊന്നുവെന്നാണ് ബിജെപിയുടെ ആരോപണം. തൃണമൂൽ ഇതു നിഷേധിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ടു നൂറുകണക്കിനു ബിജെപി പ്രവർത്തകർ ഹൗറയിൽനിന്നു ഡൽഹിയിലേക്കു തിരിച്ചു. ഇന്നു രാവിലെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഇവർക്ക് സ്വീകരണമൊരുക്കിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com