ADVERTISEMENT

രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് അപാര ശുഭാപ്തിവിശ്വാസിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ഒട്ടേറെ പ്രതിപക്ഷ കക്ഷികളും നിലംപരിശായിട്ടും, ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിവിധ കക്ഷികൾക്കിടയിൽ അടിസ്ഥാന ഐക്യം ഉണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ് അദ്ദേഹം.

പാർലമെന്ററികാര്യ മന്ത്രിയും ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായിരുന്ന ആസാദ്, ദീർഘകാലമായി കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ്. ബിജെപി ഇതര പാർട്ടിനേതാക്കൾക്കിടയിലെ തന്റെ വിപുലമായ സൗഹൃദവലയത്തിൽ അദ്ദേഹം ഇക്കാര്യം നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നു. 

കേരളത്തിലും പഞ്ചാബിലും ഒഴികെ രാജ്യമെങ്ങും കോൺഗ്രസ് നേരിട്ട തകർച്ചയിൽ അദ്ദേഹത്തിനും ഞെട്ടലുണ്ടെങ്കിലും രാഷ്ട്രീയജീവിതം മുന്നോട്ടുതന്നെ പോകണമെന്നാണ് അദ്ദേഹം സഹപ്രവർത്തകരോടു പറഞ്ഞത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാഹുൽ ഗാന്ധി, ആസാദിനെ ഉത്തർപ്രദേശിൽ നിന്നു മാറ്റി ചെറുസംസ്ഥാനമായ ഹരിയാനയുടെ ചുമതലയേൽപിച്ചിരുന്നു. പക്ഷേ, ഹരിയാനയിൽ മത്സരിച്ച 10 സീറ്റിലും കോൺഗ്രസ് തോറ്റു.

ലോക്‌സഭയിലെ നേതാവിനെ കോൺഗ്രസ് ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, കൂടുതൽ കരുത്താർജിച്ചു നിൽക്കുന്ന ബിജെപിയെ പാർലമെന്റിന്റെ ഇരുസഭകളിലും നേരിടാനുള്ള തന്ത്രങ്ങൾ വിവിധ കക്ഷികളുമായി ചർച്ച ചെയ്യുന്നത് ആസാദാണ്.

യുപിഎക്കു പുറത്ത് തൃണമൂൽ കോൺഗ്രസ്, ആസാദിനോട് അനുകൂലമായി പ്രതികരിച്ചു എന്നതൊഴിച്ചാൽ അദ്ദേഹത്തിന്റെ ശ്രമങ്ങൾ കാര്യമായ പ്രതികരണമുണ്ടാക്കിയിട്ടില്ല. 

പ്രതിപക്ഷ ഐക്യത്തിന്റെ മുഖ്യ വക്താക്കളായിരുന്ന ചന്ദ്രബാബു നായിഡുവും ശരദ് പവാറും ലോക്സഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞതോടെ പിൻവലിഞ്ഞു നിൽക്കുകയാണ്. മറ്റു കക്ഷികളാകട്ടെ, തിരഞ്ഞെടുപ്പു പരാജയത്തിന്റെ ആഘാതത്തിൽ തുടരുകയാണ്.

ഉത്തർപ്രദേശിലാകട്ടെ, സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും രാഷ്ട്രീയ ലോക്‌ദളും തങ്ങളുടെ പരാജിതമായ ഹ്രസ്വകാല സഖ്യം അവസാനിപ്പിച്ചിരിക്കുന്നു.പരാജയത്തിൽ തകർന്നിരിക്കുന്ന അണികളെയും നേതാക്കളെയും ഉണർത്താനുള്ള ശ്രമത്തിലാണ് ഈ കക്ഷികൾ.  

വൈഎസ്ആർ കോൺഗ്രസ്, തെലങ്കാന രാഷ്ട്രസമിതി, ബിജു ജനതാദൾ എന്നീ കക്ഷികളുമായും ആസാദിന്  ഉറപ്പുള്ളൊരു ബന്ധം സ്ഥാപിക്കാനായിട്ടില്ല. ഈ കക്ഷികൾക്കൊന്നും കോൺഗ്രസിനോട് ഒരു ആഭിമുഖ്യവുമില്ല.

മാത്രമല്ല, പ്രതിപക്ഷ ഐക്യം തടയുന്നതിനായി ഈ മൂന്നു കക്ഷികളിലൊന്നിന് ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കർ പദവി ബിജെപി വാഗ്ദാനം ചെയ്തേക്കുമെന്നും അഭ്യൂഹമുയർന്നിട്ടുണ്ട്. 

2014ൽ ലോക്‌സഭയിലെ മൂന്നാമത്തെ വലിയ കക്ഷിയായിരുന്ന (37 സീറ്റ്) അണ്ണാ ഡിഎംകെക്ക് നരേന്ദ്ര മോദി ഡപ്യൂട്ടി സ്പീക്കർ സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു.

ഇപ്പോൾ അണ്ണാ ഡിഎംകെക്ക് ഒരു സീറ്റ് മാത്രമാണുള്ളത്. ബിജെപിയുടെ വാഗ്ദാനത്തിൽ ഈ 3 കക്ഷികളിൽ ആരാണു വീഴുകയെന്നതു കണ്ടറിയാം. അങ്ങനെ സംഭവിച്ചാൽ പ്രതിപക്ഷം മോദിക്കു മുന്നിൽ കൂടുതൽ നിശ്ശബ്ദരാക്കപ്പെടും.

കക്ഷികൾക്കിടയിലെ വലിയ താൻപോരിമയും ആശയക്കുഴപ്പവും മൂലം പാർലമെന്റിൽ വിവിധ വിഷയങ്ങളിൽ വിവിധ പ്രതിപക്ഷകക്ഷികളുടെ ഒരുമ സാധ്യമല്ലെന്ന് ആസാദിന് അനുഭവമുണ്ട്.

പൊതുതാൽപര്യമുള്ള മേഖലകളിൽ ഇരു സഭകളിലും ബിജെപിക്കെതിരെ മറ്റു കക്ഷികളുടെ പരമാവധി പിന്തുണ നേടിയെടുക്കുകയാണു കോൺഗ്രസിനു മുന്നിലുള്ള ഒരു തന്ത്രം. മോദിസർക്കാരിനു ലോക്‌സഭയിൽ വളരെ ശക്തിയുണ്ടെങ്കിലും രാജ്യസഭയിൽ നിലവിൽ ഭൂരിപക്ഷമില്ല. 

കോൺഗ്രസ് തന്ത്രത്തിന്റെ രണ്ടാം ഭാഗം, മോദിയോട് സൗമ്യസമീപനം സ്വീകരിച്ചുവരുന്ന കക്ഷികൾ ഉന്നയിക്കുന്ന ചില പ്രത്യേക പ്രശ്നങ്ങൾ ഏറ്റെടുക്കലാണ്. ഉദാഹരണത്തിന് ആന്ധ്രയ്ക്കു പ്രത്യേകപദവി എന്ന വൈഎസ്ആർ കോൺഗ്രസിന്റെ ആവശ്യത്തെ കോൺഗ്രസ് പിന്തുണയ്ക്കേണ്ടിവരും.

ഈ ആവശ്യം കഴിഞ്ഞ ഭരണകാലത്തു മോദി തള്ളിയതാണ്. ഇതു പോലെ ബഹുജൻ സമാജ് പാർട്ടിയുമായി കടുത്ത ഭിന്നതകളുണ്ടെങ്കിലും സഭയിൽ അവർ ഒരു പ്രത്യേക വിഷയം ഉന്നയിക്കുമ്പോൾ കോൺഗ്രസ് കൂടെ നിൽക്കേണ്ടിവരും. എന്നാൽ, വിവിധ പ്രാദേശിക കക്ഷികൾക്കു കോൺഗ്രസിനോടുള്ള മനോഭാവത്തെ ആശ്രയിച്ചിരിക്കും ഇത്തരം നീക്കങ്ങളുടെ വിജയം.

ജൂലൈ 17 മുതൽ 19 വരെ അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കറുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ എന്നിവയിലാകും ലോക്സഭ. യഥാർഥ രാഷ്ട്രീയതന്ത്രങ്ങൾ ഉരുത്തിരിയുക 20ന് പാർലമെന്റിന്റെ ആദ്യ സമ്മേളനം ചേരുമ്പോഴാകും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com