sections
MORE

വിലാപം ബാക്കിവച്ച് കഠ്‌വ വിധി

SHARE

കഠ്‌വ - സമീപകാലത്തു രാജ്യം കേട്ട ഏറ്റവും നിസ്സഹായമായ നിലവിളിയുടെ പേരു കൂടിയാണത്. കൊടുംക്രൂരതയുടെ അങ്ങേയറ്റംവരെ അനുഭവിക്കേണ്ടിവന്ന ഒരു എട്ടു വയസ്സുകാരിയുടെ അശരണമായ ആ കരച്ചിൽ ഒരു ജനതയുടെ മുഴുവൻ ഉറക്കംകെടുത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ, ഈ സംഭവത്തിലുണ്ടായ വിധിക്കു നിർണായക പ്രാധാന്യമാണുള്ളത്. 

ജമ്മു കശ്മീരിലെ കഠ്‌വയിൽ ബാലികയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾക്കു മരണം വരെ തടവും ഒരു ലക്ഷം രൂപ വീതം പിഴയും, കുറ്റം മൂടിവയ്ക്കാനും തെളിവു നശിപ്പിക്കാനും കൂട്ടുനിന്നതിനു മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്ക് അഞ്ചു വർഷം തടവും അരലക്ഷം രൂപ വീതം

പിഴയുമാണ് പഠാൻകോട്ട് ജില്ലാ സെഷൻസ് കോടതി വിധിച്ചത്. മനുഷ്യരെന്നുപോലും പറയാൻ പറ്റാത്ത നരാധമർ ആ പാവം ഇടയബാലികയോടു ചെയ്തത് ഒരു കാലത്തും, ഒരു സാഹചര്യത്തിലും ആവർത്തിക്കാൻ പാടില്ലാത്തതാണ്. അതുകൊണ്ടുതന്നെ, മതിയായ ശിക്ഷയാണോ ഇതെന്നു സംശയിക്കുന്നവരും രാജ്യത്തുണ്ട്.

ന്യൂനപക്ഷ നാടോടി ഗോത്രവിഭാഗ കുടുംബത്തിലെ ബാലികയെ കഠ്‌വയിൽ കഴിഞ്ഞ വർഷം ജനുവരി പത്തിനാണു തട്ടിക്കൊണ്ടുപോയത്. കാണാതായ കുതിരകളെ കാട്ടിക്കൊടുക്കാമെന്നു പറഞ്ഞ് പ്രതികളിലൊരാളായ പതിനഞ്ചുകാരൻ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

കുട്ടിയെ ലഹരി നൽകി മയക്കിയശേഷം, അഞ്ചു പ്രതികൾ ദിവസങ്ങളോളം തടവിൽവച്ച് ലൈംഗികമായി പീഡിപ്പിച്ചു. പിന്നീടു മർദിച്ചുകൊലപ്പെടുത്തി വനമേഖലയിൽ ഉപേക്ഷിക്കുകയായിരുന്നു.

ബഖർവാല നാടോടികളെ കഠ്‌വ മേഖലയിൽനിന്നു ഭയപ്പെടുത്തി ഓടിക്കാൻ, മുഖ്യ പ്രതിയായ സാൻജിറാം ആസൂത്രണം ചെയ്തതാണ് ബാലികയെ തട്ടിക്കൊണ്ടുപോകലും പീഡനവും കൊലപാതകവും എന്നു കുറ്റപത്രത്തിൽ പറയുന്നുണ്ട്.

ബാലികയെ തടവിലാക്കി, കാമഭ്രാന്തിൽ പിച്ചിച്ചീന്തിയതിനുശേഷം കല്ലുകൊണ്ടു തലയ്ക്കിടിച്ചു കൊലപ്പെടുത്തിയ സംഭവം മൂന്നു മാസത്തിനുശേഷം മാത്രമാണു ദേശീയശ്രദ്ധയിലെത്തിയത്. നാടെങ്ങും പ്രതിഷേധമിരമ്പിയ  കൊടുംക്രൂര സംഭവത്തിൽ ഒരു വർഷത്തെ വിചാരണയ്ക്കൊടുവിലാണ് ഇപ്പോഴത്തെ വിധി.

സാൻജിറാമിന്റെ മകനെ ‘സംശയത്തിന്റെ ആനുകൂല്യം’ നൽകി വിട്ടയച്ചതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുകയാണ്.

ഈ സംഭവത്തിൽ കുറ്റം മൂടിവയ്ക്കാനും തെളിവു നശിപ്പിക്കാനും പൊലീസ് ഉദ്യോഗസ്ഥർതന്നെ കൂട്ടുനിന്നതാവട്ടെ, രാജ്യത്തെ ബാധിച്ച അതിഗുരുതരമായ ‘അഴിമതിരോഗ’ത്തിന്റെ തെളിവുമാണ്. ജീവപര്യന്തം തടവിനു കോടതി ശിക്ഷിച്ചവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. 

പ്രായപൂർത്തിയെത്താത്ത എട്ടാം പ്രതിയുടെ വിചാരണ ആരംഭിച്ചിട്ടില്ല. പ്രായം സംബന്ധിച്ച കേസ് സുപ്രീം കോടതിയിലാണ്. കൊടുംക്രൂരത ചെയ്തവരുടെ പ്രായക്കുറവ് ‘നിർഭയ’ സംഭവത്തിലെന്നപോലെ ഇവിടെയും പഴുതായിത്തീരുന്നു. ഇത്തരം കുട്ടിക്കുറ്റവാളികളുടെ അഴിഞ്ഞാട്ടം രാജ്യം നാളെ നേരിടേണ്ടിവന്നേക്കാവുന്ന കൊടുംഭീഷണിയുടെ സൂചനയാണ്. 

‘നിർഭയ’ സംഭവത്തിനുശേഷം ഇനിയൊരു മകളുടെയും അമ്മയുടെയും സഹോദരിയുടെയും ഭാര്യയുടെയും ദുരന്തകഥ രാജ്യമനഃസാക്ഷിയെ കരയിക്കരുതെന്നു നാം ആവർത്തിച്ചുറപ്പിച്ചിട്ടും ആശയറ്റ പെൺകരച്ചിലുകൾ ഇവിടെ ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.

രാജസ്ഥാനിലെ കോട്ടയിൽ, പീ‍ഡിപ്പിച്ചവർ നിർബന്ധപൂർവം വിഷദ്രാവകം കുടിപ്പിച്ച ആദിവാസി യുവതിയുടെ മരണവും യുപിയിലെ ഹാമിർപുരിൽ, 10 വയസ്സുള്ള ദലിത് ബാലികയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതും ഏറ്റവുമൊടുവിൽ, ഇക്കഴിഞ്ഞ ദിവസങ്ങളിൽ നാം കേട്ട ക്രൂരതകൾ. 

കഠ്‍വയിലെ ബാലികയെ പിച്ചിച്ചീന്തിയവർക്കു കോടതി എന്തു ശിക്ഷ കൊടുത്താലും, ഈ രാജ്യത്തെ 136 കോടി ജനങ്ങൾ ഒന്നിച്ചു മാപ്പിരന്നാലും, ആ പിഞ്ചോമന അനുഭവിച്ച വേദനയ്ക്കു പരിഹാരമാകില്ലെന്നു തീർച്ച. രാജ്യത്ത് മറ്റൊരു കൈ ഇങ്ങനെയൊരു കൊടുംക്രൂരകൃത്യത്തിനു മുതിരാതിരിക്കാൻ വേണ്ട കർശനനടപടികളെക്കുറിച്ച് അടിയന്തരമായി ഭരണകൂടം ആലോചിച്ചേതീരൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA