ADVERTISEMENT

അന്ന് ജോലി നേരത്തേ അവസാനിപ്പിച്ചു പോകാൻ തുടങ്ങുമ്പോഴാണ് ഓൺലൈൻ ടാക്സി ഡ്രൈവർക്ക് ഒരു ഓട്ടം കൂടി ലഭിച്ചത്. പറഞ്ഞ സ്ഥലത്തെത്തി.

ഒരു വയോധികയാണു യാത്രക്കാരി. ചെറിയൊരു പെട്ടിയുമായി കാറിൽ കയറിയ അവർ പോകേണ്ട സ്ഥലം എഴുതിക്കൊടുത്തിട്ടു പറഞ്ഞു, പട്ടണം ചുറ്റി വേണം പോകാൻ. ദൂരം കൂടുതലുണ്ടെന്നു സൂചിപ്പിച്ചപ്പോൾ അവർ പറഞ്ഞു, താങ്കൾക്കു മറ്റ് തിരക്കുകളില്ലെങ്കിൽ എന്നെ സഹായിക്കുക. ഡ്രൈവർ സമ്മതിച്ചു. 

ഓരോ സ്ഥലവും എത്തുമ്പോൾ വയോധിക വിവരിക്കും – ഇത് ഞാൻ ആദ്യമായി ജോലി ചെയ്‌ത സ്ഥലം, ഇത് കല്യാണത്തിനു ശേഷം ആദ്യ നാളുകളിൽ തങ്ങിയ ഇടം, ഇത് ആദ്യ പ്രസവം നടന്ന ആശുപത്രി... ഒടുവിൽ അവരെ ഡ്രൈവർ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു – ഒരു വൃദ്ധമന്ദിരം! 

അവരോടു പണമൊന്നും വാങ്ങാതെ പോയ ഡ്രൈവർ തന്റെ ഡയറിയിൽ കുറിച്ചു: ആ സ്‌ത്രീക്ക് പോകാൻ തിരക്കുള്ള ഒരു ഡ്രൈവറെയാണു കിട്ടിയിരുന്നതെങ്കിൽ, അവർ പറഞ്ഞതൊന്നും ഞാൻ ശ്രദ്ധിക്കാതിരുന്നെങ്കിൽ എന്താകുമായിരുന്നു അവരുടെ അവസ്ഥ. ഞാൻ ധന്യനായി. 

ചെറിയ കാര്യങ്ങളുടെ മനോഹാരിതയാകും വലിയ കാര്യങ്ങളുടെ മാഹാത്മ്യത്തെക്കാൾ പ്രധാനം. മാനദണ്ഡങ്ങൾക്കനുസരി ച്ചു ചെയ്യുന്ന മഹനീയ പ്രവൃത്തികൾക്ക് ബഹുമതികൾ ലഭിച്ചേക്കാം. മനഃസാക്ഷിക്കനുസരിച്ചു ചെയ്യുന്ന പുണ്യങ്ങൾക്ക് പ്രാർഥനയാകും പകരം കിട്ടുക. 

നോട്ടിസ് വിതരണം ചെയ്തുള്ള കാരുണ്യപ്രവൃത്തികളെക്കാൾ, ആരുമറിയാതെ അനുദിന ജീവിതത്തിൽ തുടരുന്ന മനോഗുണ പ്രവൃത്തികൾക്കായിരിക്കും ഫലസിദ്ധി കൂടുതൽ.

പ്രൗഢി കാക്കൽ ചടങ്ങുകളിലെ പ്രധാനിയാകുന്നതിനെക്കാൾ നല്ലതല്ലേ, ആരുമില്ലാത്തവരുടെ ജീവിതത്തിലെ എല്ലാമാകുന്നത് – അത് കുറച്ചു സമയത്തേക്ക് ആണെങ്കിൽ പോലും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com