ADVERTISEMENT

കഴിഞ്ഞ പ്രളയത്തിന്റെ ദുരിതക്കയത്തിൽനിന്നു നമ്മളെ കൈപിടിച്ചുയർത്തേണ്ട  ഭരണസംവിധാനം എന്താണു ചെയ്യുന്നത് ?  എത്രത്തോളമായി കേരളത്തിന്റെ പുനഃസൃഷ്ടി ?  സകലതും നഷ്ടപ്പെട്ടവർ ഇപ്പോൾ ജീവിക്കുന്നതെങ്ങനെയാണ് ..? 

ഇത്രമേൽ അനാഥരാക്കപ്പെട്ട മനുഷ്യർ

∙ നോക്കുമ്പോൾ കാണില്ല; പുറമ്പോക്കിലാണ്

പ്രളയം തകർത്ത മാത്തൂർവയലിൽ ഇപ്പോഴും കുറെ നരകജീവിതങ്ങളുണ്ട്. രണ്ടുവശത്തുനിന്നും പുഴ കരകവിഞ്ഞെത്തി കിടപ്പാടം നഷ്ടപ്പെട്ടവർ.

സർക്കാർ രേഖകൾ പ്രകാരം ഇവർ പുറമ്പോക്കുകാരാണ്. ദൂരെയേതോ നാട്ടിൽനിന്ന് വളരെ പണ്ട് വയനാട്ടിലെത്തിയവർ. അക്കൂട്ടത്തിലൊരാളാണ് മാത്തൂർവയൽ ആറ്റുപുറമ്പോക്കിൽ താമസിക്കുന്ന എഴുപത്തിനാലുകാരിയായ പൊന്നമ്മ. 

ശരീരം അരയ്ക്കു കീഴ്പോട്ട് തളർന്നുപോയിരിക്കുന്നു. സഹായം ചോദിച്ച് സർക്കാർ ഓഫിസുകളിൽ പോകാനാവില്ല ഇവർക്ക്. അപേക്ഷ പൂരിപ്പിച്ചു നൽകേണ്ടതെങ്ങനെയെന്നുപോലും അറിയില്ല.

തമിഴ്‌ചുവയുള്ള മലയാളത്തിലാണു സംസാരം. ‘ഏതൊക്കെയോ കുറെ സംഘടനക്കാർ വന്ന് പാത്രങ്ങളും പുതപ്പുകളും തന്നുപോയി. ഒരു പള്ളീലച്ചൻ വന്ന് വീൽചെയറും തന്നു. ഷെഡ് മേഞ്ഞു. മറ്റു സഹായങ്ങളൊന്നും ലഭിച്ചില്ല’- പൊന്നമ്മ പറയുന്നു. 

ചുവന്ന ബോർഡ് വച്ച സർക്കാർ വണ്ടികൾ റോഡരികിലൂടെ പോകുമ്പോഴൊക്കെ വീൽചെയർ ഉരുട്ടി പൊന്നമ്മ മുറ്റത്തേക്കു വന്നുനിന്നു കൈകാണിക്കും.

എന്നാൽ, അവയിലൊന്നുപോലും പുറമ്പോക്കിലെ അവരുടെ കൂരയ്ക്കു മുൻപിൽ ഇതുവരെ നിർത്തിയിട്ടില്ല. പൊന്നമ്മ കാത്തിരിപ്പു തുടരുകയാണ്. 

പുനരധി‘വാസം’ പാറപ്പുറത്ത്!

lp2
മയിലാടുംപാറ അതിരപ്പിള്ളി, തൃശൂർ

അതിരപ്പിള്ളി വാഴച്ചാലിനും മലയ്ക്കപ്പാറയ്ക്കുമിടയിലെ മയിലാടുംപാറയിൽ കുടിൽകെട്ടി കിടക്കുന്നത് 24 കുടുംബങ്ങളിലെ എൺപത്തഞ്ചോളം പേർ. കഴിഞ്ഞ പ്രളയകാലത്ത് ഇവരുടെ ആനക്കയം കോളനിക്കരികിൽ വൻ  ഉരുൾപൊട്ടലുണ്ടായി.

കോളനിയുടെ ഒരുഭാഗം ഒലിച്ചു പോയി. ഒഴുകിപ്പാഞ്ഞ ചെളിവെള്ളത്തിലൂടെ പാടുപെട്ടാണ് ഇവർ പുറത്തേക്കു രക്ഷപ്പെട്ടത്.

ഷോളയാർ പിഡബ്ല്യുഡി ക്വാർട്ടേഴ്സിൽ നാലുമാസം. വീടിന്റെ കാര്യം അന്വേഷണം നടക്കുന്നുവെന്നു വനം, റവന്യു ഉദ്യോഗസ്ഥരൊക്കെ പറഞ്ഞു.

പക്ഷേ, കാര്യങ്ങൾ നീങ്ങുന്നില്ലെന്നു കണ്ടപ്പോൾ മൂപ്പൻ ആനക്കയം കോളനിയിലെ ബാക്കി വീടുകൾ പോയി നോക്കി. എല്ലാം ആനക്കൂട്ടം കയറി നശിപ്പിച്ചിരിക്കുന്നു. അവിടേക്കും പോകാനാവില്ല.

പിന്നെയും കുറച്ചുനാൾകൂടി അധികാരികളുടെ സംരക്ഷണയിൽ കഴിഞ്ഞു. ഒടുവിൽ, എല്ലാവരെയും കൂട്ടി ഈ പാറപ്പുറത്തേക്കു താമസം മാറ്റി.പകുതി കുടുംബങ്ങൾ മുക്കംപുഴ വനംവകുപ്പ് ഓഫിസ് പരിസരത്തെ പാറപ്പുറത്തും തമ്പടിച്ചിട്ടുണ്ട്.

കാട്ടാന നാലുതവണ പരിസരത്തുവന്നു. രാത്രിയിൽ പുലിയുടെയും കരടിയുടെയുമൊക്കെ ശബ്ദങ്ങൾ കേൾക്കാം. പാറപ്പുറത്തു തീകൂട്ടിയിടുക എന്നതു മാത്രമാണ് ഏക പോംവഴി. പാറയ്ക്ക് നേരെ എതിർവശത്തു കാട്ടിലാണ് രാമൻ മൂപ്പന്റെ  കുടിൽ.

ഇവിടെയാകുമ്പോൾ എല്ലാ വീടുകളിലേക്കും നോട്ടമെത്തും. രാത്രിയിൽ എന്തെങ്കിലും ശബ്ദം  കേട്ടാൽ മൂപ്പന് ആധിയാണ്. കുടിലുകളിൽ കൊച്ചുകുട്ടികൾ വരെയുണ്ട്.വീടുകൾ നിർമിക്കാൻ പറ്റിയ സ്ഥലം  ‘ഇപ്പോഴും’ അന്വേഷിച്ചുകൊണ്ടിരിക്കുകയാണു വനം വകുപ്പ്.

ആദ്യം സ്ഥലം കണ്ടെത്തണം. പിന്നെ  പതിച്ചു നൽകാനുള്ള ഫയലുകൾ നീങ്ങണം. ശേഷം വീടു നിർമിക്കണം. ഇതാണു വേഗമെങ്കിൽ എന്തായാലും വർഷങ്ങളെടുക്കും. ഒന്ന് ഇവർ ഉറപ്പിച്ചു പറയുന്നു: എന്തായാലും ഇനി ക്യാംപിലേക്കില്ല.

വീടായിട്ടേയുള്ളൂ മാറ്റം. അതുവരെ ഈ പാറപ്പുറമാണ് ഇവരുടെ ഗ്രാമം. ആനയെയും പുലിയെയും പേടിയില്ലാത്ത ഇവർക്ക് ‘ഒച്ചി’നെയാണ് ഇപ്പോൾ പേടി. ഒച്ചിനെപ്പോലെ ഇഴയുന്ന ഫയലുകളെ... 

അത്രമേൽ വേണ്ടപ്പെട്ട കെട്ടിടം!

building2

കൽസാർ ഹീതർ ടവർ, പുന്നൻ റോഡ്,  തിരുവനന്തപുരം. (സെക്രട്ടേറിയറ്റിൽനിന്ന് 100 മീറ്റർ )

പ്രളയാനന്തരം സൃഷ്ടിക്കാനിരിക്കുന്ന നവകേരളത്തിന്റെ ‘കൺട്രോൾ ഓഫിസ്’ ആണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കാനിരിക്കുന്നത് – റീബിൽഡ് കേരള മിഷൻ. പണിതീർന്ന് 5 വർഷമായ കെട്ടിടമാണെങ്കിലും പുതിയതാണ്. പലനിലകളുണ്ട്.

അതിൽ ചിലതാണ് മിഷന്റെ ഓഫിസിനായി നീക്കിവച്ചിട്ടുള്ളത്. ആധുനിക സംവിധാനങ്ങളാണ് ഈ ഓഫിസിലുണ്ടാവുക.

അത് അങ്ങനെ തന്നെ വേണം. പുതിയ കേരളം പണിയുകയാണല്ലോ ലക്ഷ്യം, അപ്പോൾ, എല്ലാം പുതിയതാവട്ടെ. പുതിയ തുടക്കമാകട്ടെ. 

പക്ഷേ, ചെറിയൊരു പ്രശ്നമുണ്ട്. 

ഇതുവരെ സെക്രട്ടേറിയറ്റിൽ തന്നെ പ്രവർത്തിച്ചിരുന്ന ഓഫിസാണ് റീബിൽഡ് കേരളയുടേത്. സെക്രട്ടേറിയറ്റിൽ വേണമെങ്കിൽ ഇനിയും കൂടുതൽ സ്ഥലം ഒഴിവുമുണ്ട്. അങ്ങനെയിരിക്കെയാണ് 100 മീറ്റർ അകലെ പുതിയ കെട്ടിടം കണ്ടെത്തുന്നത്.

പുതിയ കെട്ടിടം എന്നു പറയുമ്പോൾ സർക്കാരിന്റെ തന്നെയല്ലേ പിന്നെന്താ എന്നു നിഷ്കളങ്കമായി സംശയിക്കാൻ വരട്ടെ. അവിടെയാണ് കളി! 

31 വീടുകളുടെ പണം

സർക്കാർ കണക്കനുസരിച്ച് പ്രളയത്തിൽ തകർന്ന ഒരു വീട് പുനർനിർമിക്കാൻ ചെലവ് 4 ലക്ഷം രൂപ. വീടുപണിയാൻ സർക്കാർ പ്രളയബാധിതർക്കു നൽകുന്ന തുകയും ഇതു തന്നെ. ഒന്നേകാൽ കോടി രൂപയുണ്ടെങ്കിൽ 31 വീടുകൾ നിർമിക്കാം. 

ഇൗ ഒന്നേകാൽ കോടിയുടെ കണക്കു പ്രത്യേകം ശ്രദ്ധിക്കണം. റീബിൽഡ് കേരള മിഷനായി സർക്കാർ കണ്ടെത്തിയ കെട്ടിടം സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്.

ഏതോ സ്വകാര്യ സംരംഭകരുടേതല്ല. സിപിഎമ്മിനും സർക്കാരിനും അത്രമേൽ  വേണ്ടപ്പെട്ട ലോ അക്കാദമിയുടെ കൂടി ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം! 2 വർഷത്തേക്ക് 30 ലക്ഷം രൂപയാണ് കെട്ടിടത്തിനു വാടകയായി നൽകേണ്ടി വരിക. അതായത്, പ്രതിമാസം 1.25 ലക്ഷം രൂപയോളം. 

ഇതു ചെറുത്, വാടകയ്ക്കെടുത്ത സ്വകാര്യ കെട്ടിടത്തിൽ നവീകരണ പ്രവർത്തനങ്ങൾക്കായി പൊടിക്കുന്നത് 88 ലക്ഷം രൂപ! എയർ കണ്ടിഷൻ സഹിതമുള്ളതിനാൽ വൈദ്യുതി ചാർജായി ലക്ഷങ്ങൾ വേറെയും. 31 വീടുകൾ നിർമിക്കാനുള്ള പണം; നമ്മൾ നികുതിദാതാക്കളുടെ പണം.  

എന്തുകൊണ്ട് ? 

തലസ്ഥാന നഗരിയി‍ൽ കണ്ണായ സ്ഥലത്തായിട്ടു പോലും നിർമാണം പൂർത്തിയാക്കി 5 വർഷം കഴിഞ്ഞിട്ടും മുറികൾ പൂർണമായി വിറ്റുപോയിട്ടില്ല ഈ കെട്ടിടത്തിൽ.

ഇതു സംബന്ധിച്ചുയർന്ന ആരോപണങ്ങളും വിവാദങ്ങളുമാണു കാരണം. ഇവിടെ ഒരു സർക്കാർ ഓഫിസ് എത്തേണ്ടത് ആരുടെ ആവശ്യമായിരുന്നു? റീബിൽഡ് കേരള ഓഫിസ് ഇവിടേയ്ക്കു മാറ്റാൻ തീരുമാനിച്ചതിനു പിന്നാലെ മുന്നാക്ക വികസന കോർപറേഷന്റെ ഓഫിസും ഇവിടേയ്ക്കു മാറാൻ അനുമതി തേടിക്കഴിഞ്ഞു. പിന്നാലെ ഒട്ടേറെ ഓഫിസുകൾ എത്തുമെന്നുറപ്പ്.

ടെൻഡർ പോലുമില്ലാതെയാണ് അതിവേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി റീബിൽഡ് കേരള ഓഫിസ് ഇൗ കെട്ടിടത്തിലേയ്ക്കു മാറ്റുന്നത്.

മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവർത്തിക്കുന്ന ബ്ലോക്കിലെ ഒന്നാം നിലയിലും അനക്സ് 2 കെട്ടിടത്തിലും ചീഫ് സെക്രട്ടറിയുടെ ഓഫിസിനു സമീപത്തും സ്ഥലം ഒഴിഞ്ഞു കിടക്കുമ്പോഴാണ് ചില ഉദ്യോസ്ഥർക്ക് ലോ അക്കാദമി കെട്ടിടത്തിലേയ്ക്കു തന്നെ ചേക്കേറണമെന്ന വാശി.

പട്ടികകൾക്ക് പുറത്താണ് 

lp4
കുഞ്ഞിത്തൈ വടക്കേക്കര എറണാകുളം

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ വടക്കേക്കര പഞ്ചായത്തിൽപ്പെട്ട കുഞ്ഞിത്തൈയിലെ ഇളയിടത്ത് ബാബു(59)വിന്റെ വീടിന്റെ മേൽക്കൂരയും ചുമരുകളുമൊക്കെ വിണ്ടുകീറി.

മേൽക്കൂരയ്ക്കു പകരം, പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയാണു താമസം. വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണിയെടുത്താണു കഴിയുന്നത്. ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാൽ, പ്രളയബാധിതർക്കു ലഭിച്ച ദുരിതാശ്വാസ തുകയായ 10,000 രൂപ പോലും ബാബുവിനു ലഭിച്ചില്ല. പിന്നീട് ബാങ്ക് അക്കൗണ്ട് എടുത്തു.

മേൽക്കൂര പൂർണമായി തകർന്ന, ചുമരുകൾ വിണ്ടുകീറി വാസയോഗ്യമല്ലാതായ വീടിന് 75% തകരാറാണ് ആദ്യഘട്ടത്തിൽ കണക്കെടുക്കാനെത്തിയവർ കണ്ടെത്തിയത്.

75% മുതൽ 100% വരെ തകരാർ സംഭവിച്ചവരുടെ വീടുകളുടെ പുനഃപരിശോധന കഴി​ഞ്ഞപ്പോൾ, ബാബുവിന്റെ പേരു പോലും പട്ടികയിലില്ലാതായി. ബാബുവിന് ഇതുവരെ ലഭിച്ചത് 0 രൂപ, 0 പൈസ.

തയാറാക്കിയത്: കെ. ജയപ്രകാശ് ബാബു, സന്തോഷ് ജോൺ തൂവൽ, എസ്.വി. രാജേഷ്, മിന്റു പി .ജേക്കബ്, വി.ആർ. പ്രതാപ്, എം.എ. അനൂജ് ,ഷിന്റോ ജോസഫ്, ജിക്കു വർഗീസ് ജേക്കബ്

ചിത്രങ്ങൾ: ഉണ്ണി കോട്ടയ്ക്കൽ, ജോസുകുട്ടി പനയ്ക്കൽ, റസൽ ഷാഹുൽ. 

സങ്കലനം: കെ.ടോണി ജോസ്, പ്രവീൺദാസ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com