sections
MORE

ആതുരസേവനം മാനിക്കപ്പെടണം

SHARE

രോഗിയുടെ നെഞ്ചിലെ മിടിപ്പും സ്വന്തം ജീവന്റെ താളവും ഒന്നുതന്നെയാണെന്നു തിരിച്ചറിയുന്ന ഒട്ടേറെ ഡോക്‌ടർമാരുടെ പ്രതിബദ്ധതയെ മുൻനിർത്തിവേണം, രാജ്യത്തെ ആതുരമേഖലയിലുള്ള അസ്വാസ്ഥ്യത്തെ കാണാൻ.

അറിയാതെയുണ്ടാവുന്ന ചികിത്സപ്പിഴവിന്റെ പേരിലും മറ്റും ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയുമൊക്കെ ചീത്ത പറയാനും ആക്രമിക്കാനും മുതിരുന്നവർ എത്രയോ പേരുടെ സമർപ്പിതസേവനത്തെയാണ് അപമാനിക്കുന്നത്. 

കൈകാര്യം ചെയ്തതിലുള്ള താളപ്പിഴകൊണ്ടുമാത്രം ഒരു പ്രശ്നം രാജ്യത്തോളം വലുതായ സംഭവം നാമിപ്പോൾ കണ്ടതേയുള്ളൂ. കൊൽക്കത്തയിൽ രോഗി മരിച്ചതിനെത്തുടർന്നു ബന്ധുക്കൾ ഡോക്ടർമാരെ ആക്രമിച്ചതടക്കമുള്ള പ്രശ്നങ്ങൾ ചൂ‌‌ണ്ടിക്കാട്ടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) നേതൃത്വത്തിൽ ദേശവ്യാപക പ്രതിഷേധമാണ് അലയടിച്ചത്. 

കൊൽക്കത്തയിലെ എൻആർഎസ് മെഡിക്കൽ കോളജിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രി, എൺപത്തിയഞ്ചുകാരനായ രോഗി മരിച്ചതിനെത്തുടർന്നു ബന്ധുക്ക‌ൾ ഡോക്ടർമാരെ ഗുരുതരമായി ‌ആക്രമിച്ചതു പ്രതിഷേധത്തിനു തുടക്കമിട്ടു.

സമരത്തെ പിന്തുണച്ചു മറ്റു സംസ്ഥാനങ്ങളിലും ഡോക്ടർമാർ പ്രതിഷേധത്തിനിറങ്ങിയത് ആശുപത്രികളുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുകയും ചെയ്തു.

സമരത്തിന്റെ തുടക്കത്തിൽ ധാർഷ്ട്യത്തോടെ സംസാരിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സമീപനമാണ് സമരത്തെ ഇത്രയും വഷളാക്കിയതെന്നു പറയണം; പിന്നീടു മമതയ്ക്കു നിരുപാധിക കീഴടങ്ങൽ വേണ്ടിവന്നുവെങ്കിലും. 

ഡോക്ടർമാരടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ സുരക്ഷയുടെ പ്രാധാന്യം ഒരിക്കൽക്കൂടി ദേശീയ ശ്രദ്ധയിലെത്തിക്കാനും ബംഗാൾ സംഭവത്തിനായി. കൊൽക്കത്തയിൽ രോഗിയുടെ ബന്ധുക്കൾ ആക്രമിച്ചതിനെത്തുടർന്ന് തലയ്ക്കു സാരമായ പരുക്കേറ്റ ഡോക്ടർ തീവ്രപരിചരണ വിഭ‌ാഗത്തിലാണ്.

ആരോഗ്യരംഗത്തു ജോലി ചെയ്യുന്നവർക്കു തൊഴിലിടങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ നി‌യമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കത്തയയ്ക്കുകയുണ്ടായി.

ഇതിനിടെ, ഇത്തരം അതിക്രമങ്ങളിൽ കർശന നടപടി വേണമെന്നും ആശുപത്രികളിൽ ഡോക്ടർമാർക്കു മതിയായ സുരക്ഷ നൽകണമെന്നും മുഖ്യമന്ത്രിമാർക്ക് അയച്ച കത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ്‌ വർധൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ബംഗാളിൽ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമായതോടെയാണ് ഇന്നലെ സമരം അവസാനിച്ചത്.

യുദ്ധങ്ങളിൽപോലും ആശുപത്രികളും ആരോഗ്യപ്രവർത്തകരും ആക്രമിക്കപ്പെടാറില്ല. ഇതൊരു രാജ്യാന്തര ചട്ടമാണ്. എന്നാൽ, ഈ മേഖല ഇവിടെ നിരന്തരം അക്രമങ്ങൾക്ക് ഇരയാവുകയാണ്.

ആശുപത്രികളിൽനിന്നുള്ള സേവനം തൃപ്തികരമല്ലെങ്കിൽ പരാതി ഉന്നയിക്കാനും പരിഹാരം തേടാനും അവകാശമുണ്ട്. അതിനുവേണ്ട സംവിധാനങ്ങളും നിലവിലുണ്ട്. അതിനു മുതിരാതെ, പ്രതികരണം വൈകാരിക പ്രകടനങ്ങളാവുമ്പോഴാണ് ഇത്തരം അതിക്രമങ്ങളുണ്ടാവുന്നത്. 

ഉയർന്ന ചിന്താഗതിയുണ്ടെന്നു കരുതുന്ന കേരളത്തിൽപോലും ഇത്തരം സംഭവങ്ങൾ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും അടിക്കടി ഉണ്ടാവുന്നതു കഷ്ടംതന്നെ.

ഇത്തരം അതിക്രമങ്ങൾ, സാധാരണക്കാർക്ക് അഭയമായ സർക്കാർ ആശുപത്രികളിൽനിന്നു രോഗികളെ മാത്രമല്ല, ഡോക്ടർമാരെയും അകറ്റാൻ കാരണമാകും.

പരിമിത സൗകര്യങ്ങളിൽ, സാമൂഹികപ്രതിബദ്ധത കൊണ്ടുമാത്രം സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്നവരാണു മിക്ക ഡോക്ടർമാരും. ഒരു സാഹചര്യത്തിലും അവരുടെ ആത്മവിശ്വാസം തകർന്നുകൂടാ.

പരസ്പരവിശ്വാസത്തിലധിഷ്ഠിതമായ ഡോക്ടർ – രോഗി ബന്ധത്തിന് ഉലച്ചിൽ തട്ടാതിരിക്കാനും ശ്രദ്ധയുണ്ടാവണം. 

ചികിത്സയിലൂടെയും വാക്കിലൂടെയും സ്നേഹസ്പർശത്തിലൂടെയും രോഗികൾക്ക് ആശ്വാസം നൽകുന്ന നൂറുകണക്കിനു ഡോക്ടർമാർ നമ്മുടെ നാട്ടിലെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമുണ്ട്.

അവർ ചൊരിയുന്ന രോഗശാന്തിക്കും നീട്ടിത്തരുന്ന ആയുസ്സിനും രോഗികളും ബന്ധുക്കളും കടപ്പെട്ടിരിക്കുന്നു. ആതുരശുശ്രൂഷയെ ആരും തോൽപിക്കാതിരിക്കാൻ വേണ്ട ജാഗ്രത സർക്കാരിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ഉണ്ടായേതീരൂ.    

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA