ADVERTISEMENT

തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസ് കമ്മിഷണറേറ്റുകൾ രൂപീകരിച്ച് മജിസ്റ്റീരിയൽ അധികാരം നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ എൽഡിഎഫിൽത്തന്നെ എതിർപ്പുയർന്നു. അത് ചൂടുള്ള ചർച്ചയായി മാറുന്നു. 

കമ്മിഷണർക്ക് മജിസ്റ്റീരിയൽ അധികാരം നൽകുന്നതോടെ അനാവശ്യ കാലതാമസങ്ങൾ ഒഴിവാകുമെന്നും അതല്ല, അധികാര ദുർവിനിയോഗത്തിനു വഴിയൊരുങ്ങുമെന്നും വാദങ്ങളുയരുന്നു.

അധികാര ദുർവിനിയോഗം;  വെറും ആശങ്ക: കെ.ജെ.ജോസഫ്

kjjoseph
കെ.ജെ.ജോസഫ്

ഉയർന്ന ജനസംഖ്യയുള്ളതും സങ്കീർണമായ പൊലീസിങ് ജോലിയുള്ളതുമായ നഗരങ്ങളിൽ മെട്രോപ്പൊലിറ്റൻ പൊലീസ് സമ്പ്രദായം ഉണ്ടായിരിക്കണമെന്നു നിയമം അനുശാസിക്കുന്നുണ്ട്.

അതിന്റെ തലവനായ കമ്മിഷണറിൽ ചില മജിസ്റ്റീരിയൽ അധികാരങ്ങൾ നിക്ഷിപ്തമായിരിക്കേണ്ടതുമുണ്ട്. കേരള പൊലീസ് നിയമത്തിലും ക്രിമിനൽ പ്രൊസീജ്യർ കോഡിലുമുള്ള പല അധികാരങ്ങളും ഇപ്പോൾ കയ്യാളുന്നത് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്ന നിലയ്ക്കു ജില്ലാ കലക്ടറാണ്.

ഇക്കൂട്ടത്തിൽ പൊലീസിന്റെ ദൈനംദിന പ്രവർത്തനത്തിന് ആവശ്യമായ മജിസ്റ്റീരിയൽ അധികാരങ്ങളുമുണ്ട്. കരുതൽ തടങ്കൽ, നിരോധനാജ്ഞ എന്നിവയിലെല്ലാം അന്തിമ ഉത്തരവ് നൽകുന്നത് ഇപ്പോൾ കലക്ടറാണ്.

എന്നാൽ ഈ അധികാരങ്ങളെല്ലാം പൊലീസിങ്ങുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഇവ ലഭിച്ചാൽ മാത്രമേ, പൊലീസ് കമ്മിഷണർ എന്ന പദവി അർഥവത്താവുകയുള്ളൂ. 

‘സിറ്റി എസ്പി’ എന്നു വിളിക്കേണ്ടവരാണ് ഇന്നു കമ്മിഷണർ എന്ന വിശേഷണത്തിൽ പല നഗരങ്ങളിലും ഇരിക്കുന്നത്. കോഴിക്കോട്ട് ഞാനും ഇരുന്നിട്ടുണ്ട്. കമ്മിഷണറുടെ അധികാരമില്ലാത്ത ഉദ്യോഗസ്ഥനു കമ്മിഷണർ എന്നു പേരിട്ടത് എന്തുകൊണ്ടാണെന്ന് ഇന്നും അറിയില്ല. 

പൊലീസിനു ലഭിക്കേണ്ട അധികാരം കലക്ടർ കയ്യാളുമ്പോൾ അനാവശ്യമായ താമസം പല അധികാര പ്രയോഗങ്ങളിലും ഉണ്ടാകുന്നുണ്ട്. പൊലീസുമായി ബന്ധപ്പെട്ട ജോലി കലക്ടറെ ഏൽപിക്കുമ്പോൾ, കലക്ടർക്ക് അതു പല ജോലികളിൽ ഒന്നു മാത്രമാണ്.

അതുകൊണ്ടുണ്ടാകുന്ന താമസം ജനത്തെയും ബാധിക്കുന്നുണ്ട്. മജിസ്റ്റീരിയൽ അധികാരം കമ്മിഷണർക്കു നൽകിയാൽ അതിന്റെ ദുർവിനിയോഗമുണ്ടാകുമെന്നത് ആശങ്ക മാത്രമാണ്. അധികാര ദുർവിനിയോഗം നടത്താനാണെങ്കിൽ ഇപ്പോഴുള്ള അധികാരംതന്നെ ധാരാളം. 

പൊലീസ് അധികാര ദുർവിനിയോഗം നടത്തിയാലും അതു തിരുത്താൻ കഴിവുള്ള ഭരണ, ഭരണഘടനാ സംവിധാനങ്ങളുള്ള സംസ്ഥാനമാണു കേരളം. മജിസ്റ്റീരിയൽ അധികാരത്തോടെ കമ്മിഷണറേറ്റ് വരുമ്പോൾ പൊലീസിനു കൂടുതൽ ഉത്തരവാദിത്തവും പക്വതയും വരുമെന്നാണു കരുതുന്നത്.

നിർണായക തീരുമാനങ്ങളുടെ പേരിൽ ഇനി സേനയ്ക്കു പുറത്ത് ആരെയും കുറ്റപ്പെടുത്താൻ കഴിയാതെ വരുമല്ലോ.

പൊലീസ് കമ്മിഷണറേറ്റ് എന്ന ആവശ്യം കേരള പൊലീസ് ഉന്നയിക്കാൻ തുടങ്ങിയിട്ട് 30 വർഷമെങ്കിലും ആയിക്കാണും. ഐഎഎസ് ഉദ്യോഗസ്ഥരുടെ എതിർപ്പാണു വൈകിച്ചത്.

സ്വന്തം അധികാരം കുറയുമെന്നു കരുതിയാണ് അവർ എതി‍ർക്കുന്നത്. ആ കാഴ്ചപ്പാടു മാറണം. വ്യക്തിപരമായ അധികാരപരിധിയുടെ അടിസ്ഥാനത്തിലല്ല, ഭരണക്രമത്തിന്റെ ഭാഗമായ പരിഷ്കാരം എന്ന നിലയ്ക്കു കാണാൻ കഴിയണം.

ഏഴു വർഷം സർവീസുള്ളവർക്കു ജില്ലാ കലക്ടർമാരാകാം. എന്നാൽ, മെട്രോപ്പൊലിറ്റൻ പൊലീസ് കമ്മിഷണറേറ്റുകളിൽ (കൊച്ചി, തിരുവനന്തപുരം) ഇപ്പോൾ കമ്മിഷണർമാരായി നിയമിച്ചിരിക്കുന്നത് 20 വർഷമെങ്കിലും സർവീസുള്ള, ഐജിമാരെയാണ്.

അവർ അനുഭവപരിചയം കൂടുതലുള്ളവരാണെന്നിരിക്കെ, ഒരാശങ്കയ്ക്കും അടിസ്ഥാനമില്ല. മജിസ്റ്റീരിയൽ അധികാരം നൽകാതിരുന്നാൽ, 20 വർഷത്തെ അനുഭവപരിചയമുള്ള കമ്മിഷണറുടെ ശുപാർശ 7 വർഷത്തെ അനുഭവപരിചയം മാത്രമുള്ള കലക്ടർ തള്ളുന്ന സ്ഥിതി ആലോചിക്കുക.

അതേസമയം, കമ്മിഷണറേറ്റ് ഇല്ലാത്തയിടങ്ങളിൽ മജിസ്റ്റീരിയൽ അധികാരം പൊലീസിനു നൽകാനും പാടില്ല. 

പൊലീസിൽ അധികാരം കേന്ദ്രീകരിച്ചാൽ അതിന്റെ ദുർവിനിയോഗം നടക്കുന്നതു രാഷ്ട്രീയ ഇടപെടലിലൂടെയാണ്. അതുകൊണ്ട് മജിസ്റ്റീരിയൽ അധികാരം ലഭിച്ചാൽ രാഷ്ട്രീയ നിഷ്പക്ഷത പുലർത്താൻ കമ്മിഷണർക്കു കഴിയണം.

സമൂഹത്തിന്റെ വിശ്വാസ്യത കൂടുതൽ ആർജിക്കുക എന്ന ഉത്തരവാദിത്തവും ഈ അധികാരം ലഭിക്കുമ്പോൾ പൊലീസിനുണ്ട്.

മജിസ്റ്റീരിയൽ അധികാരത്തോടെ കൊച്ചിയിലും തിരുവനന്തപുരത്തും പുതിയ കമ്മിഷണർമാർ വരുമ്പോൾ മറ്റു ജില്ലകളിൽ ഇപ്പോഴുള്ള കമ്മിഷണർമാരുടെ സ്ഥാനപ്പേരു മാറ്റണം. 

(മുൻ ഡിജിപിയാണു ലേഖകൻ) 

സന്തുലിതാവസ്ഥ  തകർക്കരുത്: ജോൺ മത്തായി

johnmathaii
ജോൺ മത്തായി

പൊലീസിന്റെ നടപടികൾക്കു മേൽനോട്ടം വഹിക്കാൻ ഒരു സിവിൽ അതോറിറ്റി വേണമെന്ന അടിസ്ഥാനതത്വത്തെ തകിടം മറിയ്ക്കുന്നതാണ്, പൊലീസിനു മജിസ്റ്റീരിയൽ അധികാരങ്ങൾ നൽകാനുള്ള സർക്കാർ നീക്കം.

‘ചെക് ആൻഡ് ബാലൻസ്’ എന്ന രീതിയാണ് കാലങ്ങളായി സിവിൽ അതോറിറ്റി പിന്തുടരുന്നത്. ഓരോ ഭരണവിഭാഗത്തിന്റെയും നീക്കങ്ങൾ പരസ്പരം പരിശോധിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുന്നതിലൂടെയാണ് ജനാധിപത്യം പുലരുന്നത്.

ഈ സന്തുലിതാവസ്ഥ  നഷ്ടപ്പെട്ടാൽ അധികാരദുർവിനിയോഗമുണ്ടാകും. ജാലിയൻവാലാബാഗ് സംഭവത്തിൽ വെടിവയ്ക്കാൻ ഉത്തരവിട്ട ബ്രിഗേഡിയർ ജനറൽ റെജിനൾഡ് ഡയറിനു മുകളിൽ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥനുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ, അത്തരമൊരു കൂട്ടക്കുരുതി ഉണ്ടാകുമായിരുന്നില്ല.

ജനറൽ ഡയർ എല്ലാറ്റിന്റെയും പരമാധികാരിയായതുകൊണ്ടാണ് അതു സംഭവിച്ചത്. 

കമ്മിഷണർമാർ താരതമ്യേന സ്ഥലത്തെ കലക്ടർമാരെക്കാർ സീനിയറാണ്. ആറോ ഏഴോ വർഷം സർവീസുള്ളവരാണ് പലപ്പോഴും കലക്ടർമാർ, 20 മുതൽ 30 വർഷം സർവീസുള്ളവരാണ് പലയിടത്തും കമ്മിഷണർമാർ. എങ്കിലും സിവിൽ പരിശോധനയിൽ കലക്ടർ ഒറ്റയ്ക്കല്ല തീരുമാനമെടുക്കുന്നത്.

ജില്ലാ പ്ലീഡർമാരുൾപ്പെടെയുള്ളവരിൽ നിന്ന് അഭിപ്രായം തേടിയാണ് കലക്ടർ ഒരു തീരുമാനത്തിലേക്ക് എത്തുന്നത്. ഗുണ്ടാ ആക്ട് പോലെയുള്ളവയിൽ പൊലീസിന്റെ സമീപനമായിരിക്കില്ല കലക്ടറുടേത്.

മനുഷ്യാവകാശം ഉറപ്പുവരുത്തുന്നതിൽ പ്രധാന പങ്ക് ഈ രീതിക്കുണ്ട്.അധികാരം കേന്ദ്രീകൃതമാകുമ്പോൾ അതു വ്യക്ത്യാധിഷ്ഠിതമാകും. 

നിയമസംവിധാനത്തിൽ അൽപം കാലതാമസമുണ്ടായാലും മനുഷ്യാവകാശം സംരക്ഷിക്കപ്പെടുന്നുണ്ട് എന്നുറപ്പാക്കുന്നതാണ് ജനാധിപത്യം. അനാവശ്യമായ തിടുക്കം ഗുണം ചെയ്യില്ല. ജില്ലാ ഭരണാധികാരിയും കമ്മിഷണറേറ്റും തമ്മിൽ നല്ല അടുപ്പമുണ്ടാവുകയാണ് ഈ കാലതാമസം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം.

ഓരോ മാസവും നിശ്ചിതസമയത്ത് ഇരുവരും കൂടിക്കാഴ്ച നടത്തണമെന്നു ചട്ടമുണ്ടെങ്കിലും പലപ്പോഴും നടക്കാറില്ല. ഇവർ തമ്മിൽ സുഹൃത്തുക്കളായിരിക്കുന്നതാണ് ഉചിതം. 90 ശതമാനവും അങ്ങനെയാണെങ്കിലും ചില വ്യക്തികൾ ഇതിന് അപവാദമാണ്.

പലപ്പോഴും കലക്ടർമാർ ജൂനിയറായതിനാൽ സീനിയറായ പൊലീസ് ഉദ്യോഗസ്ഥർ ഇത്തരം മീറ്റിങ്ങുകൾക്ക് പോകാത്ത അവസ്ഥയുമുണ്ട്. എത്ര നിരാകരിച്ചാലും സീനിയോറിറ്റി പ്രശ്നം നിയമനിർവഹണത്തിൽ പലപ്പോഴും തടസ്സമാകുന്നുവെന്ന വാദം ശരിയാണ്.

കോട്ടയത്ത് കലക്ടറായിരുന്ന കാലത്ത് പാലാ സെന്റ് തോമസ് കോളജിൽ വിദ്യാർഥിപ്രക്ഷോഭം നടക്കുകയാണ്. രാവിലെ മുതൽ വിദ്യാർഥികൾ റോഡിലിറങ്ങി വാഹനങ്ങൾ തടയുന്നു. രാവിലെ ഒൻപതു വരെ ഞാൻ സ്ഥലത്തുണ്ടായിരുന്നു. അത്രയും നേരം ഒരു കുഴപ്പവുമില്ലായിരുന്നു.

ഞാൻ സ്ഥലത്തുനിന്നു പോയ ശേഷം ഡിവൈഎസ്പി കോളജിനകത്തു കയറി ക്രൂരമായ ലാത്തിച്ചാർജ് നടത്തി. അന്നത്തെ മുനിസിപ്പൽ ചെയർമാന്റെ തല തല്ലിത്തകർത്തു.

മുഖ്യമന്ത്രി സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഒരു സിവിൽ അതോറിറ്റിയായിരുന്നു ആ സമയത്തവിടെ ഉണ്ടായിരുന്നതെങ്കിൽ പ്രശ്നത്തിൽ സംയമനം പാലിക്കുമായിരുന്നു. 

ആഭ്യന്തര സെക്രട്ടറിയുണ്ടെന്നു പറയുമ്പോഴും സംസ്ഥാനതലത്തിലുള്ള നയപരമായ തീരുമാനങ്ങളിലാണല്ലോ അദ്ദേഹം ഇടപെടുന്നത്. ദൈനംദിന പ്രവൃത്തികളിൽ ജനങ്ങളുമായി കൂടുതൽ ഇടപെടുന്നത് പൊലീസ് അധികാരികളും ജില്ലാ ഭരണകൂടങ്ങളുമാണല്ലോ.

മജിസ്റ്റീരിയൽ അധികാരങ്ങളുള്ള കമ്മിഷണറേറ്റിന് ഗുണങ്ങളും അതുപോലെ തന്നെ ദോഷങ്ങളുമുണ്ടാകും. ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ ലംഘിക്കപ്പെടുന്നുണ്ടെങ്കിൽ അതു ഗൗരവകരമായി പരിഗണിക്കണം.

(മുൻ ചീഫ് സെക്രട്ടറിയാണു ലേഖകൻ)  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com