ADVERTISEMENT

അടുത്ത വർഷത്തെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച ഡോണൾഡ് ട്രംപ്, വിജയം ആവർത്തിക്കാൻ നോട്ടമിടുന്നത് കർഷകക്ഷേമ പദ്ധതികൾ.

ഇന്ത്യയിൽ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി സർക്കാരും കോൺഗ്രസും കർഷകസഹായ പദ്ധതികൾ പ്രഖ്യാപിച്ചതിനു സമാനമാണ് ട്രംപിന്റെ കർഷകരക്ഷാ പദ്ധതികളും. 1200 കോടി ഡോളറാണ് പദ്ധതിക്കായി ട്രംപ് പ്രഖ്യാപിച്ചത്. ആദ്യഘട്ടമായി 600 കോടി ഡോളർ അനുവദിക്കുകയും ചെയ്തു. 

ഇറക്കുമതി കുറയ്ക്കുകയും അമേരിക്കൻ ഉൽപന്നങ്ങളുടെ ഉൽപാദനം വർധിപ്പിക്കുകയുമാണു ലക്ഷ്യം. രാജ്യാന്തര വാണിജ്യക്കരാറിന്റെ ലംഘനമായ ഈ നടപടി ആദ്യഘട്ടത്തിൽ അമേരിക്കൻ കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതിയെ ബാധിക്കും.

അതുവഴി കർഷകർക്കുണ്ടാകുന്ന നഷ്ടം നികത്താനാണ് ഉത്തേജക പാക്കേജ്. കുറെ നാൾ കഴിയുമ്പോൾ കയറ്റുമതി പഴയ നിലയിലേക്കെത്തുമെന്നാണു ഭരണകൂടത്തിന്റെ പ്രതീക്ഷ. 

അമേരിക്കൻ ഉൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഇറക്കുമതി ചുങ്കം കുറയ്ക്കണമെന്നാണ് യുഎസ് ആവശ്യം. വാണിജ്യക്കരാറിന്റെ പ്രസക്തിതന്നെ ഇല്ലാതാക്കുന്ന നടപടികളാണിവ.

യുഎസിനു ഗുണകരമല്ലാത്ത കരാറിനെ ഉലയ്ക്കുകവഴി, രാജ്യത്തിനു ഗുണമുള്ളതിനെ മാത്രം പിന്തുണയ്ക്കുക എന്നതാണു നയം. ഇതു രാജ്യാന്തരതലത്തിൽ സ്വീകരിക്കപ്പെട്ടാലും ഇല്ലെങ്കിലും യുഎസിലെ സാധാരണക്കാരുടെ ഇടയിൽ ഏറെ പിന്തുണ ലഭിക്കുന്നതാണ്.

സാമ്പത്തിക ഉണർവിനായി ട്രംപ് ഭരണകൂടം ദ്വിമുഖ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത് – വ്യവസായങ്ങളുടെ വളർച്ച, അടിസ്ഥാന സൗകര്യങ്ങളുടെ പുനരുദ്ധാരണം. ഇതിലൂടെ സാമ്പത്തികരംഗത്തു പുത്തനുണർവുണ്ടായതായി ട്രംപിന്റെ വിമർശകരും സമ്മതിക്കുന്നുണ്ട്.

തൊഴിലില്ലായ്മ കുറയുകയും ആഭ്യന്തരവിപണിയിൽ ഉണർവുണ്ടാകുകയും ചെയ‌്തു. 2010ൽ തൊഴിലില്ലായ്മ 9.6 ശതമാനമായിരുന്നെങ്കിൽ 2019 മേയിൽ 3.6 ശതമാനമായി കുറഞ്ഞു. 2020ൽ ഇതു 3 ശതമാനമായി കുറയുമെന്നാണു വിലയിരുത്തൽ. 

ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള ഉൽപന്നവരവു കുറഞ്ഞു. ഇതോടെ യുഎസിൽ തകർച്ചയിലായിരുന്ന വ്യവസായങ്ങൾക്ക് ഉണർവു വന്നിട്ടുണ്ട്.

കൃഷി, ഭക്ഷ്യം, ജലവിഭവം, വേസ്റ്റ് മാനേജ്മെന്റ് തുടങ്ങി 21 മേഖലകളിൽ വളർച്ച ഉണ്ടായതായി ട്രംപ് ഭരണകൂടം അവകാശപ്പെടുന്നു. ദേശീയവാദത്തിനു പിൻബലമായി ഈ വികസന കാർഡുമായിട്ടായിരിക്കും ട്രംപ് വോട്ടർമാരിലേക്ക് ഇറങ്ങുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com